തിരുവനന്തപുരം: സേവാഭാരതിയുടെ സംരക്ഷണയില്‍ കഴിയുന്ന എം.സ്നേഹയ്ക്ക് അന്തിയുറങ്ങാന്‍ വീടൊരുങ്ങുന്നു. വെണ്‍പാലവട്ടം ഈറോഡ് ലക്ഷംവീട് കോളനിയില്‍ സ്നേഹയുടെ അച്ഛനും അമ്മയും നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ പാതിവഴിയിലായ വീടാണ് പൂര്‍ത്തിയാകുന്നത്. ബിജെപി-യുവമോര്‍ച്ച സേവാസെല്ലാണ് വീട് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. സേവാ സെല്ലിന്റെ തിരുവനന്തപുരത്തെ രണ്ടാമത്തെ ദൗത്യമായ ഈവീട് പൂര്‍ത്തീകരിക്കാന്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
പ്രധാനമന്ത്രിയുടെ ഭവന നിര്‍മ്മാണ പദ്ധതിയിലുളള സാമ്പത്തിക സഹായത്തിലാണ് സ്നേഹയുടെ അച്ഛനും അമ്മയും വീട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. നഗരസഭ വഴി അനുവദിച്ച രണ്ട് ഗഡുവനുസ്സരിച്ചുളള നിര്‍മ്മാണം പൂര്‍ത്തിയാക്കി. എന്നാല്‍ മൂന്നാമത്തെ ഗഡു അനുവദിക്കണമെങ്കില്‍ വീടിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ സ്നേഹയുടെ കുടുംബത്തിന് വീടിന്റെ മേല്‍ക്കൂര വാര്‍ക്കാനുളള പണമില്ലാതായതോടെ വീട് നിര്‍മ്മാണം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭവനനിര്‍മ്മാണത്തിലെ വ്യവസ്ഥകള്‍ പറഞ്ഞ് മാനുഷിക പരിഗണനപോലും നല്‍കാതെ നഗരസഭ അധികൃതര്‍ അവഗണിക്കുകയായിരുന്നു. ഡിവൈഎഫ്ഐക്കാരുടെ നിരന്തര ശല്യത്തെ തുടര്‍ന്നാണ് സ്നേഹ ബിജെപിയെ സമീപിക്കുന്നത്.
ശല്യം സഹിക്കവയ്യാതെ പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ വീടിനു നേരെ അക്രമമുണ്ടായി. ബിജെപി ഇടപെട്ട് സ്നേഹയെ ബാലികാസദനത്തിലാക്കുകയായിരുന്നു. സ്നേഹയ്ക്ക് നേരിട്ട പ്രതിസന്ധിയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സ്നേഹയുടെ വീട്ടിലെത്തിയതോടെയാണ് വീടിന്റെ ദുരവസ്ഥ അറിയുന്നത്. മതിലിനോട് ചേര്‍ന്ന് ടാര്‍പ്പാളിന്‍ കൊണ്ട് മറച്ചഷെഡും സമീപത്ത് മേല്‍ക്കൂരയില്ലാത്ത വീടുമാണ് ഉണ്ടായിരുന്നത്.
ടിബി രോഗിയായ അച്ഛനും ഹൃദയരോഗിയായ അമ്മയും അനുജനും അമ്മൂമ്മയും അടങ്ങുന്ന സ്നേഹയുടെ കുടുംബം അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡില്‍ അന്തിയുറങ്ങുന്ന അവസ്ഥ നേരിട്ടറിഞ്ഞു. തുടര്‍ന്ന് സ്നേഹയ്ക്കരുകിലെത്തിയ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാസുരേന്ദ്രന് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്‍കി. യുവമോര്‍ച്ച സേവാസെല്‍ നിര്‍മ്മാണ ദൗത്യം ഏറ്റെടുത്തു.
ടി.പി. സെന്‍കുമാര്‍, ബിജെപിജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് എന്നിവരെത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തി. സേവാഭാരതിയുടെ സംരക്ഷണയില്‍ ബാലികാ സദനത്തില്‍ കഴിയുന്ന പഠിത്തത്തില്‍ മിടുക്കിയായ സ്നേഹയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടണമെങ്കില്‍ അതിനാവശ്യമായ സഹായത്തിന് പുറമെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന വീടിന് വേണ്ട സാധന സാമഗ്രികള്‍ വാങ്ങുന്നതിനുളള സഹായവും ഉണ്ടാകുമെന്ന് ടിപി. സെന്‍കുമാര്‍ സ്നേഹയുടെ മാതാപിതാക്കളോട് പറഞ്ഞു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറശ്രീകുമാര്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി രാഗേന്ദു, സേവസെല് കണ്‍വീനര്‍ ബാബു, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സി. സജിത്ത്കുമാര്‍, മണ്ഡലം ജന.സെക്രട്ടറി ജി.വൈ പ്രമോദ്, സെക്രട്ടറി കിഴക്കതില്‍ രാജേഷ്, ഏരിയ പ്രസിഡന്റ് സജി, ജനറല്‍ സെക്രട്ടറി സുബാഷ് എന്നിവര്‍ ടി.പി. സെന്‍കുമാറിനൊപ്പം സ്നേഹയുടെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: