മാവേലിക്കര: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെട്ടിയാര്‍ ബ്ലോക്ക് ഡിവിഷനില്‍ ആത്മവിശ്വാസത്തോടെ ബിജെപി. മൂന്നുമുന്നണികളും തമ്മിലുള്ള പോരാട്ടം ശക്തമായി. 27നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
ഡിവിഷനെ പ്രതിനിധീകരിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം സിപിഎമ്മിലെ ടി.പി. വിക്രമനുണ്ണിത്താന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പായത്. ഡിവിഷന്‍ നിലനിര്‍ത്താന്‍ ടി.പി. വിക്രമനുണ്ണിത്താന്റെ ഭാര്യയും മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ എം. ഓമനക്കുട്ടിയമ്മയാണ് എല്‍ഡിഎഫിനായി രംഗത്തുള്ളത്. വികസന തുടര്‍ച്ച ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിന്റെ പ്രചാരണം.
കഴിഞ്ഞതവണ ഡിവിഷനില്‍ നിന്നും മത്സരിച്ച സുനില്‍ വെട്ടിയാറാണ് ഉപതെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥി. വിജയപ്രതീക്ഷയോടെയാണ് എന്‍ഡിഎയും രംഗത്തുള്ളത്. കോണ്‍ഗ്രസ് വെട്ടിയാര്‍ മണ്ഡലം പ്രസിഡന്റ് സുരേഷ്‌കുമാര്‍ കളീക്കലിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. 2000, 2010 കാലയളവില്‍ രണ്ടുതവണ തഴക്കര ഗ്രാമപഞ്ചായത്ത് അംഗവും ഒരുതവണ വെട്ടിയാര്‍ ഡിവിഷനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമായും സുരേഷ്‌കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തഴക്കര പഞ്ചായത്തിലെ എട്ടു മുതല്‍ 14 വരെയുള്ള ഏഴുവാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് വെട്ടിയാര്‍ ഡിവിഷന്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസും ഒമ്പത്, 10, 12 വാര്‍ഡുകളില്‍ ബിജെപിയും 11, 13, 14 വാര്‍ഡുകളില്‍ സിപിഎമ്മും ആണ് വിജയിച്ചത്. 1995ല്‍ വെട്ടിയാര്‍ ഡിവിഷന്‍ രൂപീകൃതമായ ശേഷം 5 തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവണ എല്‍ഡിഎഫും രണ്ടുതവണ യുഡിഎഫുമാണ് വിജയിച്ചത്. കഴിഞ്ഞതവണ 384 വോട്ടുകള്‍ക്കാണ് ടി.പി. വിക്രമനുണ്ണിത്താന്‍ കോണ്‍ഗ്രസിലെ എന്‍.എസ്. മനോഹരനുണ്ണിത്താനെ പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെട്ടിയാര്‍ ഡിവിഷന്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനായിരുന്നു ലീഡ്. ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണകാലാവധിക്ക് ഇനി ഒരുവര്‍ഷം അവശേഷിക്കവെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
















