സ്വയം നിഗൂഢതകള്‍ പുലര്‍ത്തി പ്രവര്‍ത്തിക്കുന്നു എന്നതിനാലാണല്ലോ ”ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല” എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന് ഊറ്റംകൊണ്ടത്. വാസ്തവം ഇതല്ലെന്ന് അറിയാത്തവര്‍ ചുരുങ്ങും. സിപിഎമ്മിനെ സംബന്ധിക്കുന്ന എല്ലാരഹസ്യങ്ങളും എല്ലാവര്ക്കും അറിയില്ലെങ്കിലും പലര്‍ക്കും പലതുമറിയാം. എന്നാല്‍ ഈ രഹസ്യങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെ ഭയംകൊണ്ടും വിധേയത്വംകൊണ്ടും തുറന്നുപറയാറില്ലെന്നുമാത്രം. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം എഴുതിയ പലരും അവര്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയെക്കുറിച്ച് പറയാതിരിക്കുകയോ, പറയേണ്ടിവന്നാല്‍ പ്രശംസിക്കുകയോ ചെയ്യുന്നതുപോലെയാണിത്.
എക്കാലവും അധികാരത്തിന്റെയും പണത്തിന്റെയും അഗമ്യഗമനങ്ങളുടെയും പിന്നാലെ പോയിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. അഞ്ചരപ്പതിറ്റാണ്ടുകാലത്തെ സിപിഎമ്മിന്റെ ചരിത്രത്തില്‍ ഉടനീളം ഇതുകാണാം. ആചാര്യന്മാര്പോലും അപഥസഞ്ചാരത്തിന്റെ പാത തെരഞ്ഞെടുത്തവരാണ്. (അന്ന് ഡിഎന്‍എ പരിശോധന ഇല്ലാതിരുന്നത് ഭാഗ്യം) ഇവരില്‍ചിലര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടോ മാന്യതകൊണ്ടോ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നുമാത്രം. ഇവിടെയാണ് പിണറായിമാരും കോടിയേരിമാരും വ്യത്യസ്തരാകുന്നത്. തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും ആദര്ശധീരന്മാരും വിശുദ്ധന്മാരുമാണ് തങ്ങളെന്ന് ഇവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയുടെ നടപടിമൂലം പാര്‍ട്ടി അനുഭാവിയും പ്രവാസിയുമായിരുന്ന സാജന് പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന നഗരസഭാധ്യക്ഷ പി. കെ. ശ്യാമളയും, മുംബൈയില്‍ താമസിക്കുന്ന ബീഹാര്‍ യുവതിയുടെ പരാതിപ്രകാരം ലൈംഗിക പീഡന-ബലാത്സംഗക്കേസില്‍ പ്രതിയായിരിക്കുന്ന ബിനോയ് കോടിയേരിയും പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒറ്റപ്പെട്ട ബിംബങ്ങളല്ല. പതിറ്റാണ്ടുകളായി പാര്‍ട്ടി പിന്‍പറ്റുന്ന പ്രവര്‍ത്തനരീതിയുടെ ഉപോല്‍പ്പന്നങ്ങളാണ് ഇരുവരും. പിണറായിമാരുടെയും കോടിയേരിമാരുടെയും പാര്‍ട്ടിയില്‍ ബിനോയിമാരും ശ്യാമളമാരും ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
ബിനോയ് കോടിയേരിക്ക് ബീഹാര്‍ യുവതിയുമായുള്ള അവിഹിതബന്ധം പുറത്തറിയാന്‍ ഇടയായ സാഹചര്യം എന്തുതന്നെയായാലും ഈ വിവരം വെളിപ്പെട്ടപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച നിലപാടുകള്‍ അങ്ങേയറ്റം കാപട്യപൂര്‍ണമാണ്. പറയുന്നത് സത്യസന്ധവും സുതാര്യവുമല്ലെന്ന് രണ്ടുപേര്‍ക്കും നന്നായറിയാം. പാര്‍ട്ടിയില്‍ ആരും തങ്ങളെ ചോദ്യംചെയ്യില്ലെന്ന ധാര്‍ഷ്ട്യമാണ് ഇരുവര്‍ക്കും. ‘കേരളാ കാസ്ട്രോ’ വി.എസ്. അച്യുതാനന്ദന് ഇപ്പോള്‍ പാര്‍ട്ടിക്ക് അനഭിമതനും അന്യനുമായിരിക്കുന്നു.
ബാര്‍ ഡാന്‍സുകാരിയായ യുവതിയെ ഗള്‍ഫില്‍വച്ചാണ് ബിനോയ് കോടിയേരി പരിചയപ്പെടുന്നത്. വര്‍ഷങ്ങള്‍നീണ്ട ബന്ധത്തില്‍ എട്ടുവയസ്സായ മകനുണ്ട്. മകന്റെ ജനനസര്‍ട്ടിഫിക്കറ്റിലും യുവതിയുടെ പാസ്പോര്‍ട്ടിലും അച്ഛന്റെ സ്ഥാനത്ത് ബിനോയിയുടെ പേരുണ്ട്. യുവതിയേയും കുഞ്ഞിനേയും മുംബൈയില്‍ താമസിപ്പിച്ചത് ബിനോയ് തന്നെയാണത്രേ. ഇത്രയും കാര്യങ്ങള്‍ ബിനോയിക്കെന്നപോലെ കോടിയേരിക്കും അറിയാമായിരിക്കുമെന്നുറപ്പാണ്. എന്നിട്ടും ഇക്കാര്യം നേരത്തെ അറിവുണ്ടായിരുന്നില്ല, കേസുവന്നപ്പോഴാണ് അന്വേഷിക്കുന്നതെന്ന കോടിയേരിയുടെ പ്രതികരണം പച്ചനുണയായിരുന്നു.
അഞ്ചുകോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് 2018 ഡിസംബറില്‍ യുവതി ബിനോയ് കോടിയേരിക്ക് വക്കീല്‍നോട്ടീസയച്ചിട്ടുണ്ട്. ഇത് ബിനോയിയും സമ്മതിക്കുന്നു. ഇതിനെതിരെ ബ്ലാക്ക് മെയിലിങ്ങിന് പോലീസില്‍ പരാതി നല്‍കിയെന്നാണ് ബിനോയ് അവകാശപ്പെടുന്നത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ ബിനോയിയും അമ്മയും മുംബൈയിലെത്തി യുവതിയുമായി കൂടിക്കാഴ്ച നടത്തി. മൂന്നരയാഴ്ച കഴിഞ്ഞപ്പോള്‍ ബിനോയ് വീണ്ടും യുവതിയെ കണ്ടു. എന്നാല്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെ യുവതി വീണ്ടും വക്കീല്‍നോട്ടീസ് അയയ്ക്കുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു.
അമ്മയ്ക്കും മകനും നന്നായറിയാവുന്ന ഇക്കാര്യം അച്ഛനായ കോടിയേരിക്ക് അറിയില്ലെന്നുപറഞ്ഞാല്‍ ആരാണത് വിശ്വസിക്കുക? ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ കുട്ടി ആരുടേതെന്ന് വ്യക്തമാകുമെന്ന് യുവതി പറയുകയുണ്ടായി. ഈ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നതായി ബിനോയ് ഭാവിക്കുകയും ചെയ്തു. എന്നാല്‍ മുംബൈ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഈ ആവശ്യം അംഗീകരിക്കുന്ന പ്രശ്നമില്ലെന്നാണ് ബിനോയിയുടെ അഭിഭാഷകന് വാദിച്ചത്. ഇതുകൊണ്ടുതന്നെ കുട്ടി ആരുടേതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.
യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുകയും, അവിഹിതം പറഞ്ഞൊതുക്കാന്‍ കഴിയാതെവരികയും ചെയ്തപ്പോഴാണ് സിപിഎമ്മും കോടിയേരിയും വൈരുദ്ധ്യാത്മക ലൈംഗികവാദ നിലപാട് സ്വീകരിച്ചത്. ”ബിനോയ് വ്യക്തിയാണ്, പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല.” ശരിക്കുപറഞ്ഞാല്‍ ബിനോയിമാരുടെ ചെയ്തികളില്‍ സിപിഎമ്മിന് മാത്രമാണ് ഉത്തരവാദിത്വം. കോടിയേരിയുടെ മകന് ആയതുകൊണ്ടുമാത്രമാണ് ബിനോയിക്ക് ഇന്നുകാണുന്ന തരത്തിലുള്ള പഞ്ചനക്ഷത്ര ജീവിതം നയിക്കാനാവുന്നത്. കണ്ണൂരില്‍തന്നെ ബിനോയിയെക്കാള്‍ അര്‍ഹതയും യോഗ്യതയുമുള്ള എത്രയോ യുവാക്കളുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത സൗഭാഗ്യം ബിനോയിക്ക് കൈവന്നത് അച്ഛന്റെ മകന് ആയതുകൊണ്ടല്ലേ?
ഒരിക്കല്‍ ഡാന്‍സ് ആസ്വദിച്ച ബിനോയ് തനിക്കുമേല്‍ കറന്സിനോട്ടുകള് വര്‍ഷിച്ചുവെന്ന് യുവതി പറഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കോടികള്‍കൊണ്ട് അമ്മാനമാടാന്‍കഴിയുന്ന നിലയിലേക്ക് അധ്വാനവര്‍ഗത്തിന്റെ നേതാവായ കോടിയേരിയുടെ മകന് എങ്ങനെ വളര്‍ന്നുവെന്ന് വിശദീകരിക്കപ്പെടണം. അധികം നാളായില്ല, തനിക്ക് ബിനോയ് 1.72 കോടിരൂപ നല്‍കാനുണ്ടെന്നുപറഞ്ഞ് യുഎഇ പൗരന് അല്‍ മര്‍സൂഖി എന്നൊരാള്‍ രംഗത്തുവന്നിട്ട്. ഈ കേസ് പണം മടക്കിനല്‍കി കോടതിക്കു പുറത്ത് പറഞ്ഞുതീര്‍ക്കുകയായിരുന്നു. ഇതിന്റെ അണിയറക്കഥകള്‍ പാര്‍ട്ടിരഹസ്യമാണെങ്കിലും നാട്ടില്‍പാട്ടാണ്.
കോടികള്‍ നല്‍കാനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടാകുമായിരുന്നില്ലെന്ന് മുംബൈ യുവതി നല്കിയ കേസിനെക്കുറിച്ച് ഇപ്പോള്‍ പറയുന്ന കോടിയേരി, യുഎഇക്കാരന്റെ കേസൊതുക്കാന്‍ കോടികള്‍നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തേണ്ടതല്ലേ? ബിനോയിയെന്ന യുവാവിന് കോടികള്‍ കടംനല്‍കാന്‍ ആളുണ്ടാവുന്നത് കോടിയേരിയുടെ രാഷ്ട്രീയ-ഭരണ സ്വാധീനംകൊണ്ടാണ്. സഹസ്രകോടീശ്വരന്മാരായ ചില അറബ് ഷെയ്ഖുമാരെപ്പോലെ, തങ്ങളെ ആനന്ദിപ്പിക്കുന്ന നര്‍ത്തകിക്ക് പണം വാരിയെറിയാന്‍ കോടിയേരിയുടെ മകനല്ലാതെ മറ്റേത് കമ്യൂണിസ്റ്റിന്റെ മകന് കഴിയും?
ബിനോയ്ക്കെതിരായ ചെക്ക് കേസുമായും ലൈംഗിക പീഡനക്കേസുമായും ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിന് വളരെനേരത്തെ പരാതികള്‍ ലഭിച്ചതാണ്. എന്നാല്‍ പാര്‍ട്ടി നീതിബോധത്തോടെ തീരുമാനമെടുത്തില്ല. ഇവിടെ പ്രതിക്കൂട്ടില്‍നില്‍ക്കുന്നത് മകന് കോടിയേരിയല്ല, അച്ഛന് കോടിയേരിയാണ്. നേതാക്കള്‍ക്കെതിരെ അഴിമതിക്കേസും പീഡനക്കേസും കോലപാതകക്കേസുമൊക്കെ വരുമ്പോള്‍ നിയമസംവിധാനത്തെ വകവയ്ക്കാതെ പാര്‍ട്ടിസമിതി രൂപീകരിച്ച് അന്വേഷിച്ച് കുറ്റവിമുക്തരാക്കുന്ന പതിവുണ്ട് സിപിഎമ്മില്‍. ബിനോയ് ഉള്‍പ്പെട്ട കേസില്‍ എന്തുകൊണ്ട് അത് ഉണ്ടാവുന്നില്ല? കോടിയേരിയുടെ മകന് പാര്‍ട്ടി അംഗമല്ലെന്ന ന്യായം വിലപ്പോവില്ല. നിയമപരമായി മകന് കോടിയേരിയാണ് ആരോപണ വിധേയനെങ്കിലും, ധാര്‍മികമായി അച്ഛന് കോടിയേരിയാണ് പ്രതിക്കൂട്ടില്‍. വഴിപിഴച്ചുപോയ മകന്റെ, നിരപരാധിയായ അച്ഛന് എന്ന പരിഗണന കോടിയേരിക്ക് കിട്ടില്ല. കാരണം പലകാര്യങ്ങളിലും കോടിയേരി മകന്റെ അച്ഛന് ആണല്ലോ.
മകന്റെ ചെയ്തികള്‍ക്ക് അച്ഛനെന്തുപിഴച്ചെന്ന ചോദ്യം പൊതുപ്രവര്‍ത്തകര്‍ക്ക് ബാധകമാവില്ല. അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവരാണ്. കമ്യൂണിസ്റ്റാവുമ്പോള്‍, ബൂര്‍ഷ്വാ സദാചാരത്തെ തള്ളിപ്പറയേണ്ടവര്‍ അവയൊക്കെ സ്വന്തം ജീവിതത്തില്‍ യാതൊരു സങ്കോചവുമില്ലാതെ പുലര്‍ത്തുന്നത് നഗ്നമായ ഇരട്ടത്താപ്പാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന ആചാര്യവചനമുള്ളപ്പോള്‍ എന്താണ് ചെയ്തുകൂടാത്തത് എന്നാവും ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. പക്ഷേ ഒന്നുണ്ട്, ആചാര്യന്മാര്ക്ക് ലക്ഷ്യത്തിന്റെ കാര്യത്തിലെങ്കിലും വിശുദ്ധിയുണ്ടായിരുന്നു. അനുയായികള്‍ക്ക് മാര്‍ഗംപോലെതന്നെ ലക്ഷ്യവും അശുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: