ജ്യോതിരധികരണം
മൂന്നാം പാദത്തിലെ പതിനൊന്നാം അധികരണമാണ് ജ്യോതിരധികരണം. ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.
സൂത്രം – ജ്യോതിര്ദര്ശനാത്
ജോതിസ്സ് ബ്രഹ്മമാണ്.ശ്രുതിയില്‍ അങ്ങനെ കാണുന്നതിനാല്‍ .
ഇവിടെ ജ്യോതി ശബ്ദം ബ്രഹ്മത്തെയാണ് കുറിക്കുന്നത്.ബ്രഹ്മ വാചകമാണത്. എന്തുകൊണ്ടെന്നാല്‍ ദര്‍ശനത്തില്‍ അഥവാ ശ്രുതിയില്‍ പലയിടത്തുമായി ജ്യോതി ശബ്ദത്തിനെ ബ്രഹ്മ വാചകമായി ഉപയോഗിച്ചു കാണുന്നു എന്നത് തന്നെ കാരണം.
ഛാന്ദോഗ്യോപനിഷത്തില്‍ ദഹരാകാശ പ്രകരണത്തില്‍ ജ്യോതിസ്സിനെപ്പറ്റി പറയുന്നു.
‘ഏവമേ വൈഷ സംപ്രസാദോളസ്മാച്ഛരീരാത് സമുത്ഥായ പരം ജ്യോതിരുപസമ്പദ്യ സ്വേനരൂപേണാഭിനിഷ്പദ്യതേ’ – അപ്രകാരം സുഷുപ്തിയിലുള്ള ഈ പുരുഷനും ഈ ശരീരത്തില്‍ നിന്ന് ഉയര്‍ന്ന് പരമമായ ജ്യോതിസ്സിനോട് ചേര്‍ന്ന് സ്വന്തം രൂപമായിത്തീരുന്നു.
ഇവിടെ ജ്യോതിസ്സ് എന്ന് പറഞ്ഞത് എന്തിനെയാണ് എന്നതാണ് സംശയം.
ജ്യോതിസ്സ് എന്നാല്‍ തേജസ്സ് എന്നാണെന്നും സൂര്യതേജസ്സിനെയാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും പൂര്‍വ്വ പക്ഷം വാദിക്കുന്നു.
ഇരുട്ടിനെ ഇല്ലാതാക്കുന്ന തേജസ്സ് എന്ന രീതിയില്‍ വേണം ജ്യോതിസ്സ് എന്ന കണക്കാക്കാന്‍ എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുക്തനായ ആള് മരണശേഷം സൂര്യമണ്ഡലത്തിലെത്തുന്നുവെന്ന് പറയാറുണ്ട്. അതിനാല്‍ ജ്യോതിസ്സിനെ സൂര്യതേജസ്സായി തന്നെ അറിയണമെന്ന് പൂര്‍വ്വപക്ഷം ആവശ്യപ്പെടുന്നു.
എന്നാല്‍ ഇത് ശരിയല്ല എന്നും ജ്യോതിസ്സ് എന്നത് പരബ്രഹ്മത്തെ തന്നെയാണ് അര്‍ത്ഥമാക്കുന്നതെന്നും സൂത്രത്തിലൂടെ വ്യക്തമാക്കുന്നു.ഇത് സ്വന്തം സ്വരൂപത്തിലെത്തലാണ്. പരബ്രഹ്മമെത്തിലെത്തും സ്വസ്വരൂപത്തെ സാക്ഷാത്കരിക്കുന്നതും ഒന്ന് തന്നെ.
സ്വസ്വരൂപത്തെ പ്രാപിക്കുന്നവനാണ് ഉത്തമപുരുഷനെന്ന് ഛാന്ദോഗ്യത്തില്‍ തന്നെ പറയുന്നുണ്ട്. ബ്രഹ്മത്തിന് മാത്രം യോജിക്കാവുന്ന അപഹത പാപ്മത്വം തുടങ്ങിയ ഗുണങ്ങള്‍ ഇവിടെ പിന്നീട് പറയുന്നുണ്ട്. ശരീരമില്ലാത്ത അയാളെ (മുക്തനെ ) പുണ്യപാപങ്ങള്‍ക്ക് തൊടാന്‍ പോലുമാകില്ല എന്നുള്ളതും ബ്രഹ്മമായിത്തീര്ന്നതിന്റെ സൂചനയാണ്. അതിനാല്‍ ജ്യോതിസ്സ് എന്നതിന് ബ്രഹ്മമെന്ന് തന്നെ മനസ്സിലാക്കണം.
ശ്രുതിയില്‍ പലയിടത്തും ഇതുപോലെ ജ്യോതിസ്സിനെ പരമാത്മാവാചകമായി പറഞ്ഞിട്ടുണ്ട്. അതു കൂടാതെ ജ്യോതിസ്സിനെ പറഞ്ഞിരിക്കുന്ന പലയിടത്തും പരമ ശബ്ദം കൂടി ഉപയോഗിച്ചിട്ടുണ്ട്.ഇക്കാരണങ്ങളാല്‍ ജ്യോതിസ്സ് അഥവാജ്യോതിശയും പരബ്രഹ്മം വാചകം തന്നെയാണ്.
ബ്രഹ്മത്തെ ജ്യോതിസ്സുകളുടെ ജ്യോതിസ്സായും പരമ ജ്യോതിസ്സായും പറയുന്നുണ്ട്. അത് സ്വയം പ്രകാശകമായ ജ്യോതിസ്സാണ്. അത് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നതാണ്. അതിന്റെ പ്രകാശത്തിന് മുന്നില്‍ മറ്റ് പ്രകാശങ്ങളൊന്നുമല്ല. ഇതെല്ലാം ശ്രുതിയില്‍ പലയിടത്തായി ആവര്‍ത്തിക്കുന്നതിനാല്‍ ജ്യോതിസ്സ് എന്നതിന് പരമജ്യോതിസ്സായ ബ്രഹ്മമെന്ന് തന്നെ അര്‍ത്ഥമെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: