ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, മുന്‍ അധ്യക്ഷ സോണിയ എന്നിവര്‍ പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഹരിയാനയിലെ പഞ്ച്കുളയിലുള്ള 64 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്ഥിരമായി കണ്ടുകെട്ടി. രാഹുലിനും സോണിയയ്‌ക്കും കോണ്‍ഗ്രസിനും കനത്തയടിയാണ് ഈ നടപടി.
2018 ഡിസംബറില്‍ അന്വേഷണ ഏജന്‍സി സ്വത്ത് കണ്ടുകെട്ടിയിരുന്നെങ്കിലും രേഖകളും മറ്റും വിലയിരുത്തി ജഡ്ജി (ആര്‍ബിറ്റര്‍) ഇപ്പോഴാണ് അതിന് അംഗീകാരം നല്‍കിയത്. നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ വാദം കൂട്ടി കേട്ട ശേഷമാണ് നടപടി.
ഇതിനു പുറമേ സര്‍ക്കാര്‍ ഭൂമി അനധികൃതമായി അസോസിയേറ്റഡ് ജേണല്‍സിനു കൈമാറിയതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്ക് കുറ്റപത്രം നല്‍കി. പഞ്ചകുളയിലെ വസ്തു കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം താത്ക്കാലികമായി ഏറ്റെടുത്ത നടപടിക്ക് അംഗീകാരം നല്‍കിയതായും അന്നത്തെ മുഖ്യമന്ത്രി ഹൂഡ ഇത് നിയമവിരുദ്ധമായാണ് കൈമറിയതെന്ന് കണ്ടെത്തിയതായും കോടതി വ്യക്തമാക്കി.
രാഹുല്‍, സോണിയ, സാം പിത്രോദ, ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്, മോട്ടിലാല്‍ വോറ എന്നിവരുടെ ഉടമസ്ഥയിലുള്ള സ്ഥാപനമാണ് അസോസിയേറ്റഡ് ജേണല്‍(എജെഎല്‍). ഇതില്‍ രാഹുലിനും സോണിയയ്‌ക്കുമാണ് കൂടുതല്‍ ഓഹരികള്‍. മറ്റുള്ളവര്‍ക്ക് നാമമാത്രമായ ഓഹരികളേയുള്ളു. നവ ജീവന്‍ എന്ന പത്രം തുടങ്ങാന്‍ 1982ല്‍ പഞ്ചകുളയിലെ വസ്തു കൈമാറി.
എന്നാല്‍, ഇവര്‍ പത്രം തുടങ്ങിയില്ല. ഇക്കാര്യം കണ്ടെത്തി നഗര വികസന അതോറിറ്റി ഭൂമി മടക്കിയെടുത്തു. എന്നാല്‍, ഹൂഡ അധികാരം ദുര്‍വിനിയോഗം ചെയ്ത് ഇതേ ഭൂമി 2005ല്‍ പഴയ നിരക്കില്‍ തന്നെ എജെഎല്ലിന് നല്‍കി. ഇതുവഴി സര്‍ക്കാരിന് വലിയ നഷ്ടമുണ്ടായി, കുറ്റപത്രത്തില്‍ പറയുന്നു. 64 കോടിയുടെ വസ്തു ഇനി ലേലം ചെയ്ത് അഴിമതി വഴി നഷ്ടമായ പണം വീണ്ടെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കഴിയും.
















