വിളപ്പില്‍: മകന് വീടിനുള്ളില്‍ തടവറയുണ്ടാക്കി കാവലിരിക്കുന്നു ഒരമ്മ. തടവറയ്‌ക്കുള്ളില്‍ മകനെ അടച്ചിട്ടിരിക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷം. ഇത് ഒരമ്മയുടെ ക്രൂരതയല്ല, വാത്സല്യത്തിന്റെ കഥ.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പാഴാണ് വട്ടപ്പാറ വേങ്കോട് പ്ലാത്തറ മുക്കമ്പാലമൂട്ടില്‍ ഗോമതിയുടെ മകന്‍ വിനോദിന് മനസിന്റെ താളം തെറ്റിയത്. 14-ാം വയസില്‍ വിനോദ് അക്രമാസക്തനായി.
അന്നുമുതല്‍ ഗോമതി വിനോദിനെ അഴിക്കുള്ളില്‍ അടച്ചിട്ടു. ഭ്രാന്താശുപത്രിയിലെ ദുരിതങ്ങളില്‍ സ്വന്തം മകനെ തള്ളിവിടാന്‍ ഇഷ്ടപ്പെടാത്ത അമ്മ മനസായിരുന്നു ഗോമതിയുടേത്. ഒരു വാടകവീട്ടില്‍ സ്വയം തീര്‍ത്ത ഇരുമ്പഴിക്കുള്ളില്‍ മകനെ അവര്‍ പൂട്ടിയിട്ടു. എന്നിട്ട് കാവലിരുന്നു.
വിനോദിന് രോഗം എങ്ങനെ സംഭവിച്ചുവെന്ന് ഈ അമ്മയ്‌ക്കറിയില്ല. എങ്കിലും അവര്‍ നൊമ്പരമടക്കി മകനെ പോറ്റുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രി സെല്ലില്‍ പൂട്ടാന്‍ പലവട്ടം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
അതിന് മനസ് അനുവദിക്കുന്നില്ലെന്ന് ഗോമതി. അവിടെനിന്നു നല്‍കുന്ന മരുന്നുകള്‍ ചോറില്‍ കുഴച്ചുനല്‍കും. പിന്നെ ഈ അമ്മ നല്‍കുന്ന സ്‌നേഹവും കരുതലും. വിനോദ് പരിഭവമില്ലാതെ ഉറങ്ങുമെന്ന് ഗോമതി.
വിനോദിന് ഒരു വയസ് പ്രായമുള്ളപ്പോഴാണ് ഗോമതിയുടെ ഭര്‍ത്താവ് ബാബു മരിക്കുന്നത്. പിന്നീട് ഗോമതി വീട്ടുജോലിക്കിറങ്ങി. രാവിലെ മകന് ഭക്ഷണം നല്‍കി അന്യന്റെ എച്ചില്‍പ്പാത്രം കഴുകാന്‍ പുറപ്പെടും. തിരികെ എത്തുംവരെ മരുന്നിന്റെ മയക്കത്തില്‍ വിനോദ് ഉറങ്ങും.
തളരാതെ ഇത്രകാലം ഗോമതിയമ്മ അത് തുടര്‍ന്നു. വാടക വീടുകള്‍ പലതു മാറി. ഒാരോ വീട്ടിലും ജയില്‍ മുറികള്‍ ഉണ്ടാക്കി. മകന്‍ ഓടിപ്പോകാതിരിക്കാന്‍. അതല്ലേ, ഈ അമ്മയ്‌ക്കാവു. ഇനി വയ്യ. അന്തിയുറങ്ങാന്‍ ഒരു തുണ്ടു ഭൂമിയും ഒരു വീടും. അതിനിവര്‍ മുട്ടാത്ത വാതിലുകളില്ല. കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളും. ആരും കനിഞ്ഞില്ല. ഇനി ആശ്രയം സുമനസുകളുടെ കാരുണ്യം മാത്രം.
സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏണിക്കര ബ്രാഞ്ചിലുള്ള കെ.ഗോമതിയുടെ 6735 2827249 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായം എത്തിക്കാം. ഐഎഫ്എസ്‌സി കോഡ്: ടആകച0070861. ഫോണ്‍: 9744944812.
















