വിഭജനത്തിന്റെ വിജയം എന്ന തലക്കെട്ടില്‍ എം.പി. വീരേന്ദ്രകുമാര്‍ ജൂണ്‍ 16ലെ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനുള്ള മറുപടി സാധാരണഗതിയില്‍ ആ പത്രത്തില്‍ തന്നെയാണ് പ്രസിദ്ധീകരിക്കേണ്ടത്. പക്ഷേ, ദീര്‍ഘകാലത്തെ പാരമ്പര്യവും പ്രശസ്തിയുമുള്ള ആ പത്രത്തിന്റെ ഉള്ളടക്കം ഇപ്പോള്‍ തീരുമാനിക്കുന്നത് പത്രാധിപരല്ല, പത്ര അധിപരാണെന്ന് സ്വന്തം അനുഭവംകൊണ്ട് മനസ്സിലായി. അതുകൊണ്ടാണ് സ്വാതന്ത്ര്യ സമരകാലത്തെ മാതൃഭൂമിയുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്ന ജന്മഭൂമി അതിന് തെരഞ്ഞെടുത്തത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിക്കുമുണ്ടായ അഭൂതപൂര്‍വമായ വിജയം, അത് തടയാന്‍ പല രീതിയിലും പരിശ്രമിച്ച് പരാജയപ്പെട്ടവര്‍ക്ക് നിരാശയും ആശ്ചര്യവും കൂട്ടത്തില്‍ വിദ്വേഷവും സമ്മാനിച്ചു എന്നുള്ളത് പ്രകടമാണ്. ആ പട്ടികയില്‍ എല്ലാക്കാലത്തും ഹിന്ദുക്കളെ ഭത്സിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള വീരേന്ദ്രകുമാറും ഉള്‍പ്പെടുമെന്ന് അദ്ദേഹം തന്റെ ലേഖനത്തിലൂടെ ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ ജാതി-മത സമവാക്യങ്ങള്‍ അമ്പേ പരാജയപ്പെട്ടുവെന്നും അപ്രസക്തമാക്കപ്പെട്ടുവെന്നും സുവിദിതമാണ്. ഉത്തരേന്ത്യയില്‍ സ്വന്തം ജാതിക്കാര്‍ക്ക് മാത്രം വോട്ട് നല്കുന്ന പതിവുശൈലി മാറ്റി മറ്റെന്തോ വികാരത്തിന് വശംവദരായി ഒറ്റക്കെട്ടായി വോട്ടുചെയ്ത കാഴ്ചയാണ് ഇപ്രാവശ്യം കണ്ടത്. വീരേന്ദ്രകുമാറും അദ്ദേഹത്തെപ്പോലുള്ള പഞ്ചനക്ഷത്ര സോഷ്യലിസ്റ്റുകളും ‘പുരോ’ വിഭാഗത്തിലാണെന്ന് സ്വയം അവകാശപ്പെടുമ്പോഴും അതിനെ കാണുന്നത് വിഭജനത്തിന്റെ വിജയമായിട്ടാണ്. എന്നാല്‍ ഇതേ വിഭാഗത്തില്‍പ്പെട്ട പ്രമുഖ മാധ്യമങ്ങള്‍, വിദേശമാധ്യമങ്ങളടക്കം, അതിനെ പ്രകീര്‍ത്തിക്കുന്നു.
ചരിത്രത്തില്‍ ആദ്യമായി ജാതിചിന്ത വോട്ടര്‍മാരുടെ മനസ്സില്‍നിന്ന് പരിപൂര്‍ണമായും അപ്രത്യക്ഷമായി. മറ്റെന്തോ ഏകീകരണത്തിന്റെ പ്രേരകശക്തി അവരെ സ്വാധീനിച്ചു. ഇത് സ്വാഗതാര്‍ഹമായ മാറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന് വരുത്തുന്നു എന്നാണ് മിക്ക വിദേശ, സ്വദേശി മാധ്യമങ്ങളും അഭിപ്രായപ്പെട്ടത്. ആ പ്രേരകശക്തി ദേശീയ ബോധമാണെന്നുള്ളത് കപടമതേതര വാദികളെ നിരാശരാക്കുന്നു. കാരണം സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലും ‘താഴ്ന്ന ജാതി’ എന്ന് ഉയര്‍ന്ന ജാതിക്കാര്‍ വിശേഷിപ്പിക്കുന്നവരും ഒരു പൊതുവികാരത്തിനടിമപ്പെട്ട് വോട്ട് രേഖപ്പെടുത്തി എന്നുള്ളത് ഇക്കൂട്ടര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്ന ഏകതാമനോഭാവം നഷ്ടപ്പെട്ട് മതം, ജാതി, ഭാഷ, ദേശം എന്നീ ഘടകങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നു എന്ന് രാജ്യസ്നേഹികള്‍ വിലപിക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ താത്ക്കാലിക ലാഭത്തിനുവേണ്ടി ജാതിമത പ്രാദേശിക ചിന്തകള്‍ ഊതിവീര്‍പ്പിച്ച വിജയം കൈക്കലാക്കുന്ന അനാരോഗ്യകരമായ പ്രവണത രാജ്യത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു. സോഷ്യലിസ്റ്റ് അനുഭാവികളാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന മുലായംസിങ് യാദവും, ലാലുപ്രസാദ് യാദവും ഒക്കെത്തന്നെ സ്വന്തം ജാതീയ വോട്ടുകളിലാണ് രാഷ്ട്രീയമായി നിലനിന്നിരുന്നത്.
ബഹുജന്‍ സമാജ്പാര്ട്ടി എന്ന് സ്വയം വിളിക്കുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശിലെ ചില ജാതികളെയും ഉപജാതികളെയും മാത്രം നിലനില്‍പ്പിന് ആശ്രയിക്കുന്ന നേതാവാണ് മായാവതി. സമ്മതിദായകരെ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും വേര്തിരിപ്പിച്ച് തമ്മിലടിപ്പിച്ച് ജയിച്ച് കയറുന്ന തന്ത്രമായിരുന്നു ഈ ‘സോഷ്യലിസ്റ്റുകള്‍’ നടത്തിയിരുന്നത്. എന്നാല്‍ ഇക്കുറി ആ അടവ് ഫലിച്ചില്ല. ഉത്തര്‍പ്രദേശിലും ബീഹാറിലും അടക്കമുള്ള പിന്നാക്കസമുദായക്കാര്‍ ജാതി പരിപൂര്‍ണമായും വിസ്മരിച്ചുകൊണ്ട് മറ്റെന്തോ പ്രേരകശക്തിയാല്‍ ഒറ്റക്കെട്ടായി ജാതി ചിന്തയില്‍ വിഭജിക്കുന്നവരെ പരിപൂര്‍ണമായും തറപറ്റിച്ചു. ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സഹോദരന്മാര്പോലും ഈ തീവ്ര വികാരത്തിന്റെ സ്വാധീനത്തിലാണ് വോട്ട് ചെയ്തത്.
എന്താണ് ഈ ചേതോവികാരം? ഇന്ത്യന്‍ ദേശീയത, ഭാരതീയത, രാജ്യം ഒന്നാണെന്ന ചിന്ത. ജാതിമത ചിന്തകള്‍ക്ക് അതീതമായി നാം ഇന്ത്യക്കാരെല്ലാം ഒറ്റക്കെട്ടാണ്. ഈ ചിന്തയാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചത്. പടിഞ്ഞാറും കിഴക്കും ഹിന്ദി ഹൃദയങ്ങളിലും കശ്മീരിലും ദല്‍ഹിയിലും ഇതേവികാരം അലയടിച്ചു.
ഇതെങ്ങനെ വിഭജനത്തിന്റെ വിജയമാകും? പ്രത്യേകിച്ചും, സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ ദൃഷ്ടിയില്? സോഷ്യലിസം സമത്വത്തിന് വേണ്ടിയാണ് എന്നാണ് അതിന്റെ പ്രോക്താക്കള്‍ അവകാശപ്പെടുന്നത്. അപ്പോള്‍ അവര്‍ സങ്കുചിതമായ ജാതിമത ചിന്തകളെ എതിര്‍ക്കേണ്ടതല്ലെ? ജനാധിപത്യ വ്യവസ്ഥയില്‍ ഒരു പൗരന്റെ ഏറ്റവും പരമപ്രധാനമായ അവകാശം വിനിയോഗിക്കുമ്പോള്‍ സങ്കുചിതചിന്തകള്‍ അവനെ കീഴ്പ്പെടുത്തുന്നതിന് പകരം വിശാലമായ രാജ്യതാത്പ്പര്യങ്ങള്‍ അവനെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അതെങ്ങനെ സോഷ്യലിസ്റ്റ് വിരുദ്ധമാകും, വിഭജനമാകും. മറിച്ച് രാജ്യം എത്രയോ കാലമായി കാംക്ഷിച്ചിരുന്ന ഏകീകരണ പ്രക്രിയയല്ലേ അത്. കശ്മീരിലേയും ദല്‍ഹിയിലേയും കര്‍ണാടകത്തിലേയും വോട്ടര്‍മാര്‍ ഒരേ രീതിയില്‍ ചിന്തിക്കുന്നത് തന്നെ രാജ്യത്തിന്റെ ഐക്യത്തിനും ഉയര്‍ച്ചയ്ക്കും ഉപയുക്തമല്ലെ?
അപ്പോള്‍ നമ്മുടെ പഞ്ചനക്ഷത്ര സോഷ്യലിസ്റ്റിന് എന്തുപറ്റി? അദ്ദേഹം പറഞ്ഞ് പറഞ്ഞ് ഉപയോഗിച്ച് തുരുമ്പെടുത്ത ആശയങ്ങള്‍ ജനങ്ങള്‍ തിരസ്കരിച്ചപ്പോള്‍ നിരാശരാകുന്നത് സ്വാഭാവികം. രോഷമുണ്ടാകുന്നതും അസാധാരണമല്ല. പക്ഷേ അടുത്തകാലത്തൊന്നും കാണാത്ത രീതിയില്‍ ഒരോ വലിയ ജനവിഭാഗവും എല്ലാ വിഭാഗീയ ചിന്തകളേയും തിരസ്കരിച്ച് നേടിയ വിജയം വിഭജനത്തിന്റെ വിജയമാണ് എന്ന് ആക്രോശിക്കുന്നത് ആ ജനങ്ങളെ അവഹേളിക്കലാണ്, തരംതാഴ്ത്തലാണ്.
പോകട്ടെ, നമ്മുടെ സോഷ്യലിസ്റ്റ് ആചാര്യന് ഏത് ചേരിയിലായിരുന്നു? അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ കൂടുതലും കണ്ടത്, ഇന്ത്യാ വിഭജനകാലത്ത് പാറിപ്പറന്നിരുന്ന ഒരു കൊടിയാണ്. നിര്‍ദോഷിയായ ഒരു എല്‍കെജി വിദ്യാര്‍ത്ഥി ചോദിച്ചു ഇതെന്താണ് പാക്കിസ്ഥാന്റെ കൊടി ഇവിടെ കാണുന്നത് എന്ന്. വയനാട്ടിലെ നമ്മുടെ സോഷ്യലിസ്റ്റ് നേതാവിന്റെ പണ്ടത്തെ പാളയത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുടെ പിതാമഹനാണ് പണ്ട് പറഞ്ഞത്, ഇന്നദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണയിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച രാഷ്ട്രീയകക്ഷി ചത്തകുതിരയാണെന്ന്. ആ ചത്ത കുതിരയ്ക്ക് ജീവന് കൊടുക്കുകയും പടക്കുതിരയായി അതിനെ മാറ്റുകയും രാജ്യസഭാസീറ്റും സ്ഥാനാര്‍ത്ഥി നിര്‍ണയവും നടത്തുന്നതില്‍ പോലും ആധികാരികമായ അമിതപ്രഭാവം ഉണ്ടാക്കിക്കൊടുക്കുകയും, ഇന്ന് മതേതര മുന്നണി എന്ന് അവകാശപ്പെട്ടുകൊണ്ട് അതിന്റെ നേതൃസ്ഥാനത്ത് ആ ചത്ത കുതിരയെ അവരോധിക്കുകയും ചെയ്തതിന്റെ പങ്ക് നമ്മുടെ സോഷ്യലിസ്റ്റ് സഖാവിന് നിഷേധിക്കാന്‍ പറ്റുമോ.
ആ കക്ഷിയുടെ ജന്മം തന്നെ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി നിലകൊള്ളാനാണ്. രാജ്യം ഭാഷയുടെയോ, വേഷത്തിന്റെയോ, ജാതിയുടെയോ പേരിലല്ല വിഭജിക്കപ്പെട്ടത്. മതത്തിന്റെ പേരിലാണ്. അതുകൊണ്ടാണ് വിശാലമായ കാഴ്ചപ്പാടുള്ളവര്‍ അക്കൂട്ടരെ ചത്തകുതിരയെന്ന് വിശേഷിപ്പിച്ചത്. വിരോധാഭാസമെന്ന് പറയട്ടെ ഇവിടത്തെ ‘പുരോ’ വര്‍ഗ്ഗമാണ് മതേതരത്വത്തിന്റെ പരിവേഷം അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തത്. ഇന്നും വിഭജനത്തിന്റെ ഭാഷ സംസാരിക്കുന്ന ആ കക്ഷിയുടെ ഔദാര്യത്തിലാണ് കേരളത്തിലെ പത്തൊന്‍പത് സീറ്റിലും വിജയമുറപ്പിച്ചത് എന്ന് പറഞ്ഞത് ആര്‍എസ്എസ്സുകാരനോ ഹിന്ദുവര്‍ഗീയവാദികളോ അല്ല, സാക്ഷാല്‍ അസറുദ്ദീന് ഓവൈസിയാണ്, ഹൈദരാബാദിലെ തീ തുപ്പുന്ന പാര്‍ലമെന്റ്അംഗം.
ഈ രാജ്യത്തെ നിര്ഭാഗ്യവാന്മാരായ ജനങ്ങള്‍ കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന കൊടിയ ദാരിദ്ര്യം, തൊഴിലില്ലായ്മ, ആരോഗ്യപ്രശ്നങ്ങള്‍, ജലദൗര്‍ലഭ്യം തലചായ്ക്കാന്‍ പോലും ഇടമില്ലായ്മ എന്നിവയെക്കുറിച്ചൊന്നും ‘പുരോ’ വിഭാഗത്തിന് ജനങ്ങളോട് ഒന്നും പറയാനുണ്ടായിരുന്നില്ല. അവര്‍ പറഞ്ഞത്, മതേതരത്വം. മറുപടിയായി ജനം പറഞ്ഞു; കടക്ക് പുറത്ത്.
അപ്പോള്‍ തത്ത്വദീക്ഷയില്ലാത്ത കൂട്ടുകെട്ടുകളുണ്ടാക്കി എങ്ങനെയും സ്ഥാനം നേടുകയോ നിലനിര്‍ത്തുകയോ ചെയ്യുന്ന കപട പുരോഗമനവാദികളോ ഏകീകരണത്തിന്റെ മാസ്മരസന്ദേശംകൊണ്ട് ജനങ്ങളെ കോര്ത്തിണക്കുന്നവരോ-ആരാണ് വിജയിക്കേണ്ടത്? ജനം മറുപടി നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: