ഉത്തര്‍ പ്രദേശ് എന്താകും?. രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വീക്ഷിച്ചവര്‍ ഇത്തവണ തലപുകഞ്ഞാലോചിച്ചത് യുപിയെക്കുറിച്ചാണ്. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള (80) യുപി നേടുന്നവര്‍ ഇന്ത്യ ഭരിക്കുമെന്നാണ് ചൊല്ല്. 2014ല്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷ നല്‍കിയത് യുപിയിലെ 71 സീറ്റായിരുന്നു. മോദിയെ തടയാന്‍ വര്‍ഷങ്ങളുടെ ശത്രുത മറന്ന് എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഒന്നിച്ചതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായി വീണ്ടും യുപി മാറി. 25 സീറ്റ് വരെ മാത്രമാണ് ബിജെപിക്ക് ‘രാഷ്ട്രീയ നിരീക്ഷകര്‍’ പ്രവചിച്ചത്. മായാവതി പ്രധാനമന്ത്രി പദം സ്വപ്നം കണ്ടു. ഒന്നും ഒന്നും ചേര്‍ന്നാല്‍ രാഷ്ട്രീയത്തില്‍ രണ്ടാവില്ലെന്ന മറുപടിയാണ് ബിജെപി നേതാക്കള്‍ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടതും അവര്‍ ഉയര്‍ത്തിക്കാട്ടി.
ലഖ്നൗവില്‍ നിന്നും ദല്‍ഹിയിലേക്ക് പറക്കാമെന്ന മായാവതിയുടെ മോഹം തച്ചുടച്ച് ബിജെപി 62 സീറ്റിലും സഖ്യകക്ഷിയായ അപ്നാ ദള്‍ രണ്ട് സീറ്റിലും വിജയിച്ചു. ബിഎസ്പിക്ക് പത്തും എസ്പിക്ക് അഞ്ചും ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ്സിന് ഒരു സീറ്റും ലഭിച്ചു. ആര്‍എല്‍ഡി ‘സംപൂജ്യ’രായി. ബിജെപിയുടെ വോട്ടു വിഹിതം 42.63 ശതമാനത്തില്‍നിന്നും 49.56ലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. 50 ശതമാനം വോട്ട് ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനം. മറ്റുള്ളവരുടെ വോട്ട് ഗണ്യമായി കുറഞ്ഞു. ഇതോടെ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീളാനുള്ള സാധ്യതക്കും മങ്ങലേറ്റു.
കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും മത്സരിച്ച് തോറ്റ ബിഎസ്പിക്കാണ് സഖ്യം ഗുണം ചെയ്തത്. എസ്പിക്ക് അഞ്ച് സീറ്റ് തന്നെയാണ് 2014ലും ലഭിച്ചത്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് സിറ്റിങ് സീറ്റില്‍ തോറ്റത് ഇരുട്ടടിയായി. പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് ഉള്‍പ്പെടെ എസ്പിയിലെ ഒരു വിഭാഗം നേതാക്കള്‍ സഖ്യത്തിന് എതിരായിരുന്നു. ബിഎസ്പി വോട്ടുകള്‍ ലഭിക്കാതിരുന്നോയെന്ന് പരിശോധിക്കുമെന്ന് രാജ്യസഭാ എംപി ചന്ദ്ര പാല് സിംഗ് യാദവ് പറഞ്ഞത് പാര്‍ട്ടിക്കുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നതാണ്.
ജാതി സഖ്യം
ദളിത്-മുസ്ലിം വോട്ടുകളാണ് ബിഎസ്പിയുടെ ബലം. യാദവ-മുസ്ലിം വിഭാഗങ്ങളാണ് എസ്പിയുടെ ശക്തി. പശ്ചിമ യുപിയിലെ ജാട്ട് വോട്ടുകളാണ് ആര്‍എല്‍ഡിയുടെ ലക്ഷ്യം. ദളിത്, യാദവ, ജാട്ട് ധ്രുവീകരണത്തിലൂടെ മോദിയെ പിടിച്ചുകെട്ടാമെന്നായിരുന്നു മായാവതിയും അഖിലേഷും കരുതിയത്. മുസ്ലിം വോട്ടുകള്‍ പരമാവധി ലഭിക്കുമെന്നും അവര്‍ കണക്കുകൂട്ടി. ഒരൊറ്റ മോദി വിരുദ്ധ വോട്ട് പോലും ഭിന്നിക്കപ്പെടരുത് എന്നതായിരുന്നു മുദ്രാവാക്യം. യാദവ-ദളിത് ശത്രുതയിലാണ് എസ്പി, ബിഎസ്പി രാഷ്ട്രീയത്തിന്റെ നിലനില്‍പ്പ്. നിരന്തരമായ ജാതി സംഘര്‍ഷങ്ങളിലൂടെ അധികാരമുറപ്പിക്കുന്ന രാഷ്ട്രീയ പാരമ്പര്യം. ദളിത് നേതാവായ മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോഴും യുപിയിലെ പിന്നാക്ക വിഭാഗത്തിന് നേട്ടമൊന്നുമുണ്ടായില്ല. പരസ്പര വൈരം മറന്ന് താല്‍ക്കാലികമായെങ്കിലും ഒന്നാവാന്‍ തീരുമാനിച്ചത് നേതാക്കള്‍ മാത്രമായിരുന്നു. പ്രാദേശിക നേതാക്കളിലേക്കും പ്രവര്‍ത്തകരിലേക്കും സഖ്യം എത്തിയില്ല. ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ താഴെത്തട്ടില്‍ ശക്തമായ പോര് നിലനിന്നിരുന്നു. ഒരൊറ്റ ദിവസം ചായ കുടിച്ച് മറക്കാന്‍ പറ്റുന്നതായിരുന്നില്ല അത്.
ബിജെപി ദളിത്, മുസ്ലിം വിരുദ്ധരാണെന്ന പ്രചാരണത്തിനും അനുകൂല പ്രതികരണം ഉണ്ടാക്കാനായില്ല. ജാതി പ്രീണനം നടത്താതെ എല്ലാവര്ക്കും ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാന്‍ മോദിക്ക് സാധിച്ചിരുന്നു. ദേശസുരക്ഷയും ദേശീയതയും പ്രചാരണത്തില്‍ കത്തിനിന്നതോടെ ജാതിക്കപ്പുറത്തേക്ക് രാഷ്ട്രമെന്ന സങ്കല്‍പ്പത്തെ യുപിയിലെ ജനങ്ങള്‍ നെഞ്ചിലേറ്റി. മോദിയുടെ വ്യക്തിപ്രഭാവവും ശക്തനായ നേതാവെന്ന പ്രതിഛായയും മറികടക്കാന്‍ സഖ്യത്തിനായില്ല. ഏറ്റവുമധികം കേന്ദ്ര പദ്ധതികളുടെ ഗുണം ലഭിച്ച സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം ലഭിച്ചവരുടെ പട്ടിക ശേഖരിച്ച് ബിജെപി പ്രവര്‍ത്തകര്‍ വീടുകളിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ഇവരുമായി ഫോണില്‍ ബന്ധം നിലനിര്‍ത്തി. എല്ലാത്തിനും പുറമെ ബിജെപിക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന സംഘടനാ സംവിധാനവും ചേര്‍ന്നതോടെ ജാതി സഖ്യം നിഷ്പ്രഭരായി.
പ്രിയമാകാതെ പ്രിയങ്ക
നെഹ്റു കുടുംബത്തിന് വിനീത വിധേയരായി കഴിയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രിയങ്ക പ്രിയങ്കരിയായിരുന്നെങ്കിലും യുപിയിലെ ജനങ്ങള്‍ പുറന്തള്ളി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച സഹോദരന് രാഹുലിന്റെ പരാജയം തടയാന്‍ പോലും പ്രിയങ്കയുടെ വരവിന് സാധിച്ചില്ല. 6.28 ശതമാനം വോട്ടാണ് കോണ്‍ഗ്രസ്സിന് സംസ്ഥാനത്ത് ലഭിച്ചത്. പ്രിയങ്ക പ്രചാരണം നടത്തിയിടത്തെല്ലാം പാര്‍ട്ടി ദയനീയമായി തോറ്റു. യുപിക്ക് പുറത്ത് 12 സീറ്റില്‍ പ്രചാരണം നടത്തിയതില്‍ 11 ഇടത്തും പരാജയപ്പെട്ടു. റായ്ബറേലി സോണിയാ ഗാന്ധി നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷത്തിലുണ്ടായ വലിയ കുറവ് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നതാണ്. എസ്പിയും ബിഎസ്പിയും സോണിയയ്ക്ക് പിന്തുണ നല്‍കിയിട്ടും 2014ല്‍ 3.52 ലക്ഷമുണ്ടായിരുന്ന ഭൂരിപക്ഷം 1.67 ലക്ഷമായി കുറഞ്ഞു. സീറ്റ് കിട്ടാത്ത എസ്പി, ബിഎസ്പി നേതാക്കള്‍ വ്യാപകമായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത് വിശാല സഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ചു. മുന്‍ എസ്പി നേതാവ് ശിവപാല്‍ യാദവിന്റെ പ്രഗതിശീല് സമാജ്വാദി പാര്‍ട്ടിയും പലയിടത്തും വോട്ടുകള്‍ ചോര്‍ത്തിയത് ബിജെപിക്ക് ഗുണം ചെയ്തു.
ബിഹാറിലും ജാതി തോറ്റു
ജാതി രാഷ്ട്രീയമാണ് ബിഹാറിലും പ്രതിപക്ഷം പരീക്ഷിച്ചത്. ആര്‍ജെഡി നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട കൂട്ടുകെട്ട് വിവിധ ജാതികളുടെയും ഉപജാതികളുടെയും മഴവില്‍ സഖ്യമായിരുന്നു. യാദവ, മുഷഹാര്‍, നിഷാദ്, മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ട് രൂപീകരിച്ച സഖ്യത്തില്‍ വികാസ്ശീല് ഇന്സാന് പാര്‍ട്ടി, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി, മുന്‍ മുഖ്യമന്ത്രി ജിതന്‍ മാഞ്ചിയുടെ എച്ച്എഎം തുടങ്ങിയ പാര്‍ട്ടികളും ഉണ്ടായിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പകരം മകന് തേജസ്വി യാദവാണ് പാര്‍ട്ടിയെ നയിച്ചത്. വന്‍ തോല്‍വി ഏറ്റുവാങ്ങിയ സഖ്യത്തിന് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. 39 സീറ്റ് ബിജെപി, എല്‍ജെപി, ജെഡിയു സഖ്യം നേടി.
ഹരിയാനയില്‍ ജാട്ട്, ഗുജറാത്തില്‍ പട്ടേല്‍, മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗങ്ങളെയും മോദിക്കെതിരാക്കി കോണ്‍ഗ്രസ് രാഷ്ട്രീയക്കളിക്ക് ശ്രമിച്ചിരുന്നു. മുസ്ലിം പ്രീണന രാഷ്ട്രീയം തിരിച്ചടിച്ചതോടെയാണ് രാഹുലും സംഘവും ജാതിയെ പരസ്യമായി കൂട്ടുപിടിക്കാന്‍ ആരംഭിച്ചത്. അര്‍ബന്‍ നക്സലുകളുടെ പിന്തുണയും ഇതിന് ലഭിച്ചു. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ കലാപം അഴിച്ചുവിടാനും ഇവര്‍ക്ക് സാധിച്ചിരുന്നു. ഗുജറാത്തില്‍ സംവരണമാവശ്യപ്പെട്ട് കലാപം നടത്തിയ ഹര്‍ദ്ദിക്ക് പട്ടേല്‍ അടുത്തിടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതും ഗൂഢാലോചന വ്യക്തമാക്കുന്നു. മോദിക്കെതിരായ ജാതി സഖ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: