ആന്തുര്‍ നഗരസഭയുമായി ബന്ധപ്പെട്ട സാജന് എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഒരു ഞെട്ടലോടെയാണ് പ്രവാസികള്‍ കേട്ടത്. ദാരുണമായ ഈ മരണം പ്രവാസികളുടെ ഹൃദയത്തിനേറ്റ മുറിവും നൊമ്പരവുമാണ്. പ്രശ്നത്തില്‍ കോടതി ഇടപെട്ടതുപോലെ ലോകമെങ്ങുമുള്ള പ്രവാസികള്‍ കുറ്റവാളികള്‍ രക്ഷപ്പെടുമോയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വര്‍ഷങ്ങള്‍ നൈജീരിയയില്‍ ജീവിതം പടുത്തുയര്‍ത്താന്‍ കഷ്ടപ്പെട്ട സത്യസന്ധനായ ഒരു പ്രവാസിയുടെ ആത്മഹത്യ ആരുടെ സൃഷ്ടിയാണ്? നൈജീരിയ എന്ന രാജ്യത്തു ഓരോ മലയാളിയും ഭയന്നുതന്നെയാണ് ഓരോദിനങ്ങളും പിന്നിടുന്നത്. കാടന്മാരായ ഭീകരരുടെ വെടിയുണ്ടകള്‍ ഓരോനിമിഷവും അവിടെയെല്ലാം ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്നു. കേരളത്തിലെ ശീതീകരിച്ച ആഡംബര മുറികളിലിരുന്ന് ഉല്ലസിക്കുന്നവര് പ്രവാസികളുടെ നൊമ്പരങ്ങള്‍ അറിയണമെന്നില്ല. കേരളത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ ബുദ്ധിശൂന്യനേപ്പോലെ കാണുന്ന മനുഷ്യരെ ആള്‍ക്കൂട്ടത്തിനിടയില്‍ കാണാം.
ഒരു ഭരണകൂടത്തെ ജനങ്ങള്‍ വിലയിരുത്തുന്നത് സത്യവും നീതിയും മാത്രമല്ല, അവരുടെ വാക്കും നോക്കുംകൂടി മുന്‍നിര്‍ത്തിയാണ്. അധികാരസമ്പത്തിനേക്കാള്‍ ജ്ഞാനസമ്പത്തുള്ളവരാകണം ഭരണാധികാരികള്‍. ഒരാവശ്യവുമായി ഒരാള്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെന്നാല്‍ അവിടെ നടക്കേണ്ടത് ജന്മികുടിയാന് സിദ്ധാന്തമോ? ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ തീറ്റിപ്പോറ്റുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാകുമ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. നീതിനിഷേധങ്ങള്‍ നടന്നാല്‍ ലോകത്തിന്റ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങളുയരും. ചൂഷകര്‍ക്കെതിരെ പടപൊരുതേണ്ടവര്‍ അവരുടെ സംരക്ഷകരായി മാറാന്‍ പാടില്ല.
ഇരുപത് വര്‍ഷം മുന്‍പ് രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് ഇത്രമാത്രം ജീര്‍ണ്ണതകള്‍ മലയാളികള്‍ കണ്ടുകാണില്ല. രാഷ്ട്രീയ കുത്തകമുതലാളിമാരെയും കണ്ടിട്ടില്ല. ഇന്നുകാണുന്ന പ്രവണതകള്‍ ജന്മി-കുടിയാന് വ്യവസ്ഥിതി വീണ്ടും വരുമോയെന്ന് ആശങ്കപ്പെടുത്തുന്നു. ജനങ്ങള്‍ കുടിയാന്മാരും അധികാരത്തിലുള്ളവര്‍ ജന്മിമാരുമായി മാറുന്നു. ഒരാള്‍ രാഷ്ട്രീയനേതാവായാല് അയാളുടെ കുടുംബത്തിലുള്ളവരും ബന്ധുക്കളും, അവര്‍ക്ക് ഓശാനപാടുന്നവരും അധികാരത്തിലെത്തുന്നത് വളരെ വേഗത്തിലാണ്. നീതിലഭിക്കാതെ ഒരുകൂട്ടര്‍ മറുഭാഗത്തു നില്‍ക്കുന്നത് ഇവര്‍ മറക്കുന്നു. ഒരൊറ്റ കുറ്റത്താലാണ് അവരെ അകറ്റുക-പാര്‍ട്ടി അനുഭാവിയല്ല. മരണംവരെ അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുക, മക്കള്‍ രാഷ്ട്രീയം, അധികാരധാര്‍ഷ്ട്യം, ധൂര്‍ത്ത്, അധികാരത്തെ തന്‍കാര്യത്തിനായി ഉപയോഗിക്കുക, രാഷ്ട്രീയം നോക്കി പുരസ്കാര-പദവികള്‍ നല്‍കുക, സ്ഥലംമാറി പോകാതെ രാഷ്ട്രീയക്കാര്‍ക്ക് സമ്മാനപ്പൊതികള്‍ നല്കി വര്‍ഷങ്ങളായി ഒരേ കസേരയിലിരിക്കുക, കൈക്കൂലിവാങ്ങി രക്ഷപ്പെടുക… ഇങ്ങനെ എണ്ണിയാല്‍ തീരാത്ത അധികാര ദുര്‍വിനിയോഗമാണ് കേരളത്തില്‍ നടക്കുന്നത്. ഒരല്പം മനുഷ്യത്വവും വിവേകവും സേവനചിന്തയും ഇവരുടെ മനസ്സിലുണ്ടായിരുന്നെങ്കില്‍ ഒരു പ്രവാസി തന്റെ സമ്പാദ്യമെല്ലാം ചെലവാക്കിയിട്ട് ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നു.
മലയാളക്കരയെ പട്ടിണിയില്‍നിന്ന് രക്ഷപ്പെടുത്തിയ പ്രവാസികളെ കാലാകാലങ്ങളായി എങ്ങനെ കാണുന്നു എന്നുള്ളതിന്റെ തെളിവാണ് സാജന് തന്റെ ഭാര്യയോട് പറഞ്ഞ മരണമൊഴികള്‍. കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൈക്കൂലി കൊടുത്തില്ലെങ്കില്‍ മനുഷ്യരുടെ മനസ്സിലും ശരീരത്തും റേഡിയേഷന് കൊടുക്കുന്ന മനുഷ്യയന്ത്രങ്ങള്‍ എല്ലായിടവുമുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കില്‍ യന്ത്രരാജന്‍ പണിമുടക്കും. കൈക്കൂലി കൊടുത്തിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണത്. മരണപ്പെട്ടു കഴിഞ്ഞാല്‍ യന്ത്രരാജന്‍ റീത്തുമായിട്ടെത്തും. ഇക്കാര്യത്തില്‍ അചഞ്ചലമായ മനോധൈര്യം അവര്‍ക്കുണ്ട്. ഇതുപോലെ ആത്മഹത്യചെയ്ത പുനലൂര്ക്കാരന് സുഗതന്റെ മകനും പരാതികളുണ്ട്. ഇന്ത്യയില്‍ പണിയെടുക്കാതെ ജീവിക്കാനുള്ള ഏകമാര്‍ഗ്ഗം രാഷ്ട്രീയ കൃഷിയാണ്. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവര്‍ക്ക് ഒരു തൊഴിലും ലഭിക്കാതിരിക്കുമ്പോഴാണ്, കുറെ മടിയന്മാര് അധികാരികളായി മാറി സമൂഹത്തിന് ഒന്നും ചെയ്യാതെ സുഖഭോഗികളായി മദിച്ചുജീവിക്കുന്നത്. ഇവരെ മാലോകരറിയുന്നത് ഏതെങ്കിലും പദവികളില്‍ വരുമ്പോഴാണ്.
സത്യത്തില്‍ പ്രവാസികള്‍ക്ക് നമ്മുടെ ഏതെങ്കിലും സര്‍ക്കാര്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ? വിദേശ രാജ്യങ്ങളില്‍ പലവിധത്തില്‍ ദുരിതദുഃഖങ്ങള്‍ അനുഭവിക്കുന്ന ധാരാളം പ്രവാസികളുണ്ട്. പ്രവാസം കഴിഞ്ഞു നാട്ടില്‍ മടങ്ങിചെന്നാലും സര്‍ക്കാരിന് അവരുടെ ഭാവിയെപ്പറ്റി ഒരു ഉത്കണ്ഠയുമില്ല. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയ അവസ്ഥ. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില പ്രവാസി സംഘടനകള്‍ രംഗത്തുവന്നെങ്കിലും ഉപരിവര്‍ഗ്ഗത്തോട് വിധേയത്വമുള്ള പല സംഘടനകളും അനങ്ങുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ പ്രവാസികള്‍ക്കായി നടത്തുന്ന പല പേരിലുള്ള ഷോകള്‍, മെഗാഷോകള്‍ കാണാറുണ്ട്. ഇതിലൂടെ പ്രവാസികള്‍ക്ക് എന്തെങ്കിലും ഗുണം ലഭിച്ചോ? കേരളത്തില്‍ മറ്റൊരു സുഹൃത്ത് അവരുടെ വില്ലേജ് ഓഫീസില്‍ കുട്ടികളുടെ പേരിലേക്ക് വീട് എഴുതിവയ്ക്കാന്‍ പതിനഞ്ചുദിവസത്തെ അവധിക്കുപോയി. ഇതിന് കുറഞ്ഞത് മൂന്ന് മാസമെടുക്കും. പെട്ടെന്ന് ചെയ്യണമെങ്കില്‍ കൈക്കൂലി കൊടുക്കണം. സുഹൃത്തു ശപിച്ചുകൊണ്ട് നല്ലൊരു തുക കൈക്കൂലി കൊടുത്തിട്ടാണ് വീട് കുട്ടികളുടെ പേരിലാക്കിയത്. ഈ കൈക്കൂലിപ്പണം കൊണ്ടാണല്ലോ ഇവര്‍ സ്വന്തം മക്കള്‍ക്ക് ആഹാരം കൊടുക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
എല്ലാവരും അഴിമതിക്ക് ബിരുദമെടുത്ത് പാലം പണിയാനും പൊളിക്കാനും, അത് പുതിയ പാര്‍ട്ടിക്ക് കൊടുത്ത് കമ്മീഷന് വാങ്ങാനും ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നവരാണ്. പഠനരംഗത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ ഉന്നതനായ രാജു നാരായണസ്വാമി, ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഐഎഎസ് ഉദ്യോഗസ്ഥന് ലോകത്തോട് പറഞ്ഞത് ഇതിനൊക്കെ അടിവരയിടുന്ന കാര്യങ്ങളാണ്. ആയിരക്കണക്കിന് അഴിമതി കഥകള്‍ അദ്ദേഹത്തിനറിയാം. അഴിമതി വീരന്മാരായ രാഷ്ട്രീയ ജന്മിമാര് അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ നമ്മള് അന്തംവിട്ടുപോകുന്നു. അണിയറയിലും അരങ്ങത്തും നടക്കുന്ന ഈ അഴിമതി ദൈവത്തിന്റ സ്വന്തം നാടിന് എത്ര അപമാനകരമാണ്? യുവാക്കള്‍ ഇതൊന്നും കാണുന്നില്ലേ?
പ്രവാസിയെ, പാവങ്ങളെ, കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, വിദ്യാസമ്പന്നരെ നാടുകടത്തുന്ന ഈ തട്ടിപ്പു ജനാധിപത്യം വേണമോയെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഭരണഘടനയില്‍ എടുത്തുപറയുന്ന കാര്യമാണ് പൗരന് തൊഴില്‍ ലഭിക്കണമെന്നത്. ഓരോ മലയാളിയെയും പ്രവാസികളാക്കുന്നത് ഭരണത്തിലുള്ളവരാണ്. ജനാധിപത്യത്തിന്റെ പേരുംപറഞ്ഞ് മരണംവരെ അധികാരത്തിലിരിക്കുന്ന ഇവിടത്തെ ഭരണവര്‍ഗ ജന്മി-മുതലാളിമാര്‍ നിത്യവും മലയാളികളെ നാടുകടത്തിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ കര്ഷകരെപ്പോലെ പ്രവാസികളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. പ്രവാസി സമൂഹം ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തിന് നീതി കിട്ടണമെന്നാണ്. പുനലൂരിലെ സുഗതന്റെ മക്കള്‍ക്ക് നീതി കിട്ടണമെന്നാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: