ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന വ്യാമോഹത്തിലാകാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ തിരംഗ ടിവി എന്ന പേരില്‍ ചാനല്‍ തുടങ്ങിയത്. അങ്ങനെ തന്നെയാകാം കപില്‍ സിബല്‍ ചിന്തിച്ചിരിക്കുകയെന്നതിന് ഉത്തമ ദൃഷ്ടാന്തവും കണ്ടു തുടങ്ങി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന് ശേഷം തന്റെ ചാനലിലേയ്‌ക്ക് കപില്‍ എത്തി നോക്കിയിട്ടു പോലുമില്ല. ഇപ്പോഴിതാ കൂട്ട പിരിച്ചുവിടലും.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തുടങ്ങിയ ഈ ചാനല്‍ ഒരു മാസത്തെ ശമ്പളം മാത്രം നല്‍കിയാണ് തൊഴിലാളികളെ പിരിച്ചു വിടുന്നതെന്നാണ് ആക്ഷേപം. പിരിച്ചുവിടപ്പെട്ട മാധ്യമത്തൊഴിലാളികള്‍ ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.
പിരിച്ചുവിടുമ്പോള്‍ മൂന്നുമാസത്തെ ശമ്പളം നല്‍കി വേണം അത് ചെയ്യാനെന്ന ചട്ടം പോലും ലംഘിച്ചാണ് കപില്‍ സിബലിന്റെ നടപടി. പുറത്താക്കപ്പെട്ട തൊഴിലാളികള്‍ ‘Fired Employee Tiranga TV’ എന്ന പേരില്‍ ട്വിറ്ററില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
കപില്‍ സിബലിനെ ടാഗ് ചെയ്താണ് തൊഴിലാളികള്‍ തങ്ങള്‍ നേരിടുന്ന അനീതിയെക്കുറിച്ച് പറയുന്നത്. മാനേജ്‌മെന്റിലെ മറ്റൊരാളും തങ്ങളുടെ ആവലാതി കേള്‍ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സിബലിനെ നേരില്‍ കാണണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. തൊഴിലാളികള്‍ തങ്ങളുടെ ട്വീറ്റുകളില്‍ കോണ്‍ഗ്രസ്സിന്റെയും രാഹുല്‍ ഗാന്ധിയുടെയും എഡിറ്റേഴ്‌സ് ഗില്‍ഡിന്റെയും ബിജെപി ഫോര്‍ ഇന്ത്യയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകളെ ടാഗ് ചെയ്യുന്നുണ്ട്.
ഹാര്‍വസ്റ്റ് ടിവി എന്ന പേരിലാണ് തിരംഗ ടിവി ആദ്യം തുടങ്ങിയത്. കേരളത്തില്‍ നിന്നുമുള്ള ഒരു ക്രിസ്ത്യന്‍ ഇവാന്‍ജലിസ്റ്റ് ചാനല്‍ നിലവിലുള്ളതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനായി തിരംഗ എന്ന പേരിലേക്ക് മാറുകയായിരുന്നു. ആദ്യത്തെ ഹാര്‍വസ്റ്റ് ടിവിക്കാര്‍ കേസിനു പോകുകയും ചെയ്തിരുന്നു. ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ ചാനലിനോട് സഹകരിച്ചിരുന്നു.
സ്ഥാപനം രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമെന്ന് തുടക്കത്തില്‍ കപില്‍ സിബല്‍ നേരിട്ട് ഉറപ്പു തന്നിരുന്നെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം തങ്ങളോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് തൊഴിലാളികള്‍ വിമര്‍ശിക്കുന്നു.
















