കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി വന്‍വിജയം കൊയ്തപ്പോള്‍ കണ്ണുതള്ളിയ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും കണ്ടെത്തിയ കാരണങ്ങളിലൊന്ന് വോട്ടിംഗ് മെഷീനായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടത്തിയതിനാലാണ് ബിജെപി അവര്‍പോലും പ്രതീക്ഷിക്കാത്ത വിജയം നേടിയതെന്നായിരുന്നു പറഞ്ഞുപരത്തിയത്. ഇലക്ഷന് കമ്മീഷനിലെ അംഗങ്ങളെല്ലാം ആര്‍എസ്എസുകാരാണെന്ന് സ്ഥാപിക്കാനും കോണ്‍ഗ്രസുകാരും ആപ്പുകാരും കഠിനാധ്വാനം ചെയ്തു. അന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമായിരുന്നു കമ്മീഷനെ പ്രതിക്കൂട്ടില്‍ നിര്ത്തിയതെങ്കില് ഇന്ന് ഫലം വരുംമുന്‍പുതന്നെ വന്‍ തോല്‍വി അറിഞ്ഞതിനാല്‍ കമ്മീഷനെതിരെ രംഗത്തുവന്നിരിക്കുകയാണ്.
എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബിജെപിയുടെ വന്‍വിജയം പ്രഖ്യാപിച്ചതോടെ കമ്മീഷനെതിരെയുള്ള ഉറഞ്ഞുതുള്ളല്‍ ശക്തമായി. ബിജെപി വിജയിച്ചാല്‍ അതിന് കാരണം വോട്ടിംഗ് മെഷീനിലെ തിരിമറിയാണെന്ന് സ്ഥാപിക്കാനും പ്രചരിപ്പിക്കാനുംമാത്രം പ്രതിപക്ഷനേതാക്കള്‍ ദല്‍ഹിയില്‍ ഒന്നിച്ചുകൂടി. കമ്മീഷനുമുന്നില്‍ സമരനാടകവും നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നാണ് മമത മുതല്‍ കേജ്രിവാള് വരെയുള്ള പ്രതിപക്ഷനേതാക്കളുടെ ആരോപണം. രാഹുല്‍ഗാന്ധി മൈക്ക്കെട്ടി രാജ്യം മുഴുവന്‍ പറഞ്ഞത് ഏറ്റുപറയുന്ന തിരക്കിലാണ് തലമൂത്ത നേതാക്കള്‍ പലരും.
മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണു എന്നതുപോലെ ഇലക്ഷന് കമ്മീഷനിലെ ഒരംഗത്തിന്റെ നടപടിയുമുണ്ടായി. താന്‍ പറയുന്നത് തന്റെ അഭിപ്രായം പ്രത്യേകമായി രേഖപ്പെടുത്തണമെന്ന കമ്മീഷനംഗത്തിന്റെ ആഗ്രഹം അദ്ദേഹം പരസ്യമായി പറഞ്ഞത് ബിജെപിയെ അടിക്കാനുള്ള വടിയായിട്ടാണ് ഉപയോഗിക്കുന്നത്. അതുവരെ കമ്മീഷന് അംഗങ്ങളെല്ലാം ബിജെപിക്കാര്‍ എന്നുപറഞ്ഞു നടന്നവര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ അംഗത്തെ മഹത്വവല്‍ക്കരിക്കുന്ന കാഴ്ചയും കണ്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങള്‍ തമ്മിലുള്ള എതിര്‍പ്പ് ചരിത്രത്തിലാദ്യം എന്ന മട്ടിലാണ് പ്രചാരണം. വോട്ടിംഗ് സംവിധാനം മുഴുവന്‍ അവതാളത്തിലെന്നും പറഞ്ഞുപരത്തുന്നു. പറഞ്ഞുപറഞ്ഞ് വോട്ടിംഗ് മെഷീന് കണ്ടുപിടിച്ചതും തെരഞ്ഞെടുപ്പ് സംവിധാനം ആവിഷ്കരിച്ചതുമൊക്കെ നരേന്ദ്രമോദിയാണന്നുവരെ പറയും പ്രതിപക്ഷം.
തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെ വരുതിക്ക് നിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത് കോണ്‍ഗ്രസാണെന്നത് ചരിത്രമറിയാവുന്ന എല്ലാവര്ക്കും അറിയാം. അതിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു അടിയന്തരാവസ്ഥ. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള ഭരണഘടനാ സംവിധാനങ്ങളെയെല്ലാം കാഴ്ചക്കാരാക്കി ഫാസിസം എന്തെന്ന് ഭാരതീയര്‍ക്ക് കാട്ടിത്തന്ന ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനാണ് ഇപ്പോള്‍ ജനാധിപത്യത്തെക്കുറിച്ച് മോങ്ങുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ കാര്യമെടുത്താല്‍ രാഹുലിന്റെ അച്ഛന് രാജീവ് ഗാന്ധിയാണ് കമ്മീഷനില്‍ ആദ്യമായി രാഷ്ട്രീയ കൈകടത്തല്‍ നടത്തിയത് എന്നതും ചരിത്രത്തിലുണ്ട്. നാല് പതിറ്റാണ്ടോളം ഏകാംഗ കമ്മീഷനായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് രണ്ടുപേരെക്കൂടി കുത്തിത്തിരുകിയത് 1989ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. ചരിത്രത്തില്‍ ഏറ്റവും വലിയഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും അഴിമതിയില്‍ മുങ്ങിക്കുളിച്ചതിനാല്‍ ഭരണം നഷ്ടമാകുമെന്ന് മുന്‍കൂട്ടിക്കണ്ട് രാഷ്ട്രീയ താല്‍പ്പര്യത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ത്താനുള്ള നടപടിയായിരുന്നു രാജീവ് ഗാന്ധിയുടേത്. ചീഫ് ഇലക്ഷന് കമ്മീഷണറായിരുന്ന പെരിശാസ്ത്രിയെ ഒതുക്കാന്‍ രണ്ടുപേരെയുംകൂടി രാജീവ് നിയമിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല.
പിന്നീട് പ്രധാനമന്ത്രിയായ വി.പി. സിംഗ് ആ രണ്ടംഗങ്ങളെയും പുറത്താക്കി. അവര്‍ കോടതിയില്‍ പോയിട്ടും രക്ഷയുണ്ടായില്ല. പെരിശാസ്ത്രിക്ക് പകരക്കാരനായി ടി.എന്‍. ശേഷനെ നിയമിച്ചത് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. കമ്മീഷന്റെ അലകുംപിടിയും മാറ്റിയത് ശേഷന് ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ശേഷനെ മഹത്വവല്‍ക്കരിച്ച് ബഹളംവയ്ക്കുന്ന കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും അദ്ദേഹത്തിന്റെ ശക്തരായ വിമര്‍ശകരായിരുന്നുവെന്നതാണ് സത്യം. ശേഷനെ ഒതുക്കാന്‍ നരസിംഹറാവു വീണ്ടും രണ്ടുപേരെക്കൂടി കമ്മീഷനില്‍ അംഗങ്ങളാക്കി. അവരെ വകവച്ചുകൊടുക്കാന്‍ ശേഷന് ഒരിക്കലും തയ്യാറായിരുന്നില്ല. അവരുടെ വിദഗ്ധാഭിപ്രായങ്ങള്‍ക്ക് വില കൊടുത്തുമില്ല. മാത്രമല്ല, അവര്‍ക്കെതിരെ ശേഷന് സുപ്രീംകോടതിയെ സമീപിച്ചു. മൂന്നംഗങ്ങളും ഒത്തൊരുമിച്ചുപോകുക എന്ന ഉപദേശം നല്‍കുകമാത്രമാണ് സുപ്രീംകോടതിപോലും ചെയ്തത്. ശേഷനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കണ്ടവരാണ് ഇടതുപാര്‍ട്ടിക്കാര്‍. മന്‍മോഹന്‍സിംഗിന്റെ കാലത്തും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ചേരിപ്പോര് പരസ്യമായിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമിയെ വകവയ്ക്കാതെ, അംഗമായിരുന്ന നവീന്‍ ചൗള പെരുമാറിയത് വാര്‍ത്തകളിലിടംപിടിച്ചു. ചൗളയെ മാറ്റണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും മന്‍മോഹന്‍സിംഗ് സമ്മതിച്ചില്ല. ഇങ്ങനെയൊക്കെ ചരിത്രമുള്ളപ്പോഴാണ് വലിയ സംഭവം എന്ന നിലയില്‍ ഇപ്പോഴത്തെ പ്രശ്നങ്ങളെ പര്‍വതീകരിക്കുന്നത്.
വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ ബിജെപി മാത്രം എന്തിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കുന്നുവെന്നതാണ് ഉയര്‍ത്തുന്ന മറ്റൊരു ചോദ്യം. ഇക്കാര്യത്തില്‍ തോറ്റാലും ജയിച്ചാലും ഒരേ നിലപാടുള്ളത് ബിജെപിക്ക് മാത്രം എന്നതാണ് അതിനുമറുപടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിജെപി ജയിക്കുക മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഘട്ടിലുമൊക്കെ കോണ്‍ഗ്രസ് ജയിച്ചത് വോട്ടിംഗ് മെഷീന് ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പിലാണ്. കെജ്രിവാള് ദല്‍ഹി തൂത്തുവാരിയതും മമത ബംഗാളില്‍ ഭരണം പിടിച്ചതും പിണറായി വിജയന് കേരളത്തില്‍ മുഖ്യമന്ത്രിയായതും വോട്ടിംഗ് മെഷീനുപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ്. അന്നൊന്നും അതിനെ കുറ്റപ്പെടുത്താത്തവര്‍ ബിജെപി ജയിക്കുമ്പോള്‍ മാത്രം യന്ത്രത്തകരാറ് കണ്ടുപിടിക്കുന്നതിന്റെ യുക്തി മനസ്സിലാക്കാന്‍ പാഴൂര്‍പ്പടിവരെ പോകേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: