പള്ളുരുത്തി: യാത്രാദുരിതം അവസാനിക്കാതെ ഇടക്കൊച്ചി സംസ്ഥാനപാത. കുടിവെള്ള പൈപ്പിടുന്നതിനായി കുഴിയെടുത്ത റോഡ് കഴിഞ്ഞ ഒന്‍പതുമാസമായി തകര്‍ന്നു കിടക്കുകയാണ്. മാധ്യമങ്ങളുടെ ഇടപെടലോടെ സ്റ്റാന്റ് മുതല്‍ സജീവ് റോഡുവരെയുള്ള ഭാഗം ടാര്‍ ചെയ്തു. എന്നാല്‍ മഴ തുടങ്ങിയതോടെ രണ്ടുകിലോ മീറ്റര്‍ വരെയുള്ള റോഡിന്റെ പണി നിര്‍ത്തി. ഇതിന് പുറമേ കഴിഞ്ഞ ദിവസം രാത്രി കുത്തിപ്പൊളിച്ച റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ചെളി തളളി. കുഴി നികത്താനായി എത്തിച്ച പൂഴിയും സാന്റും കലര്‍ന്ന മിശ്രിതമാണ് റോഡില്‍ വിതറിയത്. വെള്ളം നിറഞ്ഞുകിടന്ന കുഴികളില്‍ ചെളിനിറഞ്ഞതോടെ ബൈക്കുകളില്‍ എത്തിയവര്‍ പലരും റോഡില്‍ തെന്നി വീണു, കാല്‍നടക്കാര്‍ക്ക് റോഡിലൂടെ നടന്നു പോകാന്‍കഴിയാതായി.
തകര്‍ന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഇടക്കൊച്ചിയിലേക്കുള്ള സ്വകാര്യബസുകള്‍ ഇന്നലെ പാമ്പായി മൂലയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. മുന്നറിയിപ്പില്ലാതെയുള്ള സ്വകാര്യ ബസുകളുടെപണിമുടക്ക് യാത്രക്കാരെ വലച്ചു. തകര്‍ന്ന് ചെളിനിറഞ്ഞ റോഡിലൂടെ കിലോമീറ്ററോളം താണ്ടി പാമ്പായി മൂലയില്‍ വന്നാണ് ജനം സ്വകാര്യ ബസില്‍ കയറിപ്പറ്റിയത്.
നാട്ടുകാര്‍ പാലത്തില്‍ കുത്തിയിരുന്നു
പള്ളുരുത്തി: കുണ്ടും, കുഴിയും നിറഞ്ഞ ഇടക്കൊച്ചി പലമുറ്റം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഇടക്കൊച്ചികണ്ണങ്ങാട്ട് ഐലന്റ് പാലത്തില്‍ കുത്തിയിരുന്നു.കൊച്ചി നഗരസഭയുടെ ചുമതലയിലുള്ള റോഡ് കഴിഞ്ഞ രണ്ട് വര്‍ഷമായി തകര്‍ന്നു കിടക്കുകയാണ്.
മഴ പെയ്തതോടെ ഇതുവഴിയുള്ള യാത്രദുരിതമായി. കണ്ണങ്ങാട്ട് പാലത്തിലേക്ക്‌വരുന്ന വാഹനങ്ങള്‍ ഇതിലൂടെയാണ് കടന്നു വരുന്നത്.അപകടങ്ങള്‍ കൂടീയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരവുമായിരംഗത്ത് എത്തി.
നഗരസഭാ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 25ന് റോഡുനിര്‍മ്മാണം ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി.പള്ളുരുത്തി സി.ഐ.യുടെ നിര്‍ദ്ദേശപ്രകാരംവലിയവാഹനങ്ങള്‍ക്ക് റോഡിലൂടെ പ്രവേശനമില്ലെന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.ബിന്ദു പുണ്ഡരീകാക്ഷന്‍, രംഗനാഥന്‍, ഷെര്‍മ്മന്റിവറോ, ഷിജിസുനി, കെ.പി. പുണ്ഡരീയാക്ഷന്‍,സി.പി.ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.
















