ന്യൂദല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കണമെന്നും താത്പര്യമുള്ള കുട്ടികള്‍ക്ക് എല്ലാ ക്ലാസുകളിലും സംസ്കൃതം പഠിക്കാന്‍ അവസരം നല്‍കണമെന്നും കരട് നയത്തില്‍ പറയുന്നു. 18 വയസ്സു വരെ വിദ്യാഭ്യാസം അവകാശമാക്കാനും ശുപാര്‍ശ.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ ശിക്ഷാ ആയോഗ് എന്ന ഉന്നതാധികാര സമിതി രൂപീകരിക്കണം. സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ ശിക്ഷ ആയോഗ് അല്ലെങ്കില്‍ സംസ്ഥാന വിദ്യാഭ്യാസ കമ്മീഷന് രൂപീകരിക്കാം. സെക്കന്‍ഡറി സ്കൂള്‍ പാഠ്യപദ്ധതിയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലധിഷ്ഠിത കോഴ്സുകള്‍ നിര്‍ബന്ധമാക്കണം. നാഷണല്‍ എജ്യുക്കേഷണല്‍ ടെക്നോളജി ഫോറം രൂപീകരിക്കണം. പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നീ ഭാഷകളുടെ ഉന്നമനത്തിനു വേണ്ടി മൂന്നു പുതിയ ദേശീയ സ്ഥാപനങ്ങള്‍, വിവര്‍ത്തനത്തിനും വ്യാഖ്യാനത്തിനുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്സ്ലേഷന് ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍ (ഐഐടിഐ) എന്നിവ സ്ഥാപിക്കണം.
മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാല് നിഷാങ്കിന് കഴിഞ്ഞ ദിവസമാണ് ഡോ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് കൈമാറിയത്. കരട് റിപ്പോര്‍ട്ടില്‍ ജൂണ്‍ 30 വരെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. ദേശീയ വിദ്യാഭ്യാസ നയം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 30 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത്. 2016 മേയ് 27ന് മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്. സുബ്രഹ്മണ്യന്റെ അധ്യക്ഷതയിലുള്ള സമിതി ആദ്യ കരട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതോടെയാണ് 2017 ജൂണില്‍ പുതിയ സമിതിക്കു രൂപം നല്‍കിയത്.
മുംബൈ എസ്എന്‍ഡിടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ വസുധ കാമത്ത്, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിശാസ്ത്ര അധ്യാപകന് മഞ്ജുള്‍ ഭാര്‍ഗവ, ബാബ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാം ശങ്കര്‍ കുരീല്‍, അമര്‍കാന്തക് ട്രൈബല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ടി.വി. കട്ടമണി, ഗുവാഹത്തി സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ അധ്യാപകന് മഹ്സര്‍ ആസിഫ്, കെ.എം. ത്രിപാഠി, സിഎബിഎ അംഗം എം.കെ. ശ്രീധര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.
10+2 മാറും; ഇനി 5+3+3+4
10+2 എന്നതിനു പകരം 5+3+3+4 എന്ന മാതൃകയാണ് പുതിയ ശുപാര്‍ശ. 1968ലെ വിദ്യാഭ്യാസ നയമായ 10+2 സംവിധാനം മാറ്റിയാണ് പുതിയ നയം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒഴിവാക്കി 11, 12 ക്ലാസ്സുകളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും.
ഇതില്‍ പ്രായത്തിന് അനുസരിച്ചാണ് കുട്ടികളെ വേര്‍തിരിക്കുന്നത്. മൂന്നു മുതല്‍ എട്ടു വയസ്സു വരെയുള്ള ആദ്യ ഘട്ടത്തില്‍ പ്രീ പ്രൈമറി ക്ലാസ്സുകളും, ഒന്ന്, രണ്ട് ക്ലാസ്സുകളും ഉള്‍പ്പെടും. മൂന്ന്, നാല്, അഞ്ച് ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. ആറ്, ഏഴ്, എട്ട് ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ പ്രൈമറി ഘട്ടം മൂന്നാമത്തേതും. 10, 11, 12 ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി ലെവല്‍ നാലാമത്. സെക്കന്‍ഡറിയില്‍ ഓരോ വര്‍ഷവും സെമസ്റ്ററുകളായി തരംതിരിക്കും. ആകെ എട്ട് സെമസ്റ്ററുകള്‍ ഓരോ സെമസ്റ്ററിലും വിദ്യാര്‍ഥി അഞ്ചു മുതല്‍ ആറു വരെ വിഷയങ്ങള്‍ പഠിക്കണം.
ഒന്നു മുതല്‍ അഞ്ചു വരെ പ്രൈമറി, ആറു മുതല്‍ എട്ടു വരെ അപ്പര്‍ പ്രൈമറി, 9-10 ക്ലാസുകള്‍ സെക്കന്‍ഡറി, 11-12 ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് നിലവില്‍ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: