ലഖ്‌നൗ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ വിലക്കിക്കൊണ്ടും, രാവിലെ ഒമ്പതിന് ജോലിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള ചട്ടങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് യോഗിയുടെ പുതിയ നിര്‍ദേശം. ഇതു സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി മഹേഷ് ഗുപ്ത വിജ്ഞാപനം പുറപ്പെടുവിച്ചു.
നിയമസഭാ മന്ദിരത്തിലോ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലോ ആരും ഉപഹാരങ്ങളുമായി പ്രവേശിക്കാന്‍ പാടില്ല. മേലധികാരികളുടെ അനുവാദമില്ലാതെ ഉദ്യോഗസ്ഥര്‍ ഇവ കൈപ്പറ്റാനും പാടില്ല, വിജ്ഞാപനത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമായും കൈക്കൂലി ലഭിക്കുന്നത് ഉപഹാരങ്ങളുടെ രൂപത്തിലാണെന്നത് കണക്കിലെടുത്താണ് യോഗിയുടെ നടപടി. കൂടാതെ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തോക്ക് കയറ്റുന്നതും ഗുട്ക, പാന്‍ മുതലായവ ഉപയോഗിക്കുന്നതിനും യുപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇവ കഴിക്കുന്നത് പിടിച്ചാല്‍ 500 രൂപ പിഴയും ഈടാക്കും.
















