ചേര്‍ത്തല: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് പട്ടണക്കാട് പുന്നശേരില്‍ കാഞ്ചന (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം.
ഓലപ്പീപ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് 2017ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കാഞ്ചനയ്‌ക്കായിരുന്നു. എണ്ണൂറ്റമ്പതോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1950ല്‍ എം. ശ്രീരാമുലു സംവിധാനം ചെയ്ത പ്രസന്നയാണ് ആദ്യ സിനിമ. ഉമ്മ, ഇണപ്രാവുകള്‍, കെയര്‍ ഓഫ് സൈറാഭാനു, ക്രോസ് റോഡ്, കമ്മാരസംഭവം തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടു. ജനുവരിയില്‍ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണമിയുമാണ് അവസാന ചിത്രം.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. നാടകനടന്‍ പരേതനായ കുണ്ടറ ഭാസിയാണ് ഭര്‍ത്താവ്. മക്കള്‍: പ്രേംലാല്‍, പരേതനായ പ്രദീപ്കുമാര്‍. മരുമക്കള്‍: റെജി, ഷീന.
















