കണ്ണൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ലയെന്ന് സിപിഎം അവകാശപ്പെടുന്ന കണ്ണൂരില്‍ വോട്ടു വിഹിതത്തിലുണ്ടായത് വന്‍ ഇടിവ്. മുഖ്യമന്ത്രി പിണറായി വിജയന് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തും കണ്ണൂരിലെ കരുത്തന് മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തട്ടകമായ കൂത്തുപറമ്പിലുമുണ്ടായ ചോര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വഴിയൊരുക്കി.
ധര്‍മ്മടത്ത് മുഖ്യമന്ത്രി നേരിട്ട് പ്രചാരണം നയിച്ചിട്ടും വന്‍തിരിച്ചടിയുണ്ടായി. മുഖ്യമന്ത്രി കുടുംബയോഗങ്ങളില്‍ പങ്കെടുത്ത മണ്ഡലത്തിലൊരിടത്തും എല്‍ഡിഎഫിന് മുന്നേറാനായില്ല. ജില്ലയില്‍ 50 ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുണ്ടായിരുന്ന എല്‍ഡിഎഫിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6.79 ശതമാനം വോട്ട് കുറഞ്ഞു. മുന്നണി പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാമതായി. കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂര്‍, ധര്‍മ്മടം മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞു.
മുഖ്യമന്ത്രി ധര്‍മ്മടത്ത് വിജയിച്ചത് 36,905 വോട്ടിന്. ഇത്തവണ 4,099 വോട്ടിന്റെ ഭൂരിപക്ഷമേയുളളൂ. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ 43,381 ന്റെ ഭൂരിപക്ഷം 7488 ലേക്ക് ചുരുങ്ങി. ജെയിംസ് മാത്യു 40,617 വോട്ടിന് വിജയിച്ച തളിപ്പറമ്പില്‍ 725 വോട്ടോടെ യുഡിഎഫ് ഒന്നാം സ്ഥാനത്തെത്തിയതും സിപിഎമ്മിന് കടുത്ത ക്ഷീണമായി. ഇടതുപക്ഷത്തിന് എന്നും മൃഗീയ ഭൂരിപക്ഷമുണ്ടാകാറുളള പയ്യന്നൂരും കല്ല്യാശ്ശേരിയും ഇത്തവണ നേരിയ ഭൂരിപക്ഷം മാത്രമേ നല്കിയുള്ളു. 40,000 ലേറെ ഭൂരിപക്ഷമുള്ള പയ്യന്നൂരില്‍ 26,000 മായും കല്ല്യാശ്ശേരിയില്‍ 13,000വുമായി ചുരുങ്ങി.
കൂത്തുപറമ്പില്‍ എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ വോട്ട് കുറഞ്ഞതും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. കൂത്തുപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് 68,492 വോട്ടു നേടിയപ്പോള്‍ പി. ജയരാജന് 64,359 വോട്ട് ലഭിച്ചു. മുരളിയേക്കാള്‍ 4000 വോട്ട് കുറവ്. ജയരാജന്റെ സ്വദേശമായ പാട്യം ഉള്‍പ്പെടുന്ന കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിക്ക് കീഴിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ വോട്ടുകള്‍ കൂട്ടത്തോടെ എതിര് സ്ഥാനാര്‍ത്ഥിക്ക് പോയി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എ.എന്‍. ഷംസീറിന് 59,486 വോട്ട് ലഭിച്ചിടത്ത് ഇരുപതിനായിരത്തോളം പുതിയ വോട്ടര്‍മാര്‍ ഉണ്ടായിട്ടും അഞ്ച് വര്‍ഷത്തിനിപ്പുറം കേവലം 5000 വോട്ട് മാത്രമാണ് ജയരാജന് അധികം ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കെ.കെ. ശൈലജയ്ക്ക് 67,013 വോട്ടുകള്‍ കൂത്തുപറമ്പില്‍ ലഭിച്ചിരുന്നു. ഈ വോട്ടു പോലും ജയരാജന് കിട്ടിയില്ല. ശൈലജയ്ക്ക് ലഭിച്ചതില്‍ നിന്ന് മൂവായിരം വോട്ട് കുറവാണ് ഇത്തവണ ജയരാജന് ലഭിച്ചത്.
ശക്തികേന്ദ്രമായ കല്ല്യാശ്ശേരി മണ്ഡലത്തിലെ പാപ്പിനിശ്ശേരി ഉള്‍പ്പെടെയുളള പഞ്ചായത്തുകളില്‍ പോലും യുഡിഎഫ് ഭൂരിപക്ഷം നേടിയത് സിപിഎമ്മിന് കടുത്ത തിരിച്ചടിയായി. പാര്‍ട്ടി കോട്ടകളില്‍ തന്നെയാണ് വിള്ളലെന്ന് വ്യക്തമായതോടെ നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. ബിജെപിക്ക് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളിലും ഇത്തവണയും ക്രമാനുഗതമായ വോട്ടു വര്‍ദ്ധനയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: