കണ്ണൂര്‍: പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ രാജിവെയ്‌ക്കാന്‍നുള്ള പാര്‍ട്ടിയുടെ ആവശ്യം തള്ളി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പികെ ശ്യാമള. പാര്‍ട്ടി അങ്ങേയറ്റം പ്രതിരോധത്തിലായതിനാല്‍ ശ്യാമളയോട് രാജി വെയ്‌ക്കാന ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനിടെ ഇവര്‍ രാജികത്ത് പാര്‍ട്ടിക്ക് നല്‍കിയെന്ന് നേതാക്കള്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, ഒരു മണിക്കൂറിനുള്ളില്‍ തന്നെ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് രാജിവെയ്‌ക്കില്ലെന്ന് ഇവര്‍ പറഞ്ഞു. പാര്‍ട്ടി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകളെല്ലാം പി കെ ശ്യാമള നിഷേധിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല.
ജില്ലാ സെക്രട്ടേറിയറ്റ് ചേരുമ്പോള്‍ത്തന്നെ മാധ്യമങ്ങളെ കണ്ട പി കെ ശ്യാമള താന്‍ രാജി വയ്‌ക്കാന്‍ തയ്യാറല്ലെന്നും അത്തരം ഒരു സന്നദ്ധതയും ആരോടും പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയെ വെല്ലുവിളിച്ച് രംഗത്ത് എത്തുകയായിരുന്നു. സിപിഎം. ജില്ലാ കമ്മിറ്റി അംഗവും കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ ഭാര്യയുമായ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരേ അച്ചടക്കനടപടിവേണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ജനകീയ പ്രതിഷേധം ശക്തമായതോടെ
ശ്യാമളയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നും പാര്‍ട്ടിയില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നഗരസഭാധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍, കടുത്ത വിമര്‍ശനമാണു ശ്യാമളയ്‌ക്കെതിരേ ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് യോഗത്തില്‍ അവര്‍ കരയുകയും ചെയ്തു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി ശ്യാമളയ്‌ക്കെതിരേ നടപടി ശിപാര്‍ശ ചെയ്തിരുന്നു. നഗരസഭാധ്യക്ഷയുടെ ഏകപക്ഷീയശൈലി പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നു യോഗം കുറ്റപ്പെടുത്തി.
















