മഞ്ചേരി: മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. എ. സുരേഷ് കുമാറിനെ അച്ചടക്ക നടപടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ഏഴുവയസ്സുകാരന്റെ മൂക്കിന് പകരം വയറിലാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ മഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 338-ാം വകുപ്പ് പ്രകാരമാണ് കേസ്. മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിശദീകരണം സഹിതമുള്ള റിപ്പോര്‍ട്ട് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് രണ്ടാഴ്ചയ്‌ക്കകം ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 13ന് പരിഗണിക്കും.
കേസിനാസ്പദമായ സംഭവം. മലപ്പുറം കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് തയ്യില്‍ മജീദ് ജഹാന്‍ ദമ്പതികളുടെ മകന്‍ ഏഴുവയസ്സുകാരന്‍ മുഹമ്മദ് ദാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയത് ഈ മാസം 21ന്. മൂക്കിനുള്ളില്‍ ദശവളരുന്ന അസുഖമുള്ള ദാനിഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും 21ന് തീയതി നല്‍കുകയും ചെയ്തു.
പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍ കുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകന്‍ ധനുഷ് എന്ന കുട്ടിക്ക് ഹെര്‍ണിയക്കും 21ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.
ഇരുവരെയും ഒരുമിച്ചാണ് ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ദാനിഷിന്റെ മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
തിരികെ വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറില്‍ ഓപ്പറേഷന്‍ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഡോക്ടറെ അറിയിച്ചു. തുടര്‍ന്ന് മൂക്കിലും ഓപ്പറേഷന്‍ ചെയ്തു.
ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായും അച്ചടക്ക നടപടികളുടെ തീര്‍പ്പിന് വിധേയമായും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ശസ്ത്രക്രിയ മാറി നടത്തിയ ഏഴുവയസ്സുകാരന് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കി.
















