ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ച് ലോക നേതാക്കള്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ്ഹസീന, ഭൂട്ടാന്‍ രാജാവ് ജിഗ്‌മേഖേസര്‍ നംഗ്യേല്‍വാങ്ചുക്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോത്തേ ഷെറിങ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍വിക്രമ സിങ്കെ, റഷ്യന്‍ പ്രസിഡന്റ്. വ്‌ളാദിമിര്‍ പുടിന്‍, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌ക്കോട്ട് മോറിസണ്‍, മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ്ജുഗ്നൗത്, ചൈനീസ് പ്രസിഡന്റസ് ഷിജിന്‍ പിങ്, യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സയ്യിദ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുതലായവര്‍ മോദിക്ക് ഫോണിലൂടെ അഭിനന്ദനം അറിയിച്ചു.
മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഈ ചരിത്ര പരമായ വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ലോക നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്ത് പ്രതിനിധാനം ചെയ്യുന്നതായിരുന്നു പൊതുതെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി ലോകനേതാക്കള്‍ക്ക് മറുപടി നല്‍കി. പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി ബന്ധങ്ങളും, ബഹുതല സഹകരണവും വികസിപ്പിക്കുന്നതിന് നല്‍കിയ സഹകരണത്തിന് ലോക നേതാക്കള്‍ക്ക് നന്ദിയും അറിയിച്ചു.
ലോക രാഷ്‌ട്രങ്ങളുമായി കരുത്തുറ്റ ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് അവരുമായിതുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും പ്രധാനമന്ത്രി ഇതോടൊപ്പം പ്രകടിപ്പിച്ചു. കൂടാതെ സമൂഹ മാധ്യമങ്ങള്‍വഴിയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും അഭിനന്ദനം അറിയിച്ച നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
















