അഹമ്മദാബാദ് : ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് കിഷന്‍ സിങ് തോമറിന്റെ മകള്‍ മാധുരി തോമര്‍ ജോലിക്കായി ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്. ലഖ്നൗ സര്‍വ്വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഇവര്‍ ഹാജരാക്കിയെന്നാണ് പരാതി. ഗോമ്തിപുര്‍ പോലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
സേത് സിഎല്‍ ഹിന്ദി മീഡിയം ഹൈസ്‌കൂളില്‍ അധ്യാപികയുടെ ജോലിക്കായാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. 2013 ല്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മാധുരി തോമര്‍ ഈ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതാണ്. ഈ സ്‌കൂളിന്റെ ട്രസ്റ്റികളില്‍ ഒരാളായിരുന്നു കിഷന്‍ സിങ് തോമര്‍. മാധുരിയുടെ ഭര്‍ത്താവായ വിജയ് പ്രതാപ് സിങ്ങാണ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചത്.
പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷം ജോലി സ്ഥിരമാക്കുന്നത് സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഗാന്ധിനഗറില്‍ പരിശോധനയ്‌ക്കായി സമര്‍പ്പിച്ചപ്പോഴാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. അതിനും ശേഷം ആറ് മാസത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.
















