കൊല്ലം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാർത്ഥിനിയെ വിട്ടിൽക്കയറി കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. ശൂരനാട് തെക്ക് ആയിക്കുന്നം ചിരണിയ്ക്കൽ അനന്തു (20) ആണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. പെൺകുട്ടി സ്ഥിരമായി സ്കൂളിലേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഇയാൾ.
അടിവയറ്റിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 2.15നാണ് സംഭവം. മതിൽ ചാടിക്കടന്ന് എത്തിയ അനന്തു, പെൺകുട്ടിയുടെ വിടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിൽ കയറി ടെറസിൽ എത്തുകയായിരുന്നു. തുടർന്ന് ഇയാൾ മുകളിലത്തെ വാതിലിലൂടെ അകത്ത് കടക്കുകയും മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ കൈയിൽ ഉണ്ടായിരുന്ന സ്കൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
അടിവയറ്റിന് രണ്ട് കുത്തേറ്റ പെൺകുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കൾ എത്തിയപ്പോഴേയ്ക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. നെടിയവിള അംബികോദയം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ശാസ്താംകോട്ട സിഐ വി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ചിരുന്ന ഭരണിക്കാവിലെ ലോഡ്ജിലും പെൺകുട്ടിയുടെ വീട്ടിലും എത്തിച്ച് തെളിവെടുത്തു.
















