കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പോടെ ത്രിശങ്കുവിലായത് എം.പി. വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദളും (എല്‍ജെഡി). തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയ വീരനും സംഘത്തിനും കനത്ത അടിയായി തോല്‍വി. വീരന്റെയും എല്‍ജെഡിയുടെയും ബലത്തില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന ആര്‍ത്തിയോടെ ഇവരെ സ്വീകരിച്ച ഇടതു മുന്നണിക്കും കിട്ടി പണി.
2009ല്‍ കോഴിക്കോട് സീറ്റ് നിഷേധിച്ചതിന്റെ പേരിലാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍-എസ് ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നത്. അന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങള്‍ യുഡിഎഫ് പിടിച്ചെടുത്തു. ഈ വിജയം തങ്ങളുടെ മേനിയിലാണെന്ന ഹുങ്കാണ് അന്ന് വീരനും പാര്ട്ടിയുമുയര്ത്തിയത്. 2014ലെ തെരഞ്ഞെടുപ്പിലും ഈ രണ്ട് മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തി. എന്നാല്‍, അത്തവണ പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ടതോടെ വീരേന്ദ്രകുമാറിന് മുന്നണിയോട് നീരസം തുടങ്ങി. മനഃപൂര്‍വം തോല്പ്പിച്ചതാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതായതോടെ യുഡിഎഫില്‍ നിന്നും പൂര്‍ണമായും അകന്നു.
സ്വന്തം നലനില്പ്പ് ചോദ്യചിഹ്നമായത് തിരിച്ചറിഞ്ഞാണ് സിപിഎം ഈ അവസരം മുതലെടുത്ത് വീരനെയും പാര്‍ട്ടിയെയും മുന്നണിയില്‍ തിരികെയെത്തിച്ചത്. എല്‍ജെഡിയുടെ സ്വാധീനത്തില്‍ വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന് വ്യാമോഹിച്ച സിപിഎമ്മിന് ഇതേവരെയില്ലാത്ത തിരിച്ചടിയാണ് ഈ രണ്ട് മണ്ഡലങ്ങളിലുമുണ്ടായത്. എല്‍ജെഡിക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് വീമ്പിളക്കിയ വടകരയില്‍ തിരിച്ചടി കനത്തതായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ ഇരുമുന്നണികളിലേക്കും തിരിച്ചും മറിച്ചും ചാടിയിട്ടും വീരന്റെ ഗതികേട് തുടരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പോടെ അത് പൂര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: