പള്ളുരുത്തി: സാമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്റര്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഇടക്കൊച്ചി ജ്ഞാനോദയം സഭ ശതാബ്ദിയാഘോഷത്തിന്റെ സമാപന സമ്മേളനം ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തൊട്ടുകൂടായ്‌മക്കും വിവേചനത്തിനുമെതിരെ സാമൂഹ്യ സമത്വത്തിനു വേണ്ടി വേമ്പനാട് കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി കായല്‍സമരം നടത്തിയ വ്യക്തിത്വമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍. കായല്‍ സമരം ജാതിവിവേചനത്തിനും ജീര്‍ണാചാരങ്ങള്‍ക്കും ഭരണത്തിലെ ദുര്‍വൃത്തിയ്‌ക്കുമെതിരായ പ്രതിഷേധമായിരുന്നു കായല്‍ സമ്മേളനമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇടക്കൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് ജ്ഞാനോദയം സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണ്. പാവപ്പെട്ടവര്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതിലും, വീട് നിര്‍മിച്ചു കൊടുക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്നതിലും സഭ ഏറെ ശ്രദ്ധിക്കുന്നു. പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ച ജ്ഞാനോദയം സഭ പാവപ്പെട്ടവര്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ ബഹുദൂരം മുന്നേറട്ടെ എന്ന് ഗവര്‍ണര്‍ ആശംസിച്ചു.
എം സ്വരാജ് എംഎല്‍എ അധ്യക്ഷനായി. കലാസാംസ്‌കാരിക രംഗത്ത് സംഭാവന നല്‍കിയ വ്യക്തികളായ എസ്. രമേശന്‍, ചന്തിരൂര്‍ ദിവാകരന്‍, ഡോ.കെ.എസ്. അജയകുമാര്‍, പി.എസ്. ബാലകൃഷ്ണന്‍ നായര്‍, ശില്പി എ.എം. രതീഷ് കുമാര്‍, ഡോക്ടറേറ്റ് നേടിയ കെ.എ. ബിനു, ആര്‍. രഞ്ജിഷ, എം.പി. പ്രവിത, പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ വിഷ്ണു പ്രമോദ്, നന്ദന ഷാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരത്തിനു മുന്നില്‍ സ്ഥാപിക്കുന്ന കറുപ്പന്‍ മാസ്റ്ററുടെ വെങ്കല പ്രതിമ ഗവര്‍ണര്‍ ധീവരസഭ സംസ്ഥാന നേതാക്കള്‍ക്ക് കൈമാറി. ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, എസ്. ശര്‍മ, പ്രസിഡന്റ് എ.ആര്‍. ശിവജി, സെക്രട്ടറി കെ.ആര്‍. ഉമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















