പറവൂര്‍: പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഫ്രീസറില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് നിര്‍ത്തലാക്കി. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ആക്ഷേപമുയരുന്നു. സാധാരണക്കാര്‍ ആരെങ്കിലും മരിച്ചാല്‍ ഇവരുടെ ബന്ധുക്കള്‍ ആരെങ്കിലും ദൂരെനിന്ന് വരുന്നതുവരെ മൃതദ്ദേഹം സൂക്ഷിച്ചിരുന്നത് താലൂക്ക് ആശുപത്രിയിലായിരുന്നു. എന്നാല്‍ ആറ് മാസമായി മൃതദേഹങ്ങള്‍ ഒന്നും മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിക്കുന്നില്ല.
വാര്‍ഡ് ജനപ്രതിനിധിയുടെ ശുപാര്‍ശയോടെ മൃതദേഹങ്ങള്‍ക്ക് നിശ്ചിത ഫീസ് ഈടാക്കി ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് അധികാരമുണ്ടെങ്കിലും മോര്‍ച്ചറിയുടെ ചുമതലയുള്ള ഡോക്ടറുടെ പിടിവാശി മൂലമാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പറ്റാതെ വന്നത്. മൃതദേഹങ്ങള്‍ കൊണ്ടുവരുമ്പോള്‍ തന്നെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റാന്‍ നിര്‍ബന്ധിക്കാറുണ്ട്. സ്വകാര്യ ആശുപത്രികളില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് മൂവായിരം രൂപയാണ് ഫീസ്. താലൂക്ക് ആശുപത്രിയില്‍ വെറും 550 രൂപയായിരുന്നു ഫീസ്.
സാധാരണക്കാര്‍ മൃതദ്ദേഹം സൂക്ഷിക്കുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട അവസ്ഥയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ താലൂക്ക് ആശുപത്രിയിലെ ഫ്രീസറില്‍ തന്നെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സൂപ്രണ്ടിനെ ഉപരോധിക്കുന്നതടക്കമുള്ള പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് ബിജെപി പറവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ പറഞ്ഞു.
















