തിരുവന്തപുരം: യുവതിയോട് അശ്ലീലമായ ഫോണിലൂടെ സംസാരിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു. ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയിലാണ് കല്‍പ്പറ്റ പൊലീസാണ് നടനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.
ഒരു പരിപാടിക്ക് ക്ഷണിക്കാനായി വിനായകനെ വിളിച്ചുപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് അടുത്തിടെ മൃദുല ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഈ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
അന്ന് മൃദുല ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂര്‍ണരൂപം:
നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.
















