പള്ളുരുത്തി: കൊച്ചിക്കായലിലും വേമ്പനാട്ടു കായലിലും ‘കല്ലുമ്മക്കായ’ യുടെ ചാകര. മണ്‍സൂണ്‍ ട്രോൡങ് കാലത്ത് നാടന്‍ വള്ളങ്ങള്‍ക്കും മീന്‍ കിട്ടാനില്ലെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ പ്രതിഭാസം. പ്രളയത്തുനു ശേഷം ഉണ്ടായ പ്രകൃതി വിശേഷവും ഓരുവെള്ളത്തിന്റെ സാന്നിധ്യവുമാണ് കാരണമായി കരുതുന്നത്.
ഇഷ്ടവിഭവമായ കല്ലുമ്മക്കായ തിരക്കി മലബാറില്‍ നിന്ന് ഹോട്ടലുടമകള്‍ ധാരാളമായി കൊച്ചിയിലെത്തുന്നുണ്ട്. വന്‍തോതില്‍ കിട്ടുന്ന കല്ലുമ്മക്കായ, മലബാറിലേക്ക് ‘കയറ്റിഅയക്കുന്ന’ തിരക്കിലാണ് തൊഴിലാളികള്‍.
ഒന്നര മാസമായി കായല്‍പ്പരപ്പില്‍ കല്ലുമ്മക്കായയുടെ സാന്നിദ്ധ്യം കാണാന്‍ തുടങ്ങിയിട്ട്. തൊഴിലാളികള്‍ ചെറിയ തോതില്‍ ശേഖരിച്ചു തുടങ്ങിയതാണ്. ശേഖരിക്കുന്തോറും കൂടുതല്‍ സ്ഥലങ്ങളിലും തോതിലും കിട്ടിത്തുടങ്ങി. ഇതോടെ വിപണന സാദ്ധ്യതയെക്കുറിച്ച് അന്വേഷണമായി. കൊച്ചിയിലും വേമ്പനാട്ട് കായലിലും ധാരാളമായി ഉണ്ടെന്ന് അറിഞ്ഞതോടെ കോഴിക്കോട്, തലശേരി, കണ്ണൂര്‍ ഭാഗങ്ങളിലെ ഹോട്ടലുടമകള്‍ എത്രകിട്ടിയാലും വാങ്ങാന്‍ തയാറായി. ഇതോടെ ശേഖരിക്കുന്ന സംഘങ്ങളുടെ എണ്ണവും കൂടി.
കായലില്‍ കാണുന്ന പ്രതിഭാസത്തെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് തൊഴിലാളികള്‍ പ്രളയകാലത്തിനു ശേഷ മാണ് ഇത്തരം മാറ്റങ്ങളെന്നാണ് തൊഴിലാളികള്‍ പറഞ്ഞു. കല്ലുമ്മക്കായ ഉപയോഗിച്ച് വിവിധ തരം ഉത്പന്നങ്ങളും, ഗുളികകളും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ചിട്ടുണ്ട്. കൊച്ചിയിലെ വഴിയോരങ്ങളിലും, മാര്‍ക്കറ്റുകളിലും കല്ലുമ്മക്കായകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്. കായലിലെ മത്സ്യലഭ്യതക്കുറവുകൊണ്ടുണ്ടായ ക്ഷീണം കല്ലുമ്മക്കായയില്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
വില നൂറു മുതല്‍ 150 രൂപ വരെ
ഗോശ്രീ പാലങ്ങളുടെ കാലുകളിലും, ചീനവലക്കുറ്റികളിലും, ഊന്നല്‍ക്കുറ്റികളിലുമെല്ലാം കല്ലുമ്മക്കായ സമൃദ്ധമായി വളരുകയാണ്. പാലങ്ങളുടെ കാലുകളുടെ അടിത്തട്ടുവരെ വളര്‍ന്നു നില്‍ക്കുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. കൈയുറ ധരിച്ച് പ്രത്യേകമായുണ്ടാക്കിയ വലക്കൂടുകളിലാണ് ശേഖരിക്കുന്നത്.
ചെറുവള്ളങ്ങളില്‍ നിറയെ കരയയ്‌ക്കെത്തിച്ച് കായല്‍ മുരിങ്ങകള്‍ തിരിഞ്ഞു മാറ്റി വലുപ്പമനുസരിച്ച് ഇനം തിരിച്ചാണ് മലബാറിലേക്ക് അയക്കുന്നത്. കിലോക്ക് നൂറു മുതല്‍ 150 രൂപ വരെയാണ് വില. ഒരു വള്ളത്തില്‍ നൂറു കിലോ വരെ കല്ലുമ്മക്കായകള്‍ ശേഖരിക്കും. വേമ്പനാട്ടു കായലിലെ അരൂര്‍, ഇടക്കൊച്ചി, കുമ്പളം, പനങ്ങാട് പ്രദേശങ്ങളിലും വലിയ തോതില്‍ കല്ലുമ്മക്കായ ലഭിക്കുന്നുണ്ട്.
‘കഴിഞ്ഞ മഴക്കാലത്ത് ലഭിച്ച കൂടുതല്‍ മഴ കല്ലുമ്മേല്‍കായുടെ പ്രജനനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കടലിലേയും കായലിലേയും ഉപ്പിന്റെ സാന്ദ്രത ഒരേ തരത്തിലാകുമ്പോള്‍ കടല്‍ ജീവികള്‍ കായലിലേക്ക് കൂടുതലായി എത്തും. മഴയും ഉപ്പിന്റെ സാന്ദ്രതയും കല്ലുമ്മക്കായ കൂടുതലായി കായലിലേക്ക് എത്തിച്ചു. ഇക്കൊല്ലം മഴവൈകിയതും ഇവ കൂടുതലായി പെരുകാന്‍ കാരണമായി. മഴ ശക്തമായാല്‍ ഇവ കൂട്ടത്തോടെ നശിച്ചുപോകും’
(ഡോ. സുനില്‍ മുഹമ്മദ് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സിഎംഎഫ്ആര്‍ഐ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: