ഫണ്ടമെന്റലിസ്റ്റ് എന്ന ശീര്‍ഷകത്തില്‍ സൂബ്രഹ്മണ്യം ഇംഗ്ലീഷില്‍ രചിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷ ‘മദംപൊട്ടിയ മതവാദം’ ഈയിടെ വായിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സംഘത്തിന്റെ അഖിലഭാരതീയ കാര്യകാരി സദസ്യനുമായ എസ്. സേതുമാധവനാണ് പരിഭാഷകന്. കേരളത്തിലെ സംഘപ്രവര്‍ത്തകരെന്നല്ല, പൊതുജീവിതത്തോട് ആഭിമുഖ്യമുള്ള ആര്‍ക്കും പരിചയം ആവശ്യമില്ലാത്ത വ്യക്തിത്വമാണദ്ദേഹത്തിന്റേത്. പാലക്കാട്ടെ ആദ്യ സംഘകുടുംബത്തില്‍ ജനിക്കുക, ശൈശവത്തില്‍ തന്നെ സംഘത്തിനു സമര്‍പ്പിക്കപ്പെടുക, കിശോരാവസ്ഥ പിന്നിടും മുന്‍പേ പ്രചാരകനാകുക, ഏഴുപതിറ്റാണ്ടുകാലം അനന്യനിഷ്ഠയോടെ പ്രചാര കൃത്യനിര്‍വഹണം ചെയ്യുക എന്നിങ്ങനെയുള്ള പുണ്യചരിത്രത്തിലൂടെ സഞ്ചരിച്ച അദ്ദേഹം വിവര്‍ത്തനം ചെയ്ത ഈ പുസ്തകം തുടര്‍ച്ചയായി കേസരി വാരിക പ്രസിദ്ധീകരിച്ചപ്പോള്‍ അതു തികച്ചും വായിക്കാനവസരം ലഭിച്ചിരുന്നില്ല. നമ്മുടെ തപാല്‍ വകുപ്പിന്റെ കാര്യക്ഷമത മൂലം പല ലക്കങ്ങളും വഴിയില്‍ മിസ് ആകുന്ന പതിവുള്ളതിനാലായിരുന്നു അത്. ഏതായാലും ആ പരമ്പര സമാഹരിച്ച് കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ചത് വായിച്ചപ്പോള്‍ തോന്നിയ പ്രതികരണമാണിവിടെ കുറിക്കുന്നത്.
സേതുവേട്ടന് ഒരിക്കലും സാഹിത്യകാരനോ ഭാഷാ പണ്ഡിതനോ അക്കാദമിക പാരമ്പര്യമുള്ള ആളോ അല്ല. എന്നാലും വിവര്‍ത്തനമെന്നു തോന്നാത്ത വിധത്തില്‍ ഓജസ്സും തെളിമയും മൂലം അസാധാരണ വായനാസുഖം ഈ പുസ്തകത്തെ അനുഗ്രഹിക്കുന്നുണ്ട്. അതുമൂലം വായനയില്‍ ഒട്ടും മടുപ്പനുഭവിക്കില്ല എന്നതാണ് രസകരം. എഴുപതു സംവത്സരക്കാലം സാധാരണ ജനങ്ങള്‍ക്കിടയില്‍ അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുകൊണ്ട് വിശുദ്ധ ഹൈന്ദവ ജീവിത സരണിയിലേക്കു നയിച്ച തപസ്യയുടെ സാതത്യം തന്നെയാണ് ഇത്ര ഹൃദയഹാരിയായ ഭാഷ സ്വാഭാവികമായി വരാന്‍ കാരണമെന്നു ഞാന്‍ കരുതുന്നു. വൈയാകരണ പടുവിന്, അതിന്റെ ഇഴ പരിശോധിച്ചു വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. അത്തരം കുറവുകളില്ലാത്ത ഏതു ഭാഷാ വിദഗ്ദ്ധനുണ്ട്?
മധ്യേഷ്യയിലും ഉത്തര ആഫ്രിക്കയിലുമായി രൂപംകൊണ്ട, വിവിധ ആചാര വിശ്വാസങ്ങള്‍, കൈക്കൊണ്ട തീവ്രവും ഭ്രാന്തവുമായ ആചാരങ്ങളുടെയും, ജനവിശ്വാസങ്ങളോടുള്ള അസഹിഷ്ണുത മൂലം നടത്തിയ കൂട്ടക്കൊലകളുടെയും, മറ്റത്യാചാരങ്ങളുടെയും ചരിത്രത്തിന്റെ ചുരുക്കമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ഈജിപ്ത്, പാലസ്തീന്, ലഹൂദിയ, ഗ്രീസ്, റോമ മുതലായ സ്ഥലങ്ങളിലെ ജനങ്ങള്ക്കിടയിലാണവ അരങ്ങേറിയത്. യഹൂദന്മാര്ക്ക് ആദ്യവും പിന്നീട് ക്രൈസ്തവര്‍ക്കും പീഡനങ്ങളും കൊലപാതകങ്ങളും അനുഭവിക്കേണ്ടി വന്നതിന്റെ ലഘുവിവരണങ്ങളിലേ പുസ്തകം ഏര്‍പ്പെടുന്നുള്ളൂ. അതിന്റെ പൂര്‍ണവിവരങ്ങള്‍ പഴയ നിയമത്തില്‍ തന്നെ ധാരാളമുണ്ട്. അതുപോലെ റോമന്‍ സാമ്രാജ്യം ഇരുകൂട്ടര്‍ക്കുമെതിരെ നടത്തിയ പീഡനങ്ങളും കൂട്ടക്കൊലകളും ആട്ടിപ്പായിക്കലുകളും പരാമര്‍ശിക്കുന്നുണ്ട്. യഹൂദ ജനത തകര്‍ച്ചയ്ക്കും അടിമത്തത്തിനും ക്രൂരമായ പീഡനങ്ങള്‍ക്കുമിടയില്‍ തങ്ങള്‍ക്കൊരു വിമോചകന് വരുമെന്ന പ്രതീക്ഷയില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞു. അദ്ദേഹം സിംഹാസനസ്ഥനായി തങ്ങളുടെ പൂര്വമഹത്വം പുനഃസ്ഥാനപിക്കുമെന്ന ആശയില്‍ കഴിഞ്ഞവര്‍ക്ക് യേശുവിന്റെ ജനനവും പ്രവൃത്തികളും കടുത്ത നിരാശയുണ്ടാക്കി. 12-ഉം മുപ്പതും വയസ്സിനിടെ അജ്ഞാതനായി ജീവിച്ച അദ്ദേഹം പെട്ടെന്നാണ് സുവിശേഷവുമായി യഹൂദിയയിലെത്തിയത്. അദ്ദേഹത്തെ യഹൂദന്മാര് വിചാരണ ചെയ്തു കുരിശിലേറ്റി. യേശു ശിഷ്യന്മാര് അദ്ദേഹത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ പീഡനങ്ങള്‍ സഹിച്ചു. അനുയായികള്‍ക്ക് പീഡനവും കൂട്ടക്കൊലകളും നേരിടേണ്ടിവന്നു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞ് റോമാ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍, അതിക്രമങ്ങള്‍ അതില്‍ വിശ്വസിക്കാത്തവര്ക്കെതിരെയായി. മതമേധാവി കൂടിയായിത്തീര്‍ന്ന ചക്രവര്‍ത്തി യൂറോപ്പിലാകെ ശക്തിയുപയോഗിച്ചുതന്നെ അതു പ്രചരിപ്പിച്ചു. പ്രാങ് ക്രൈസ്തവ കാലത്തെ വിജ്ഞാന ഭണ്ഡാരങ്ങളായിരുന്ന ഗ്രന്ഥാലയങ്ങളും പണ്ഡിതവൃന്ദവും ഇല്ലായ്മ ചെയ്യപ്പെട്ടു. യഹൂദരും ക്രൈസ്തവരും അവരുടെ പൂര്വജനങ്ങളും ഇപ്രകാരം രക്തമൊഴുക്കിക്കഴിയുന്നതിനിടയിലാണ് അറേബ്യയില്‍ ഇസ്ലാം പിറന്നത്. അതും മറ്റവരെപ്പോലെ തന്നെ വിശ്വാസശാഠ്യത്തില് ഉറച്ച മതമായിത്തീര്‍ന്നു. ലോകജനതയെ വിശ്വാസികളും അവിശ്വാസികളും എന്നു വേര്‍തിരിച്ച്, അവിശ്വാസികളെ സംഹരിക്കുകയെന്ന പുണ്യകര്‍മം നിര്‍വഹിക്കാന്‍ തീയും വാളുമായി അവരും പുറപ്പെട്ടു. മധ്യയുഗങ്ങളിലെ പശ്ചിമേഷ്യയും യൂറോപ്പും ഉത്തരാഫ്രിക്കയും ഈ മതയുദ്ധങ്ങളിലൂടെ കൊലവിളിച്ചും കൊന്നും ചത്തും ചോരപ്പുഴകളൊഴുക്കി നൂറ്റാണ്ടുകള്‍ കടന്നുപോയി. തങ്ങളുടെ മതവും വിശ്വാസവും മാത്രം ശരി, അതിലൂടെ ചരിക്കാത്തവര്ക്ക് വിധി മരണമാണ് എന്ന തത്വമാണ് ഈ മൂന്നു സെമിറ്റിക് മതങ്ങളെയും നയിച്ചത്.
ആ കാലഘട്ടത്തില്‍ ശാന്തിയും സമാധാനവും വിശ്വാസസഹിഷ്ണുതയും ബഹുസ്വരതയും കളിയാടിയാണ് ഭാരതം കഴിഞ്ഞുവന്നത്. ഇവിടെയും സാമ്രാജ്യങ്ങളും പടയോട്ടങ്ങളുമുണ്ടായിരുന്നു. കീഴടങ്ങുന്നവരെ കൂട്ടക്കൊല ചെയ്യുന്ന പാരമ്പര്യം ഭാരതത്തില്‍ കിളിര്‍ത്ത ഒരു മതത്തിനുമുണ്ടായില്ല. ശൈവരും വൈഷ്ണവരും ദ്വൈതിയും അദ്വൈതിയും ശാക്തനും ബൗദ്ധനും ജൈനനും കാപാലികനും തന്റെ വിശ്വാസവും ആരാധനാരീതിയും അനുഷ്ഠിച്ചുകൊണ്ട് സമാധാനത്തോടെ ജീവിച്ചുപോന്നു. വനവാസത്തിനു പോയ ശ്രീരാമനെ തിരിച്ചുകൊണ്ടുവരാന്‍ പുറപ്പെട്ട ഭരതനോടൊപ്പം അയോധ്യയിലെ കാപാലികനുമുണ്ടായിരുന്നല്ലോ. എല്ലാത്തരം വിശ്വാസങ്ങള്‍ക്കും പുലരാന്‍ പൂര്‍ണ സ്വാതന്ത്ര്യവും അവസരവും നല്കിയ ഭാരതീയ രാജനീതിയിലേക്ക്, ആദ്യം ഇസ്ലാമും പിന്നെ ക്രിസ്തുമതവും കടന്നുവന്നതോടെയാണ് ഇവിടം മതകലഹങ്ങള്‍ക്ക് വേദിയായത്. മുന്നില്‍ കണ്ട സകല സാംസ്കാരിക സ്ഥാപനങ്ങളെയും ഇടിച്ചുനിരത്തിയും കത്തിച്ചാമ്പലാക്കിയും മുന്നേറിയ ഇസ്ലാമിക പടയോട്ടക്കാര്‍ തക്ഷശില, നളന്ദ എന്നീ വിശ്വവിഖ്യാത വിദ്യാപീഠങ്ങളും, അവിടുത്തെ ആയിരക്കണക്കിന് അദ്ധ്യാപകാധ്യേതാക്കളെയും, അമൂല്യഗ്രന്ഥ ശേഖരങ്ങളെയും ചുട്ടുചാമ്പലാക്കി. പതിനായിരക്കണക്കിന് ജനങ്ങളെ കൊലചെയ്തു. അലക്സാണ്ഡ്രിയയിലെ ഗ്രന്ഥാലയം ചുട്ട്, അതിന്റെ മേധാവിനിയെ ചിത്രവധം ചെയ്തതിന്റെ പത്തിരട്ടി രൂക്ഷമായിരുന്നു ഭാരതത്തിലെ വിദ്യാപിഠ ധ്വംസനങ്ങള്‍. ആയിരക്കണക്കിനു ഗഹനവും സമ്പന്നവുമായ ദേവാലയങ്ങള്‍ തകര്‍ത്തു. സോമനാഥം, അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ അതി പാവനമായി കരുതപ്പെട്ടിരുന്ന ക്ഷേത്രങ്ങളില്‍ സോമനാഥം മാത്രമേ പൂര്വമഹിമയിലേക്കു മടങ്ങി വന്നിട്ടുള്ളൂ.
പറങ്കികള്‍ ഗോവയില്‍ ആസ്ഥാനമുറപ്പിച്ച ശേഷം കാട്ടിക്കൂട്ടിയ കൊടിയ ക്രൂരതകളും കൂട്ടക്കൊലകളും അവര്‍ തന്നെ അത്യന്തം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. മതവിചാരണയുടെ വിശദവിവരണം ലഭ്യമാണ്. ബോംബെ മുതല്‍ കന്യാകുമാരിവരെ കടല്‍ത്തീരം മുഴുവന്‍ പറങ്കികള്‍ തേരോട്ടം നടത്തി. പന്തലായിനിയിലേയും തേവലക്കരയിലെയും ക്ഷേത്ര കവര്‍ച്ചയും നശീകരണവും രേഖകളിലുണ്ട്.
കേരളത്തില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും സൗഹാര്‍ദ്ദം നിലനിര്ത്തിയെന്നാണല്ലോ വായ്ത്താരി. എന്നാല്‍ ഹൈദരുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്തു നടന്ന സംഭവങ്ങളുടെ ശേഷിപ്പുകള്‍ ഇന്നും മായാതെയുണ്ട്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരവും, തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിന്റെ നാലുഗോപുരങ്ങളുടെയും അവശേഷിച്ച തറകളും, ഗുരുവായൂരിനടുത്ത് പെരുന്തിട്ട ശിവക്ഷേത്രവും അതിന്റെ കഥ പറയാന്‍ അവശേഷിക്കുന്നു. നാദാപുരത്തിനടുത്തു കുറ്റിപ്പുറത്തും മഞ്ചേരിയിലും താവളമടിച്ച് ടിപ്പു നടത്തിയ ഹിന്ദുവേട്ടയുടെ കഥകള്‍ ചരിത്രഗ്രന്ഥങ്ങളിലുണ്ട്. 1879 മുതല്‍ 1921 വരെ നടത്തപ്പെട്ട ഹാലിളക്കങ്ങളും മാപ്പിളലഹളകളും ഓര്‍മ്മയില്‍ നിന്നു വിട്ടുപോകാതെ നില്ക്കുന്നു. ‘കര്‍ത്തും അകര്ത്തും അന്യഥാകര്‍ത്തും’ (ചെയ്യാനും ചെയ്യാതിരിക്കാനും മാറ്റി ചെയ്യിക്കാനുമുള്ള) കരുത്തു തങ്ങള്‍ക്കുണ്ട് എന്ന് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിര്‍ത്തി ജയിപ്പിച്ച മുസ്ലിം നേതൃത്വം പറയാതെ പറഞ്ഞുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: