ന്യൂദല്‍ഹി: ശബരിമലയിലെ ആചാരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ശബരിമല യുവതീപ്രവേശന വിഷയത്തിലെ നിലപാട് വിശ്വാസി സമൂഹത്തെ പാര്‍ട്ടിയില്‍നിന്നും അകറ്റുന്നതിന് കാരണമായെന്ന കേരള സെക്രട്ടേറിയറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. മതന്യൂനപക്ഷങ്ങളും തുണച്ചില്ല. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസങ്ങളിലായി ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.
ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് പിണറായി സര്‍ക്കാരും സിപിഎമ്മും സുപ്രീം കോടതി വിധി മറയാക്കി ശബരിമലക്കെതിരെ നീങ്ങിയത്. ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കുമായി ഭിന്നിക്കപ്പെടുമെന്നും മുസ്ലിം, ക്രിസ്ത്യന്‍ പിന്തുണയുടെ ബലത്തില്‍ ജയിക്കാമെന്നുമായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടിക്ക് ‘പുതിയ വിഭാഗങ്ങളി’ലേക്ക് കടന്നുകയറാനുള്ള അവസരമാണ് ശബരിമലയെന്ന് മുഖമാസികയായ പീപ്പിള്‍സ് ഡമോക്രസിയിലെ ലേഖനത്തില്‍ പിബി അംഗം എസ്.രാമചന്ദ്രന് പിള്ള വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെയാണ് പുതിയ വിഭാഗം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒരുപോലെ കൈവിട്ടെന്നാണ് സിപിഎം ഇപ്പോള്‍ തിരിച്ചറിയുന്നത്.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലുള്‍പ്പെടെ വോട്ട് ചോര്‍ച്ചയുണ്ടായതായി പിബി വിലയിരുത്തി. ഇത് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളിലും പാളിച്ചയുണ്ടായി. കൂട്ടുത്തരവാദിത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെങ്കിലും ജനറല്‍ സെക്രട്ടറിയെന്ന നിലക്ക് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യച്ചൂരി പറഞ്ഞു.
ആവശ്യമായ തെറ്റ് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. മെയ് 30 മുതല്‍ ഏപ്രില്‍ ഒന്നു വരെ സംസ്ഥാന സമിതി യോഗം ചേരും. ഇതില്‍ താനുള്‍പ്പെടെയുള്ള പിബി അംഗങ്ങള്‍ പങ്കെടുക്കും. പിണറായിയെ ബംഗാളില്‍ പ്രചാരണത്തിന് ക്ഷണിച്ചിരുന്നു. ഭരണപരമായ തിരക്കുകള്‍ കാരണമാണ് പോകാതിരുന്നതെന്നും യച്ചൂരി വിശദീകരിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യനീക്കം നടത്തിയത് തിരിച്ചടിച്ചെന്ന് യച്ചൂരിയെയും ബംഗാള്‍ ഘടകത്തെയും ലക്ഷ്യമിട്ട് കേരളത്തിലെ നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: