കുന്നത്തൂര്‍: സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശാസ്താംകോട്ട ശുദ്ധജല തടാകതീരത്തെ മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തി മണ്ണ് കടത്തിയിട്ടും അനങ്ങാതിരുന്ന റവന്യൂ അധികൃതര്‍ നാട്ടിലെ അനധികൃത കര മണ്ണ് ഖനനത്തിനെതിരെ പരിശോധനയുമായി രംഗത്തിറങ്ങി പരിഹാസ്യരാകുന്നു.
എക്‌സൈസ് കോംപ്ലക്‌സിന് വേണ്ടി കുന്നുകള്‍ ഇടിച്ചു നിരത്തി മണ്ണ് കടത്തിയത് വിവാദമായിരുന്നു. കോംപ്ലക്‌സിന്റെ ശിലാസ്ഥാപനത്തിനെത്തിയ മന്ത്രിയുടെ ഉറപ്പ് ലംഘിച്ച് കഴിഞ്ഞ ദിവസവും രാത്രിയില്‍ കുന്നിടിച്ച് നിരത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുന്നിടിച്ച് നിരപ്പാക്കിയ സ്ഥലത്തെ മണ്ണ് എവിടേക്ക് മാറ്റിയെന്നു പോലും റവന്യൂ അധികൃതര്‍ക്ക് അറിയില്ല. കേന്ദ്ര വെറ്റ്‌ലാന്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം പത്ത് വര്‍ഷം മുമ്പുള്ള ജലനിരപ്പിന് 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ല.
തടാകത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കും. സ്ഥിതി ഇങ്ങനെയായിരിക്കെ റവന്യു, പോലീസ് അധികൃതരുടെ മൂക്കിന് താഴെ നടന്ന നിയമ ലംഘനത്തിന് മൗനാനുവാദം നല്‍കിയവര്‍ തന്നെ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അനധികൃത കരമണ്ണ് ഖനനത്തിനെതിരെ ഉറക്കമിളച്ച് പരിശോധനയുമായി രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുന്നത്തൂര്‍ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ കുന്നത്തൂര്‍, പോരുവഴി, ശൂരനാട് മേഖലകളിലെ അനധികൃത ഖനനകേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ശൂരനാട് വടക്ക് പുലിക്കുളത്തുള്ള ഇഷ്ടിക ഫാക്ടറികളുടെ പരിസരത്ത് ഖനനം ചെയ്ത് സൂക്ഷിച്ചിരുന്ന 86 ലോഡ് ചെളി പിടിച്ചെടുത്തു.
ഹൈസ്‌ക്കൂള്‍ ജങ്ഷന്‍, പോരുവഴി വടക്കേമുറി, കുന്നത്തൂര്‍ കരിമ്പിന്‍പുഴ, തോട്ടത്തുംമുറി എന്നിവടങ്ങളിലെ നാല് ഭൂവുടമകള്‍ക്കെതിരെ അനധികൃത ഖനനം നടത്തിയതിന് കേസെടുത്തു. നാട്ടിലെ ഖനനത്തിനെതിരെ ഓടി നടന്നവര്‍ തടാകതീരത്തെ കുന്നിടിച്ച് മണ്ണ് കടത്തിയവര്‍ക്കെതിരെ എന്ത് നടപടിയെടുക്കും എന്ന ആകാംക്ഷയിലാണ് നാട്ടുകാര്‍.
















