പിറവം: മണീട് കാരൂര്‍ സെന്റ് ഗ്രീഗോറിയോസ് യുപി സ്‌കൂള്‍ മുറ്റത്ത് മാനേജര്‍ വാഴയ്‌ക്ക് കുഴിയെടുത്തു. നാട്ടുകാരും കുട്ടികളും ചേര്‍ന്ന് തടഞ്ഞു. പരാതിയെ തുടര്‍ന്ന് ജെസിബിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലായി. പൂട്ടാന്‍ മാനേജ്‌മെന്റ് നിശ്ചയിക്കുകയും കോടതിയും വിദ്യാഭ്യാസ വകുപ്പും ഇടപെട്ട് നിലനിര്‍ത്തുകയും ചെയ്യുന്നതാണ് സ്‌കൂള്‍.
ഇന്നലെ രാവിലെ, സ്‌കൂള്‍ മാനേജര്‍ പൗലോസിന്റെ നേതൃത്വത്തില്‍ ജെസിബിയുമായെത്തിയാണ് സ്‌കൂള്‍ മുറ്റത്ത് വാഴ നടാന്‍ കുഴികളെടുത്തത്. കുട്ടികള്‍ ഓടിക്കളിക്കേണ്ട മുറ്റത്താണ് രണ്ടടിയോളം താഴ്ചയുള്ള കുഴിയെടുത്തത്. പിറ്റിഎ യുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംരക്ഷണത്തില്‍ സ്‌കൂള്‍ മുറ്റത്ത് കുഴിയെടുക്കുകയായിരുന്നു.
മുപ്പത്തിയെട്ട് വര്‍ഷം മുമ്പ് കാരൂര്‍പ്രദേശത്തെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഹരിജനങ്ങള്‍ക്കും വേണ്ടിയാണ് വിദ്യാലയം തുടങ്ങിയത്. മുന്നൂറോളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. പിന്നീട് വിദ്യാലയത്തില്‍ കുട്ടികള്‍ കുറഞ്ഞതോടെ എങ്ങനെയെങ്കിലും സ്‌കൂള്‍ നിര്‍ത്തണമെന്ന തീരുമാനമെടുത്ത മാനേജ്‌മെന്റ് കോടതിയില്‍നിന്ന് അനുകൂലവിധി നേടിയിരുന്നു.
സ്‌കൂള്‍ പ്രവേശനോത്സവത്തിന് വിദ്യാലയ ഓഫീസ് മാറ്റൊരു ഇരുമ്പ്‌വാതില്‍ പിടിപ്പിച്ച് പൂട്ടിയിടുകയും മുറ്റത്ത് സ്‌കൂള്‍ നിര്‍ത്തിയതായി ബോര്‍ഡും വച്ചിരുന്നു.
കഴിഞ്ഞമെയ്‌മാസത്തില്‍ തന്നെ സ്‌കൂളിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചിരുന്നു. പറ്റി എയും സര്‍ക്കാരും കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അന്തിമ തീരുമാനമാകുന്നതുവരെ സ്‌കൂള്‍ പ്രവര്‍ത്തിക്കുവാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലാണ് സ്‌കൂള്‍ വരാന്തയില്‍ ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നത്. സ്‌കൂള്‍ മുറ്റത്ത് കുഴിയെടുത്ത, ജെസിബിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്.
















