ന്യൂദല്‍ഹി: കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചതായി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. രണ്ട് ഹെക്ടര്‍ വരെ ഭൂമിയെന്ന നിബന്ധന ഒഴിവാക്കി. പതിനാലര കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. മൂന്ന് ഗഡുക്കളായി പ്രതിവര്‍ഷം ആറായിരം രൂപ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.
കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജന നടപ്പാക്കാനും തീരുമാനിച്ചു. ഇതിനായി മൂന്ന് വര്‍ഷത്തേക്ക് 10,774 കോടി രൂപ അനുവദിച്ചു. രാജ്യത്തെ കോടിക്കണക്കിന് ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. കര്‍ഷകര്‍ നിക്ഷേപിക്കുന്ന അത്രയും തുക സര്‍ക്കാരും നല്‍കും. 60 വയസാണ് കാലപരിധി. മൃഗങ്ങളിലെ രോഗം തടയുന്നതിന് 13,343 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും പ്രത്യക്ഷമായി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ്. 50 കോടി മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും. സര്‍ക്കാരിന്റെ പ്രഥമ പരിഗണന കര്‍ഷകര്‍ക്കായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് തീരുമാനങ്ങള്‍.
ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത വ്യാപാരികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് കോടി ചെറുകിട വ്യാപാരികള്‍ക്കും ഷോപ്പുടമകള്‍ക്കും ഗുണം ചെയ്യും. യോഗ്യരായ കര്‍ഷകരുടെ പട്ടിക നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 17ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുമെന്ന് ജാവദേക്കര്‍ വ്യക്തമാക്കി. 20ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സാമ്പത്തിക സര്‍വ്വെയും അന്ന് പുറത്തിറക്കും. ജൂലൈ അഞ്ചിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 19നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 26ന് സമാപിക്കും.
















