തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അപമര്യാദയായി പെരുമാറിയ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ ഗത്യന്തരമില്ലാതെ സിപിഎം നടപടിയെടുത്തു. ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ഏര്യാ കമ്മറ്റി അംഗവുമായ വട്ടവിള രാജ്കുമാറിനെയാണ് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ സിപിഎം പുറത്താക്കിയത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെട്ട ഏര്യാ കമ്മറ്റിയിലാണ് മുതിര്‍ന്ന നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ രാജ്കുമാറിനെതിരെ നടപടിയെടുത്തത്.
മാസങ്ങള്‍ക്ക് മുമ്പ് ചെങ്കല്‍ പഞ്ചായത്തിലെ ചായകടയ്‌ക്കുള്ളില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ലീലാവിലാസങ്ങള്‍ അടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അന്വേഷണം നടത്തിയെങ്കിലും രാജ്കുമാര്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ പ്രിയപ്പെട്ടവന്‍ ആയതുകൊണ്ട് സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെങ്കല്‍ പഞ്ചായത്തിലെ വനിതാ നേതാവും പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സലൂജക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിപിഎം വാര്‍ഡ് മെമ്പര്‍ അടക്കം മൂന്നുപേര്‍ക്കെതിരെ വനിതാ നേതാവ് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാറാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നിട്ടും നടപടിയെടുക്കാന്‍ നേതൃത്വം തയാറായില്ല.
തുടര്‍ന്ന് സലൂജ പോലീസ് മേധാവിക്കും വനിതാകമ്മീഷനും പരാതി നല്‍കി. വിഷയം ചര്‍ച്ചയാവുകയും പാര്‍ട്ടിക്കുള്ളില്‍ നിന്നും വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ രാജിക്കൊരുങ്ങുകയും പാര്‍ട്ടി കമ്മറ്റികളില്‍ രൂക്ഷവിമര്‍ശനങ്ങളും ആയതോടെ പാര്‍ട്ടി നേതൃത്വം കു#ുക്കിലായി.
പോലീസിന് നടപടിയെടുക്കാതെ മാര്‍ഗമില്ലെന്ന് വന്നതോടെ സിപിഎം നേതാവും നൊച്ചിയൂര്‍ വാര്‍ഡ് അംഗവുമായ പ്രശാന്ത്, മര്യാപുരം കൃഷി വകുപ്പ് ജീവനക്കാരനായ എസ്.കെ.ഷിനു, ഇയാളുടെ സഹോദരന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനായ എസ്.കെ.ഷിജു എന്നിവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസ് എടുത്തു.
കേസെടുത്തതോടെ പാര്‍ട്ടി നേതൃത്വവും സമ്മര്‍ദത്തിലായി. മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
എന്നാല്‍ തന്നെ അക്രമിക്കുന്നതിന്റെ സൂത്രധാരന്‍ ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റായതിനാല്‍ അയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ വനിതാ നേതാവ് ഉറച്ച് നിന്നു. തുടര്‍ന്ന് പ്രതിസന്ധിയിലായ സിപിഎം നേതൃത്വം ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റും ഏര്യാ കമ്മറ്റി അംഗവുമായ വട്ടവിള രാജ്കുമാറിനെയും പുറത്താക്കുകയായിരുന്നു. വരുംദിവസങ്ങളില്‍ ചെങ്കല്‍ പഞ്ചായത്തില്‍ സിപിഎമ്മിനുള്ളില്‍ അണികള്‍ തമ്മിലുളള സംഘര്‍ഷത്തിനും പിളര്‍പ്പിനും സാധ്യത കൂടുതലാണ്.
















