ഒരു കാര്‍ട്ടൂണിനുമുന്നില്‍ അടിമുടി വിറച്ചുവെറുങ്ങലിച്ചു നില്‍ക്കുകയാണ് അഭിനവ വിപ്‌ളവ, നവോത്ഥാന വീരന്മാരായ കേരളത്തിലെ ഇടതു ഭരണാധികാരികളും താത്വികാചാര്യന്മാരും അവരുടെ സഹയാത്രികരും. ഹിന്ദുവിന്റെ ഭഗവതിയെ നഗ്‌നയായി ചിത്രീകരിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണ്ടവര്‍, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കാര്‍ട്ടൂണിലൂടെ പരിഹസിച്ചതിന്റെ പേരില്‍ കത്തോലിക്കസഭ കണ്ണുരുട്ടിയപ്പോള്‍ പേടിച്ചുപിന്‍മാറുന്നു.
കെ.കെ. സുഭാഷിന്റെ ആ കാര്‍ട്ടൂണിന് പുരസ്‌കാരം പ്രഖ്യാപിച്ച ലളിതകലാ അക്കാദമിയേക്കൊണ്ട് അതു പുനപ്പരിശോധിപ്പിക്കാനുള്ള പുറപ്പാടിലാണിപ്പോള്‍ സര്‍ക്കാര്‍. സ്വയരക്ഷയ്‌ക്കു മാര്‍ഗംകണ്ടെത്താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതു സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചു ദിവസേന പ്രഭാഷണം നടത്തുന്നവരുടെ ചുവടുമാറ്റം കണ്ടു പകച്ചുനില്‍ക്കുകയാണ് അക്കാദമി ഭാരവാഹികള്‍. കഴിഞ്ഞവര്‍ഷം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴോ അതു പുരസ്‌കാരത്തിനു തെരഞ്ഞെടുത്തപ്പോഴോ ഈ വികാരമൊന്നും ആരിലും കണ്ടിരുന്നുമില്ല.
പുരസ്‌കാരം പുനപ്പരിശോധിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ പറഞ്ഞു കഴിഞ്ഞു. ചെയ്തില്ലെങ്കില്‍ പുനപ്പരിശോധിപ്പിക്കും. കാരണം, കൊമ്പുകുലുക്കുന്നതു ക്രിസ്ത്യന്‍ സഭയാണ്. വ്രണപ്പെടുന്നത് സഭയുടെ വികാരമാണ്. വാള്‍മുനയ്‌ക്കിടയിലൂടെ നടന്നവരൊന്നും സഭയുടെ കണ്‍മുനയ്‌ക്കുമുന്നില്‍ നിവര്‍ന്നുനില്‍ക്കില്ല. അത് അറിയാവുന്നതുകൊണ്ടാണ് സഭ കണ്ണുരുട്ടുന്നതും. സഖാക്കള്‍ക്കു നാണമില്ലേ പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും പേരുപറയാന്‍ ! പൊതുവീക്ഷണമില്ലാത്ത നിങ്ങളുടെ നാവില്‍നിന്ന് അതുകേള്‍ക്കുമ്പോള്‍ അറപ്പുതോന്നുന്ന വലിയൊരു സമൂഹം സംസ്ഥാനത്തുണ്ടെന്ന് അനുഭവംകൊണ്ടെങ്കിലും പഠിക്കാന്‍ കഴിയാത്തവര്‍ക്ക് പുരോഗമനമല്ല അടിമത്തമാണ് അലങ്കാരം. ഒരു വിഭാഗത്തെ പുലഭ്യം പറഞ്ഞും ചവിട്ടിമെതിച്ചും മറ്റൊരു വിഭാഗത്തെ വശത്താക്കാമെന്ന വിചിത്രമായ അടവുനയത്തിന്റെ ഫലമാണ് ഇടതുപക്ഷം ചെന്നുപെട്ടിരിക്കുന്ന ഈ അവസ്ഥ.
സരസ്വതീദേവിയെ നഗ്‌നയായി ചിത്രീകരിച്ച എം.എഫ്. ഹുസൈനെ ക്ഷണിച്ചു വരുത്തി ആദരിച്ചപ്പോള്‍ ആരുടേയും വികാരത്തേക്കുറിച്ച് ഇവരൊന്നും ചിന്തിച്ചില്ലല്ലോ. പറഞ്ഞു ന്യായീകരിച്ചതുപോലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയോ കലാകാരനെ ആദരിക്കുകയോ ഒന്നുമായിരുന്നില്ല അന്നു ലക്ഷ്യം. ചിലരുടെ വികാരങ്ങളെ വ്രണപ്പെടുത്തണമെന്നും ആരോടൊക്കെയോ പകവീട്ടണമെന്നുമുള്ള വാശി അതിനുപിന്നിലുണ്ടായിരുന്നു. അതില്‍ ആത്മസുഖം കണ്ടെത്തിയിരുന്നവര്‍ അതു വേണ്ടത്ര ആസ്വദിക്കുകയും ചെയ്തു.
കോളേജ് പിള്ളേര്‍ ഹൈന്ദവവിദ്വേഷം ആഭാസരൂപത്തില്‍ ആഘോഷിച്ചപ്പോഴും ദേവീദേവന്‍മാരെ വരകളിലൂടെ നഗ്‌നരാക്കിയപ്പോഴും അവരെ പുലഭ്യംകൊണ്ടു കുളിപ്പിച്ചപ്പോഴും ഗുരുക്കന്‍മാരടക്കമുള്ളവര്‍ അതില്‍ കണ്ടതും ആവിഷ്‌കാരത്തിന്റെ തിളക്കമായിരുന്നു. ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചതും സ്വന്തം ഗുരുവിനു കുട്ടിസഖാക്കള്‍ പ്രതീകാത്മകമായി പട്ടട ഒരുക്കിയതും ഇവര്‍ക്ക് ആവഷ്‌കാര സ്വാതന്ത്ര്യമായിരുന്നു. ശിവലിംഗത്തെ അധിക്ഷേപിച്ചവരെ നേരില്‍ക്കണ്ട് അഭിനന്ദിച്ച ജനപ്രതിനിധി നമുക്കുണ്ട്. പാര്‍ട്ടിക്ക് ഇഷ്ടപ്പെട്ടതിനേയൊക്കെ ന്യായീകരിക്കാനും കൊണ്ടാടാനും വെള്ളവും വളവുംനല്‍കി വളര്‍ത്തിയ സാംസ്‌കാരിക നായകരും സഹയാത്രികരും മിണ്ടണമെങ്കില്‍ മേലാവിന്റെ അനുവാദം വേണം. അതുകൊണ്ടാവും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കൈകെട്ടിയിട്ടും ഒരു സഹയാത്രികനും സാംസ്‌കാരിക ബുദ്ധിജീവിയും മിണ്ടിക്കേള്‍ക്കാത്തത്.
ആരുടേയും വികാരത്തെ നോവിക്കണമെന്ന് പറയുന്നില്ല. പക്ഷേ, അവരവരുടെ വികാരവും വിശ്വാസവും എല്ലാവര്‍ക്കും വലുതാണെന്ന തിരിച്ചറിവ് ഭരണം കയ്യാളുന്നവര്‍ക്കു വേണം. അയ്യപ്പഭക്തരെ തല്ലിയോടിക്കുന്നവര്‍, സര്‍ക്കാര്‍ ഭൂമിയിലെ കുരിശിനെ വണങ്ങുന്നത് കാണുമ്പോള്‍ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാകുമെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധി അധികാരക്കസേരയിലിരിക്കുന്നവര്‍ക്കുവേണം. വിഭാഗീയചിന്ത ഇല്ലാത്ത കാഴ്ചപ്പാട് ആദ്യം ഉണ്ടാവേണ്ടതു ഭരണ തലത്തിലാണ്. ശബരിമല പ്രശ്‌നത്തിലെ അമിതാവേശവും ക്ഷേത്രഭരണകാര്യങ്ങളിലെ കടുംപിടുത്തവും എല്ലാം ആരെ സന്തോഷിപ്പിക്കാനായിരുന്നു എന്ന് അതു ചെയ്തവര്‍തന്നെ വ്യക്തമാക്കുകയാണ് ഇത്തരം ഇരട്ടത്താപ്പുകളിലൂടെ. കണ്ടാലറിയാത്തവര്‍ കൊണ്ട് അറിഞ്ഞേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: