ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച 341 കിലോ സ്വര്‍ണം എസ്ബിഐക്ക് കൈമാറി. ശുദ്ധീകരിച്ച ശേഷമാണ് എസ്ബിഐ മൂല്യം നിര്‍ണയിക്കുക. എസ്ബിഐയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ സ്വര്‍ണം, മുംബൈ ഗവണ്‍മെന്റ് മിന്റിലേക്കാണ് കൊണ്ടുപോകുന്നത്.
ശുദ്ധീകരണ പ്രക്രിയയ്‌ക്കാണ് മുംബൈ മിന്റിനെ ആശ്രയിക്കുന്നത്. ശുദ്ധീകരിച്ച സ്വര്‍ണം എസ്ബിഐയില്‍ ഡിപ്പോസിറ്റാക്കി മാറ്റും. സ്വര്‍ണ്ണവില കണക്കാക്കി രണ്ടര ശതമാനം പലിശ ദേവസ്വത്തിന് ലഭ്യമാക്കാം എന്ന ധാരണയിലാണ് കൈമാറ്റം. രണ്ടര കോടിയോളം രൂപയാണ് ഈ ഇനത്തില്‍ ലഭ്യമാകുക. ഭക്തര്‍ സമര്‍പ്പിച്ച 2018 വരെയുള്ള സ്വര്‍ണവരവാണ് ഇപ്പോള്‍ നല്‍കിയത്. എട്ടുവര്‍ഷം മുമ്പും ഇത്തരത്തില്‍ സ്വര്‍ണം ശുദ്ധീകരിച്ച് ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.
ഇത് ശരാശരി 600 കിലോയ്‌ക്കടുത്ത് വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇത്തരത്തില്‍ സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കുന്നതോടെ ദേവസ്വത്തിന് ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാം. വിവിധകാലങ്ങളിലായി ദേവസ്വത്തിന് ജനങ്ങളില്‍ നിന്ന് വഴിപാടായി ലഭിച്ചതാണ് സ്വര്‍ണം. വിലപിടിപ്പുള്ള കല്ലുകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപത്തിനായി എടുത്തിട്ടില്ല. ചില കിരീടങ്ങളിലെ രത്നങ്ങള്‍ പറിച്ചെടുത്ത് സൂക്ഷിച്ച ശേഷം കിരീടങ്ങളും ഇന്നലെ നല്‍കിയ സ്വര്‍ണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രത്നങ്ങളുടെ വില മതിക്കാനുള്ള പ്രയാസം മൂലം അവ ക്ഷേത്ര കരുതല്‍ സ്വര്‍ണമായി അവശേഷിക്കുന്നുണ്ട്.
അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍, ഭരണസമിതി അംഗങ്ങളായ പി. ഗോപിനാഥന്‍, എ.വി, പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, എസ്ബിഐ മാനേജര്‍ വിഷ്ണു, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
















