ബാരാബാങ്കി: ഉത്തര്‍പ്രദേശിലെ ബാരാബാങ്കിയില്‍ 16 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതിയെ ഏറ്റുമുട്ടലില്‍ പോലീസ് കീഴടക്കി. കേസിലെ മുഖ്യപ്രതി പപ്പു ജയ്സ്വാളിനെയാണ് പോലീസ് ബുധനാഴ്ച വൈകുന്നേരം ഏറ്റുമുട്ടലില്‍ കീഴടക്കിയത്.
ബാരാബാങ്കിയിലെ അമ്രായി കുണ്ഡിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ കാലില്‍ വെടിയേറ്റ് പരിക്കേറ്റ പപ്പു ജയ്‌സ്വാളിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യക്കടയിലെ ജീവനക്കാരായ സുനില്‍ ജയ്സ്വാള്‍, പിതാംബര്‍ എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കടയുടെ ഉടമ ദന്‍വീര്‍ സിംഗ് ഇപ്പോഴും ഒളിവിലാണ്.
ചൊവ്വാഴ്ച ഉണ്ടായ മദ്യദുരന്തത്തില്‍ 16 പേരാണ് മരിച്ചത്. 38 പേര്‍ ഇപ്പോഴും ബാരബാങ്കിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
















