കണ്ണൂര്‍: ഉത്തര മലബാറില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം ശക്തികേന്ദ്രങ്ങളില്‍ സിപിഎമ്മിന് വന്‍ വോട്ട് ചോര്‍ച്ച.
വടകര, കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളിലെ കനത്ത പരാജയത്തിന് പ്രധാനമായും വഴിയൊരുക്കിയത് സിപിഎമ്മിന്റെ കൊലപാതക-അക്രമ പരമ്പരകളാണെന്ന് വ്യക്തം. സിപിഎമ്മിന് ശക്തമായ സ്വാധീനമുളള വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ മണ്ഡലത്തിലെ മട്ടന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ്, കാസര്‍കോട് മണ്ഡലത്തിലെ കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലും വലിയ തോതിലാണ് സിപിഎമ്മിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടായത്.
വടകരയില്‍ തലശ്ശേരി നിയോജക മണ്ഡലം ഒഴിച്ച് ബാക്കി ആറു മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥിയായ പി. ജയരാജന് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സ്വന്തം സ്ഥലമായ കൂത്തുപറമ്പ് മണ്ഡലത്തില്‍ പോലും മുന്നേറാന്‍ ജയരാജന് സാധിച്ചില്ല. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തായി. 2016 ല്‍ 91,106 വോട്ടുണ്ടായിരുന്ന സ്ഥാനത്ത് അത് 73,147 വോട്ടായി കുറഞ്ഞു. വന്‍ ഭൂരിപക്ഷം ഉണ്ടായിരുന്ന ധര്‍മ്മടത്തും മട്ടന്നൂരും വന്‍തോതില്‍ കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ കൂടിയിട്ടും സിപിഎമ്മിന് രണ്ടിടങ്ങളിലും നാമമാത്രമായ വര്‍ദ്ധന മാത്രമേ ഉണ്ടായിട്ടുള്ളൂ.
മന്ത്രി ഇ.പി. ജയരാജന് മട്ടന്നൂരില്‍ ലഭിച്ച 43,381 എന്ന ഭൂരിപക്ഷം 7448 മാത്രമായി ചുരുങ്ങി. ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം 37,905 ആയിരുന്നുവെങ്കില്‍ ഇത്തവണ ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിയും യുഡിഎഫും തമ്മിലുളള വ്യത്യാസം 4099 മാത്രമാണ്. കാസര്‍കോട് മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും സിപിഎം വോട്ടില്‍ വന്‍ ചോര്‍ച്ചയാണ് ഉണ്ടായിട്ടുളളത്. മൂന്ന് മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎം ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
വടകര മണ്ഡലത്തില്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 76313 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വി.കെ.സജീവന് 79,481 വോട്ടുകള്‍ ലഭിച്ചു. കണ്ണൂരില്‍ കഴിഞ്ഞ തവണ 51,636 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന് 67,009 വോട്ടുകള്‍ ലഭിച്ചു. കാസര്‍കോട് 1,72,826 ലഭിച്ചിടത്ത് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രിക്ക് 1,75,311 വോട്ടുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: