ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ആടിയുലയുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ സഖ്യകക്ഷി നേതാക്കള്‍ പണിപ്പെടുമ്പോള്‍ നേതൃത്വത്തെയും സഖ്യസര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍.
മുന്‍മന്ത്രിയും ബിടിഎം ലേഔട്ട് എംഎല്‍എയുമായ രാമലിംഗറെഡ്ഡിയാണ് ഇന്നലെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. രാമലിംഗറെഡ്ഡിയുടെ ആരോപണങ്ങളെ പിന്തുണച്ച് മുന്മന്ത്രിമാരും എംഎല്‍എമാരുമായ റോഷന് ബെയ്ഗും വി. മുനിയപ്പയും രംഗത്തെത്തി. ഇതിനു പിന്നാലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് രാമലിംഗ റെഡ്ഡിയുടെ അനുയായികള്‍ പ്രതിഷേധവുമായി എത്തിയതോടെ കോണ്‍ഗ്രസ്സിനുള്ളിലെ ആഭ്യന്തര കലഹം മറ നീക്കി പുറത്തുവന്നു.
രാമലിംഗ റെഡ്ഡി ഇന്നലെ രാവിലെ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത്. മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ പാര്‍ട്ടി തയാറാകുന്നില്ലെന്നും അവഗണിക്കുന്നെന്നുമാണ് രാമലിംഗറെഡ്ഡിയുടെ ആരോപണം. ഇതു തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ വലിയ ചോദ്യങ്ങള്‍ നേതൃത്വം നേരിടേണ്ടിവരും. മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്കി ഒപ്പംചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടാതെ സംരക്ഷിക്കേണ്ടത് നേതൃത്വമാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ അവര്‍ പാര്‍ട്ടിയില്‍ തുടരുന്നത് ബുദ്ധിമുട്ടാകും. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള അസന്തുലിതത്വം നഷ്ടപ്പെടുന്നതില്‍ നേതാക്കള്‍ ശ്രദ്ധിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്താത്ത മന്ത്രിമാര്‍ക്ക് പാര്‍ട്ടി ചുമതല നല്കി മുതിര്‍ന്ന നേതാക്കളെ മന്ത്രിമാരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ റോഷന് ബെയ്ഗും വി. മുനിയപ്പയും രാമലിംഗ റെഡ്ഡിയുടെ ആരോപണങ്ങളെ പിന്തുണച്ചെത്തി.
പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കപ്പെടുന്നു. എന്താണ് ഇപ്പോള്‍ നടക്കുന്നതെന്നും കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്നും റോഷന് ബെഗ്യ് പറഞ്ഞു. സഖ്യസര്‍ക്കാരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സാധിക്കുമെന്ന് വി. മുനിയപ്പ പ്രസ്താവിച്ചു.
കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രാമലിംഗറെഡ്ഡി ആദ്യ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍, പട്ടികയില്‍ നിന്ന് രാമലിംഗറെഡ്ഡിയെ ഒഴിവാക്കി. 2018 ഡിസംബറിലെ രണ്ടാം മന്ത്രിസഭയിലും രാമലിംഗറെഡ്ഡി ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ മകളും ജയനഗര്‍ എംഎല്‍എയുമായ സൗമ്യറെഡ്ഡിയും പ്രതിഷേധിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനായുള്ള മന്ത്രിസഭാ വികസനത്തിലും ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് രാമലിംഗറെഡ്ഡി പരസ്യ പ്രതികരണം നടത്തിയത്.
ചില മന്ത്രിമാരെ ഒഴിവാക്കി അതൃപ്തരായ മറ്റു ചിലരെ പരിഗണിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ഇതു തിരുത്തി. നിലവില്‍ ഒഴിവുള്ള മൂന്നു മന്ത്രിസ്ഥാനത്തേക്ക് പരിഗണന നല്കിയാല് മതിയെന്ന് തീരുമാനിച്ചു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കടുംപിടിത്തമാണ് പ്രധാന പ്രതിസന്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: