ലണ്ടന്‍: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ മോശമായി പെരുമാറിയ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കും ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയിക്കും പിഴ. ഇരുവരുടെയും മത്സരത്തുകയുടെ പതിനഞ്ച് ശതമാനം വീതം പിഴയായി ഈടാക്കുമെന്ന ഐസിസി അറിയിച്ചു.
കുറഞ്ഞ ഓവര്‍ റേറ്റിന് പാക് നായകന്‍ സര്‍ഫ്രസ് അഹമ്മദിന്റെ മത്സരത്തുകയുടെ ഇരുപത് ശതമാനവും സഹതാരങ്ങളുടെ മത്സരത്തുകയുടെ പത്ത് ശതമാനവും പിഴയായി ഈടക്കും.
പാക്കിസ്ഥാന്‍ ഇന്നിങ്ങ്‌സിലെ പതിനാലാം ഓവറില്‍ ഫീല്‍ഡിങ്ങില്‍ പിഴവ് പറ്റിയതിനെ തുടര്‍ന്നാണ് ജേസണ്‍ റോയ് മോശം വാക്ക് ഉപയോഗിച്ചത്. അമ്പയര്‍ ഇത് വ്യക്തമായി കേട്ടതിനെ തുടര്‍ന്നാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
27-ാം ഓവറില്‍ വൈഡ് എറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ റഫറിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാണ് പിഴ ശിക്ഷ.
മത്സരത്തില്‍ പാക്കിസ്ഥാന്‍ പതിനാല് റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. അടുത്ത മത്സരത്തില്‍ പാക്കിസ്ഥാന്‍ വെള്ളിയാഴ്ച ശ്രീലങ്കയുമായി ഏറ്റുമുട്ടും.
















