കൊച്ചി: കോടികള്‍ മുടക്കിയ തന്റെ സ്ഥാപനത്തിന് കെഎസ്ഇബി അധികൃതര്‍ വൈദ്യുതി കണക്ഷന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അങ്കമാലിയില്‍ യുവ വ്യവസായിയുടെ ആത്മഹത്യാശ്രമം. ന്യൂഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
തോക്കും വിഷവുമായി മരത്തിന് മുകളില്‍ കയറിയിരിക്കുന്ന വ്യവസായിയെ താഴെയിറക്കാന്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി തനിക്ക് ഉറപ്പ് തരാതെ താഴെയിറങ്ങില്ലെന്ന നിലപാടിലാണ് പ്രസാദ്.
രണ്ട് വര്‍ഷം മുമ്പാണ് വിദേശത്തേക്ക് തേയില കയറ്റി അയക്കുന്നതിനായി അങ്കമാലിയില്‍ ന്യൂഇയര്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനം പ്രസാദ് തുടങ്ങുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതര്‍ സ്ഥാപനത്തിന് ഇതുവരെ വൈദ്യുതി കണക്ഷന് നല്‍കിയിട്ടില്ല. കോടികള്‍ മുടക്കിയ സ്ഥാപനത്തിന് വൈദ്യുതി ലഭിക്കാത്തത് പ്രസാദിനെ മാനസ്സികമായി ഏറെ തളര്‍ത്തിയിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.
തുടര്‍ന്ന് കഴിഞ്ഞ 110 ദിവസമായി പ്രസാദ് അങ്കമാലി കരുകുറ്റി കെഎസ്ഇബി ഓഫീസിന് മുന്നില്‍ സമരം നടത്തി വരികയായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പ്രസാദ് ആത്മഹത്യയ്ക്ക് ഒരുങ്ങിയതെന്നാണ് വിവരം.
















