പത്തനംത്തിട്ട: തങ്ങള്‍ക്ക് കയറികിടക്കാന്‍ നല്ലൊരു വീടില്ലെന്നും അതിനായി നിങ്ങളെങ്കിലും സഹായിക്കണമെന്നും ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച കോന്നി വള്ളിക്കോട്ട് ശിവന്‍ പിള്ളയ്‌ക്കും കുടുംബത്തിനും സ്വപ്‌ന സാഫല്യം. സേവാഭാരതി സംഘവും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിച്ച താക്കോല്‍ ദാന ചടങ്ങ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നിര്‍വഹിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണ വേളയ്‌ക്കിടെയായിരുന്നു വോട്ടുചോദിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ കൈകൂപ്പിക്കൊണ്ട് ശിവന്‍ പിള്ളയും ഭാര്യയും തങ്ങള്‍ക്ക് വീടില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചത്. ഞങ്ങളുടെ വീടു കണ്ടില്ലേ? മഴ വരല്ലേ എന്നു പ്രാര്‍ത്ഥിച്ചാണ് ഞങ്ങള്‍ ഇവിടെ കഴിയുന്നത്.
പഞ്ചായത്തു ഭരണസമിതിയും എംഎല്‍എയും എംപിയുമൊന്നും ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല. ആരും സഹായത്തിനില്ല. നിങ്ങളെങ്കിലും ഞങ്ങളെ സഹായിക്കണേ എന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കൊടുത്ത ഉറപ്പാണ് രണ്ട് മാസത്തിനിപ്പുറം സേവാഭാരതി സംഘത്തിന്റേയും ബിജെപി പ്രവര്‍ത്തകരുടേയും കൈത്താങ്ങില്‍ യാഥാര്‍ത്ഥ്യമായത്.
















