ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും രാഹുലിന്റെ രാജി ഭീഷണിയും ന്യായീകരിക്കാന്‍ സാധിക്കാത്തതിനാല്‍ ചാനല്‍ ചര്‍ച്ചകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഒരു മാസത്തേക്ക് ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയയ്‌ക്കില്ലെന്ന് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജ്ജേവാല ട്വീറ്റ് ചെയ്തു.
ചാനലുകള്‍ തങ്ങളുടെ പ്രതിനിധികളെ വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഏറെ സീറ്റുകള്‍ ലഭിച്ചതിനാല്‍ കേരളത്തിലെ നേതൃത്വത്തിന് ഈ നിലപാട് ബാധകമല്ലെന്ന വിചിത്ര നിലപാടും ഹൈക്കമാന്‍ഡ് സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജിവയ്‌ക്കുമെന്ന രാഹുലിന്റെ നിലപാടും കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി. തോല്‍വിക്ക് കാരണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനോ സാധിക്കുന്നില്ല.
ചാനല്‍ ചര്‍ച്ചകളില്‍ നിലപാട് വിശദീകരിക്കാനാകാതെ പാര്‍ട്ടി കുഴയുന്നു. നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമയത്തിന് വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം. തുടക്കത്തില്‍ തന്നെ മോദിയെയും ബിജെപിയെയും വിമര്‍ശിക്കുന്നത് തിരിച്ചടിയാകുമെന്നതും കോണ്‍ഗ്രസ് കണക്കിലെടുത്തിട്ടുണ്ട്.
















