ഫരീദാബാദ് : സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം മുന്നു പേര്‍ മരിച്ചു. ദല്‍ഹിക്കടുത്ത് ഫരീദാബാദ് ദുബുവാ കോളനിയിലുള്ള സ്‌കുളിലെ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. അപകടത്തിനുള്ള കാരണം വ്യക്തമല്ല.
സ്‌കൂളിലെ അധ്യാപികയും അവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന എഎന്‍ഡി കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ വേനലവധി ആയിരുന്നതിനാല്‍ കോണ്‍വെന്റിന്‍ കുട്ടികള്‍ കുറവായിരുന്നത് വന്‍ അപകടം ഒഴിവാക്കി. മുകളില്‍ നിന്ന് പടര്‍ന്ന തീ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചു.
അതേസമയം അഗ്നിശമന സേന സ്ഥലത്തെത്താന്‍ വൈകിയതാണ് അപകട തീവ്രത ഇത്രയും കൂടാന്‍ കാരണമായതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാവിലെ തീപിടുത്തം ശ്രദ്ധയില്‍ പെട്ടതോടെ സമീപവാസികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും ഇടുങ്ങിയ വഴിയിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം ശ്രമകരമാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് രണ്ടുപേര്‍ക്ക് പൊള്ളലേറ്റത്.
















