കൊച്ചി: കലൂര്‍-എളമക്കര റോഡിലെ പേരണ്ടൂരില്‍ ജപ്പാന്‍ കുടിവെള്ളപൈപ്പ് പൊട്ടി. കുടിവെള്ള വിതരണവും അതുവഴിയുള്ള ഗതാഗതവും നിലച്ചു. ഇന്ന് സാധാരണനിലയിലാകുമെന്ന് അധികൃതര്‍ പറയുന്നെങ്കിലും രണ്ടു ദിവസം കുടിവെള്ളം തടസപ്പെട്ടേക്കുമെന്നാണ് ആശങ്ക.
ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റോഡിന്റെ നടുവിലൂടെ കടന്നുപോകുന്ന വലിയ കാസ്റ്റയള്‍ പൈപ്പ് റോഡ് പൊളിച്ച് പുറത്തുവന്നു. റോഡ് നടുവില്‍ പൊങ്ങുന്നതാണ് ആദ്യം കണ്ടത്. ഇതോടെ ജനം പരിഭ്രാന്തിയിലായി. തുടര്‍ന്ന് ശക്തമായി വെള്ളം ചീറ്റുകയായിരുന്നു.
പൈപ്പ് പൊട്ടിയതാണെന്ന് തിരിച്ചറിഞ്ഞതോടെ വാട്ടര്‍ അതോറിറ്റിയില്‍ അറിയിച്ചു. അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും യഥാര്‍ത്ഥകാര്യം പിടികിട്ടിയിട്ടില്ല. മുഖ്യ പൈപ്പില്‍നിന്നുള്ള ചെറിയ പിവിസി പൈപ്പ് പൊട്ടിയതാകാം എന്നാണ് അതോറിറ്റിയുടെ പ്രാഥമിക നിഗമനം. എന്നാല്‍, ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍നിന്ന് ചെറിയ കണക്ഷനുകള്‍ ഇല്ല.
പൈപ്പ് പൊട്ടിയതോടെ പൂക്കാട്ടുപടിയില്‍നിന്നുള്ള പമ്പിങ് നിര്‍ത്തി. ഇന്ന് ഉച്ചയോടെ സാധാരണപോലെയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നും നാളെയും കലൂരില്‍ ഭാഗികമായും എളമക്കര പ്രദേശങ്ങളില്‍ മുഴുവനായും കുടിവെള്ളവിതരണം മുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷേര്‍ളി അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
റോഡിന് വിള്ളല്‍ സംഭവിച്ചിരിക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതവും നിര്‍ത്തിവെച്ചു. ഗതാഗതം പുനഃസ്ഥാപിക്കാന്‍ രണ്ട് ദിവസമെങ്കിലും താമസം ഉണ്ടാകും. കലൂരില്‍നിന്ന് എളമക്കരയ്‌ക്കുള്ള വാഹനങ്ങള്‍ താന്നിക്കലില്‍നിന്ന് വഴിതിരിച്ച് വിടുകയാണ്.
















