തിരുവനന്തപുരം: പുരാതനമായ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലെ നോവല്‍ വിഭാഗം പുതിയ റഫറന്‍സ് ബ്ലോക്കിലേക്ക് മാറ്റുന്നു. പബ്ലിക് ലൈബ്രറിയില്‍ പുതിയ റഫറന്‍സ് വിഭാഗം ആരംഭിക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലേക്കാണ് ഇംഗ്ലീഷ്, മലയാള നോവല്‍ വിഭാഗത്തെ അടര്‍ത്തി മാറ്റുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പബ്ലിക് ലൈബ്രറി അഞ്ചു വര്‍ഷം കൊണ്ട് മൂന്നു കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഗവേഷണ വിഭാഗം വിശാലമാക്കുന്നതിനാണ് റഫറന്‍സ് ലൈബ്രറി തുടങ്ങുന്നത്.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചില വിഭാഗങ്ങളെ അടര്‍ത്തി മാറ്റി പുതിയ കെട്ടിടത്തില്‍ സ്ഥാപിക്കുന്നതിന് കാരണം. കെട്ടിടം നിര്‍മിക്കുമ്പോള്‍ മുന്‍ഭാഗം മാത്രം പഴയ കെട്ടിടത്തിന്റെ മാതൃകയും ഉള്ളില്‍ അശാസ്ത്രീയമായി തൂണുകള്‍ നിറച്ച് ലൈബ്രറി ഹാളുകളുടെ സ്ഥലം തന്നെ നഷ്ടമാക്കിയിരിക്കുന്നു. വായനക്കാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്തേക്കാള്‍ വലുതായിട്ടാണ് ശൗചാലയങ്ങളുടെ നിര്‍മാണം നടത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചെത്തുന്ന നോവല്‍ വിഭാഗത്തെ പുതിയ റഫറന്‍സ് കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ പുസ്തകം എടുക്കാന്‍ വരുന്നവര്‍ക്ക് പല കെട്ടിടങ്ങള്‍ കയറിയിറങ്ങേണ്ടതായി വരും. ഇത് ഓഫീസുകള്‍ വിട്ടുവരുന്നവര്ക്കും പ്രായം ചെന്നവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. പുസ്തക വിതരണ വിഭാഗം ഒറ്റക്കെട്ടിടത്തില്‍ നിലനിര്‍ത്തി വായനക്കാര്‍ക്ക് ഒരു കെട്ടിടത്തില്‍ നിന്ന് തന്നെ പുസ്തകങ്ങള്‍ എടുക്കാന്‍ കഴിയുന്ന തരത്തില്‍ പ്രധാന കെട്ടിടത്തില്‍ തന്നെ നോവല്‍ വിഭാഗത്തെ നിലനിര്‍ത്തണമെന്നാണ് വായനക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രധാന കെട്ടിടത്തില്‍ നിന്ന് ഡിജിറ്റല്‍ ചെയ്ത് ഗസറ്റുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാല്‍ കുറെയേറെ സ്ഥലം ലാഭിക്കാം. പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന് ലോകരാജ്യങ്ങളില്‍ നിന്ന് ലഭ്യമായ അമൂല്യഗ്രന്ഥങ്ങള്‍, പ്രൊഫസര്‍ നന്ദന്‍മേനോന്റെ പഴയ ബ്രിട്ടീഷ് ലൈബ്രറി കളക്ഷന്‍ എന്നിവ മലയാളം, തമിഴ് വിഭാഗങ്ങളിലായി വായനക്കാര്‍ക്ക് നല്‍കാതെ പൂട്ടിവച്ചിരിക്കയാണ്.
ലൈബ്രറിയുടെ മറ്റ് പല ഭാഗങ്ങളിലും പുസ്തകം നിറഞ്ഞ പൂട്ട്വീണ അലമാരകള്‍ കാണാം. ഇത്തരം റഫറന്‍സ് പുസ്തകങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാല്‍ പ്രധാന കെട്ടിടത്തില്‍ ആവശ്യത്തിലേറെ സ്ഥലം ലഭ്യമാകും. പുതിയ കെട്ടിടം റഫറന്‍സ് ബ്ലോക്കായും പ്രധാനകെട്ടിടം പുസ്തക വിതരണ സ്വീകരണ വിഭാഗമായും നിലനിര്‍ത്താന്‍ സാധിക്കും എന്നാണ് വായനക്കാരുടെ പക്ഷം.
















