പറവൂര്‍: ദിവസം അഞ്ചിലേറെ അപകടമരണങ്ങളുണ്ടാവുന്ന ദേശീയപാതയിലെ മൂത്തകുന്നം-വരാപ്പുഴ മേഖലയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം. മഴക്കാലത്താണ് അപകടങ്ങള്‍ കൂടാറ്. കണ്ടെയ്‌നര്‍ ലോറികളും മറ്റ് ഹെവി വാഹനങ്ങളുമടക്കം പതിനായിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്. ഇടപ്പള്ളി മേല്‍പ്പാലവും വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡും സജ്ജമായതോടെയാണ് ഇതുവഴി ഗതാഗതം വര്‍ധിച്ചത്.
നിത്യവും അപകടങ്ങളും ഗതാഗത തടസങ്ങളുമുണ്ടായിട്ടും ദേശീയ പാത അധികൃതര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ദേശീയപാതയോട് ചേര്‍ന്ന് വടക്കേക്കര, പറവൂര്‍, വരാപ്പുഴ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നെങ്കിലും ഗതാഗത തടസം ഉണ്ടാകുമ്പോഴേ ഇവരുടെ സേവനമുണ്ടാകാറുള്ളു. ദേശീയപാതയില്‍ കൊടുങ്ങല്ലൂര്‍ ഭാഗത്ത് അപകടങ്ങള്‍ പെരുകിയത് റോഡ് നിര്‍മാണ പ്രശ്‌നങ്ങളായിരുന്നു. പൊതുജനങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് നിരന്തര സമരം നടത്തിയാണ് അവിടെ അധികൃതര്‍ പാത പൂര്‍ത്തീകരിച്ചത്. ഇവിടെ അപകടങ്ങള്‍ കുറഞ്ഞു.
ഏറ്റെടുത്ത സ്ഥലത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ ഇടപ്പള്ളി- മൂത്തകുന്നം മേഖലയും അപകടം കുറയുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവിടെ സ്ഥലമേറ്റെടുത്തിട്ട് മുപ്പത്തി രണ്ട് വര്‍ഷമായി. ഇരുപത്തിനാല് കിലോമീറ്ററാണ് റോഡിന്റെ നീളം. ബിഒടി അടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ആയിരം കോടി രൂപയില്‍ കൂടുതല്‍ സര്‍ക്കാര്‍ മുടക്കണം. ഇതിനിടെ ദേശിയ പാതയുടെ വീതി വര്‍ധിപ്പിക്കുന്നതിനായി പതിനഞ്ച് മീറ്റര്‍ കൂടി ഏറ്റെടുക്കണമെന്ന ദേശീയ പാത അധികൃതരുടെ നിര്‍ദേശത്തിനെതിരെ ഭൂവുടമകള്‍ ശക്തമായ സമരവുമായി രംഗത്തുണ്ട്. പതിനഞ്ച് മീറ്റര്‍ കൂടി ഏറ്റെടുക്കുമ്പോള്‍ എണ്‍പത്തി ആറ് ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എണ്ണൂറ് വീടുകള്‍ കൂടി യൊഴിപ്പിക്കേണ്ടിവരും.
















