ന്യൂദല്‍ഹി: പുതിയ നാവികസേനാ മേധാവിയായി അഡ്മിറല്‍ കരംബീര്‍ സിങ് ചുമതലയേറ്റു. അഡ്മിറല്‍ സുനില്‍ ലാമ്പ വിരമിച്ചതോടെയാണ് കരംബീര്‍ സ്ഥാനമേല്‍ക്കുന്നത്. നാലു പതിറ്റാണ്ടത്തെ സേവനത്തിനു ശേഷമാണ് അഡ്മിറല്‍ സുനില്‍ ലാമ്പ വിരമിച്ചത്. 24-ാമത് നാവികസേനാ മേധാവിയായി ചുമതലയേല്‍ക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് അഡ്മിറല്‍ കരംബീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ഗാമികളായ ഉദ്യോഗസ്ഥര്‍ സ്ഥിരോത്സാഹത്തിലൂടെ നാവിക സേനയ്‌ക്ക് ദൃഢമായ അടിത്തറ പാകി, ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് ഉറപ്പു വരുത്തി. അവരുടെ പ്രയത്‌നം മുന്നോട്ടു കൊണ്ടുപോകേണ്ടതും സമുദ്ര മേഖലയിലെ ഏതൊരു സുരക്ഷാ ഭീഷണിയും നേരിടാന്‍ നാവിക സേനയെ പ്രാപ്തവും ശക്തവുമാക്കേണ്ടത് എന്റെ ചുമതലയാണ്, കരംബീര്‍ പറഞ്ഞു. സേനയിലെ 42 വര്‍ഷക്കാലത്തെ വിശിഷ്ട സേവനത്തിന് മുന്‍ നാവിക സേനാ മേധാവി സുനില്‍ ലാമ്പയോട് കരംബീര്‍ കൃതജ്ഞത രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്ന് വര്‍ഷം ഏറ്റവും മികച്ച നാവിക സേനയുടെ മേധാവിയായി പ്രവര്‍ത്തിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് സുനില്‍ ലാമ്പ പറഞ്ഞു. പ്രാപ്തനായ പിന്‍ഗാമി, അഡ്മിറല്‍ കരംബീര്‍ സിങ്ങിന് ചുമതല കൈമാറുന്നതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കരംബീറിന്റെ നിയമനത്തെ വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ ചോദ്യം ചെയതിരുന്നു. സേനയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായിട്ടും തന്നെ പരിഗണിക്കാതെ കരംബീറിനെ നിയമിച്ചതില്‍ അദ്ദേഹം സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, മെയ് പതിനേഴാം തീയതി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വര്‍മയുടെ ആവശ്യം തള്ളി.
പ്രതിരോധ മന്ത്രിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് വര്‍മ മെയ് 29ന് സൈനിക ട്രിബ്യൂണലിനെ സമീപിച്ചു. വാദം കേള്‍ക്കുന്നത് പിന്നീടത്തേക്ക് മാറ്റിവെച്ച ട്രിബ്യൂണല്‍, കരംബീറിന് 31-ാം തീയതി സ്ഥാനമേല്‍ക്കാമെന്നും അറിയിച്ചു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ കരംബീര്‍ സിങ്, നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരും മുന്‍പ് മഹാരാഷ്‌ട്രയിലെ ബാര്‍ണ്‌സ് സ്‌കൂളില്‍ ബിരുദം നേടിയിട്ടുണ്ട്.
















