ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, നെഹ്‌റു കുടുംബത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും തട്ടകമെന്ന് കരുതുന്ന അമേഠിയില്‍ തോറ്റത് പ്രത്യേകം പരിശോധിക്കുന്നു. യുപിയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ പ്രതിനിധി സുബൈര്‍ ഖാനും സോണിയയുടെ പ്രതിനിധി കിഷോരിലാല്‍ ശര്‍മ്മയും ഇവിടെ താമസിച്ചാണ് അവലോകനം നടത്തിവരുന്നത്. ഇവരുടെ സന്ദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തും. ഗ്രാമതലങ്ങളില്‍ വിലയിരുത്തല്‍ നടത്താനാണ് നിര്‍ദ്ദേശം.
കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സ്മൃതി ഇറാനി 55120 വോട്ടുകള്‍ക്കാണ് രാഹുലിനെ അമേഠിയില്‍ തോല്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് അമേഠിയിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര രാജി വച്ചിരുന്നു.
രാഹുലിന്റെ പ്രതിനിധി ചന്ദ്രകാന്ത് ദുബൈയാണ് തോല്‍വിക്കു കാരണമെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.
രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചതിനാലാണ് ലോക്‌സഭാ അംഗത്വമെങ്കിലും നിലനിര്‍ത്താന്‍ സാധിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ ഭൂരിപക്ഷം വന്‍തോതില്‍ കുറയ്‌ക്കാന്‍ സാധിച്ച സ്മൃതി പിന്നീട് അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ നിറസാന്നിധ്യമായി മാറിയിരുന്നു.
















