ഈയിടെ പത്രങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു പരസ്യം കണ്ടു.
”ഞാറ്റുവേല ചന്ത സംസ്ഥാനതല ഉദ്ഘാടനം”
എന്നായിരുന്നു തലക്കെട്ട്. നമ്മള്‍ പറയുന്നത് ‘ഞാറ്റുവേലച്ചന്ത’ എന്നാണല്ലോ. എഴുതുമ്പോഴും അങ്ങനെയാണ് വേണ്ടത്. ‘ഞാറ്റുവേല’യെയും ‘ചന്ത’യെയും ചേര്‍ക്കരുതെന്ന് നിര്‍ബന്ധമുള്ളവരാണ് പരസ്യം തയ്യാറാക്കിയതെന്ന് തോന്നുന്നു. രണ്ടിനുമിടയ്‌ക്ക് നല്ലപോലെ സ്ഥലം വിട്ടിട്ടുണ്ട്! അകലം കണ്ടാല്‍ ‘ഞാറ്റുവേല’ എന്നു പറഞ്ഞ് അരമിനിറ്റു കഴിഞ്ഞേ ‘ചന്ത’ എന്നു പറയാവൂ എന്നു തോന്നും! ഞാറ്റുവേലയുടെയും ചന്തയുടെയും ഉദ്ഘാടനം വെവ്വേറെയാണോ എന്നും ചിലര്‍ സംശയിച്ചേക്കാം!
ചില പത്രങ്ങള്‍ ഇതിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ ‘ഞാറ്റുവേലച്ചന്ത’ എന്നു ശരിയായി പ്രയോഗിച്ചിട്ടുണ്ട്. പരസ്യത്തിലെപ്പോലെ ചില പത്രങ്ങള്‍ രണ്ടിനെയും അകറ്റിത്തന്നെ നിര്‍ത്തി. ‘ഞാറ്റുവേലച്ചന്ത’ ‘ഞാറ്റുവേല ചന്ത’ എന്നിങ്ങനെ മാറിമാറി പ്രയോഗിച്ച പത്രങ്ങളുമുണ്ട്.
സര്‍ക്കാരിന്റെ മലയാളത്തില്‍ ‘ഞാറ്റുവേലക്കിളി’, ‘ഞാറ്റുവേല കിളി’യും, ‘ഞാറ്റുവേലപ്പൂക്കള്‍’, ‘ഞാറ്റുവേല പൂക്കളും’ ആയേക്കാം!
സ്‌കൂളുകളില്‍ മലയാള ഭാഷാപഠനം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുമെന്നൊരു വാര്‍ത്തയും അതേ ദിവസത്തെ പത്രത്തില്‍ കണ്ടു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഭാഷാ സ്‌നേഹികളും ‘സര്‍ക്കാര്‍ മലയാള’ത്തെ കരുതിയിരിക്കുക!
അറിവില്ലായ്മകൊണ്ടു മാത്രമല്ല, അശ്രദ്ധകൊണ്ടും തെറ്റുകള്‍ വരാം.
ഒരു ചിത്രവിവരണം:
”ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ചിറ്റാറ്റുകര പഞ്ചായത്തുതല ഉദ്ഘാടനം വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യുന്നു”.
വാര്‍ത്തയിലെ ആദ്യ വാക്യം:
”ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ചിറ്റാറ്റുകര പഞ്ചായത്തുതല ഉദ്ഘാടനം വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു”.
അരോചകമാണ് ഈ ‘ഉദ്ഘാടന’ ഭ്രമം!
”പാലത്തിലെ നിര്‍മ്മാണ വിഴ്ചകള്‍ സ്വാഭാവികം മാത്രം എന്നു വിശദീകരിച്ചിരിക്കുന്നതിനെതിരെയാണ് ആക്ഷേപം”.
ഒന്നിനും അനുകൂലമായി ആക്ഷേപം ഉണ്ടാകാനിടയില്ല.
”പാലത്തിലെ നിര്‍മ്മാണ വീഴ്ചകള്‍ സ്വാഭാവികം മാത്രം എന്നു വിശദീകരിച്ചിരിക്കുന്നതിനാലാണ് ആക്ഷേപം” (ശരി)
”വിജിലന്‍സ് അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിനെതിരെ ആക്ഷേപം”
”വിജിലന്‍സ് അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ആക്ഷേപം”(ശരി)
”ഓരോ പൂവും പ്രകൃതിയിലേക്ക് മിഴി തുറന്നു വിടരുന്ന ഓരോ ആത്മാക്കളാണ്”.
”ഓരോ പൂവും പ്രകൃതിയിലേക്ക് മിഴി തുറന്നു വിടരുന്ന ഓരോ ആത്മാവാണ്” (ശരി)
ഭക്ഷണ ക്രമക്കേടുകളെക്കുറിച്ചുള്ള ലേഖനത്തില്‍ നിന്ന്:
”അമിതഭക്ഷണക്രമക്കേടുള്ള ആളുകള്‍ക്ക് അമിതഭക്ഷണം കഴിക്കുന്നതിന്റെ എപ്പിസോഡുകള്‍ ഉണ്ട്. അവര്‍ വളരെ കാലയളവില്‍ വളരെയധികം ഭക്ഷണം കഴിക്കുകയും ചെയ്യുന്നു”.
മനസ്സിലാക്കാന്‍ ‘വളരെ’ വിഷമം. ഭക്ഷണക്രമക്കേടുകള്‍ കൊണ്ടുണ്ടാകുന്ന വിഷമതകള്‍ സഹിക്കുകയാണ് ഇതിലും എളുപ്പം!
പിന്‍കുറിപ്പ്:
കാര്‍ട്ടൂണ്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല -മുഖ്യമന്ത്രി
കാര്‍ട്ടൂണിസ്റ്റുകളും സാംസ്‌കാരിക നായകരും സാംസ്‌കാരിക മന്ത്രിയും എപ്പോഴും ഓര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: