ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടുത്തയിടെ ഏറ്റവും മുഴങ്ങിക്കേട്ട പദമാണല്ലോ കള്ളന് എന്ന അര്‍ത്ഥംവരുന്ന ഹിന്ദി വാക്കായ ചോര്‍. കഴിഞ്ഞ അഞ്ചുവര്‍ഷം ഇന്ത്യയില്‍ അഴിമതിരഹിത ഭരണം നടത്തി ലോകാരാധ്യനായി മാറിയ നരേന്ദ്രമോദിക്കെതിരെ ഈ പദപ്രയോഗം നടത്തിയത് പ്രധാനമന്ത്രിപദം സ്വപ്നം കണ്ടു നടക്കുന്ന നടക്കുന്ന രാഹുല്മോനാണ്.
പ്രധാനമന്ത്രിപദം മോഹിച്ച് ബുദ്ധിഭ്രംശം ബാധിച്ച ഒരാളുടെ വിഹ്വലതയായിട്ടാണ് ആദ്യമാദ്യം ഭാരതരാഷ്ട്രീയം ഇതിനെ കണക്കാക്കിയത്. കിട്ടുന്ന അവസരങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ‘ചോര്‍’ പ്രയോഗം നടത്തിക്കൊണ്ടിരുന്ന രാഹുല്‍ അവസാനം സുപ്രീംകോടതിയില്‍ നിന്ന് കണക്കറ്റ് ശകാരം ഏറ്റുവാങ്ങുകയും ചെയ്തു. ഇന്നിപ്പോള്‍ എന്റെ അച്ഛന് കള്ളനല്ല എന്നു വിളിച്ചുകൂവി നടക്കേണ്ട ഗതികേട് രാഹൂലിനുണ്ടായിട്ടുണ്ടെങ്കില് അതു വിധിവിഹിതം മാത്രം. പരാജയത്തിന്റെ പടുകുഴി മുന്നില്‍ കാണുമ്പോള്‍, സ്വന്തം കുടുംബത്തിനൊപ്പം താനും കള്ളനായി മുദ്രകുത്തപ്പെടുന്ന പേടിപ്പെടുത്തുന്ന സ്വപ്നമായിരിക്കും രാഹുല്‍ എന്ന പ്രധാനമന്ത്രി സ്വപ്ന ജീവിയുടെ മനസ്സില്‍.
കാരണം, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ‘ചോര്‍’ എന്ന വിളിപ്പേരുകൊണ്ട് കുപ്രസിദ്ധനായ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കാന്‍ സുഖമുണ്ട്. ചെറുഗ്രാമങ്ങളിലും, ഗലികളിലും അദ്ദേഹത്തെ ജനങ്ങള്‍ ചോര്‍ എന്നുവിളിച്ചിരുന്നു. ടെലിവിഷനില്‍ അദ്ദേഹത്തിന്റെ ചിത്രം പ്രത്യക്ഷപ്പെടുമ്പോള്‍ കൊച്ചുകുട്ടികള്‍പോലും ചോര്‍, ചോര്‍ എന്നുപറയുമായിരുന്നു. ആ വിളിപ്പേരിന് അര്‍ഹനായത് രാഹുല്‍ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി ആയിരുന്നു.
സ്വിറ്റ്സര്‍ലന്‍ഡിലെ ബൊഫോഴ്സ് ആയുധനിര്‍മ്മാണ കമ്പനിയില്‍നിന്നു 400 എണ്ണം 155 എം.എം. ഫീല്‍ഡ് ഹോവിറ്റ്സര്‍ എന്ന പീരങ്കി തോക്കുകള്‍ വാങ്ങുവാനുള്ള കരാറില്‍ 1986ല്‍ രാജീവ് ഒപ്പുവച്ചു. കൂട്ടിന് വ്യാപാരിയും ആയുധ ഇടനിലക്കാരനുമാ വിന്‍ഛദ്ദയും, രാജീവുഗാന്ധിയുടെയും, സോണിയ കുടുംബത്തിന്റെയും സന്തതസഹചാരിയും ഇറ്റാലിയന്‍ ബിസിനസ്സുകാരനുമായ ഒട്ടോവിയോ ക്വത്രോച്ചിയും ഉണ്ടായിരുന്നു.
1987ല്‍ സ്വീഡിഷ് റേഡിയോ, ബോഫോഴ്സ് കരാറില്‍ 63 കോടിരൂപയുടെ അഴിമതിയും, കോഴപ്പണം കൈപ്പറ്റലും നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നു. ബോഫോഴ്സ് കമ്പനിപ്രതിനിധി മാര്ട്ടിന് ആര്‍ഡ്ബോ പ്രസ്തുത ഇടപാടില്‍ കോഴപ്പണം കൈപ്പറ്റിയത് ക്യൂ എന്ന ഒട്ടോവിയോ ക്വത്രോച്ചിയും ആര് എന്ന രാജീവ്ഗാന്ധിയുമാണെന്ന് വെളിപ്പെടുത്തി. ഈ ഇടപാടില്‍ മേല്പ്പറഞ്ഞവര് കോഴപ്പണം കൈപ്പറ്റിയെന്ന വാര്‍ത്ത ഹിന്ദു ദിനപത്രത്തിന്റെ സ്വീഡിഷ് റിപ്പോര്‍ട്ടര്‍ ചിത്ര സുബ്രഹ്മണ്യവും, എഡിറ്റര്‍ നരസിംഹറാമും ഉയര്‍ത്തി. ബോഫേഴ്സ് തോക്കുകള്‍ ഒന്നിനുംകൊള്ളാത്ത കളിപ്പാട്ടത്തിന് തുല്യമായവയാണെന്നും ആരോപണം ഉണ്ടായി. രാജീവ് ഗാന്ധി മന്ത്രിസഭയിലെ പ്രതിരോധമന്ത്രിയും ധനമന്ത്രിയുമായിരുന്ന വിശ്വനാഥ് പ്രതാപ്സിംഗ്, കോടിക്കണക്കിന് രൂപയുടെ ബോഫേഴ്സ് അഴിമതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നും, പിന്നീട് കോണ്‍ഗ്രസ്സില്‍നിന്നും രാജീവ്ഗാന്ധി പുറത്താക്കി.
രാജീവ് ഗാന്ധിയും, ഭാര്യ സോണിയ ഗാന്ധിയും അടങ്ങുന്ന കുടുംബത്തെ പിടിച്ചുലയ്ക്കുന്നതായി മാറി ഈ അഴിമതി. വികൃതമായ മുഖം രക്ഷിച്ച് 1987ല്‍ ഈ അഴിമതിയെപ്പറ്റി അന്വേഷിക്കുവാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സ് നിര്‍ബന്ധിതമായി. 50 തവണ സിറ്റിംഗ് നടത്തിയ സമിതിയില്‍ ഉള്ളത് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ മാത്രമാണെന്നു പറഞ്ഞ് പ്രതിപക്ഷം ഈ സമിതി ബഹിഷ്ക്കരിച്ചു. 1991ല്‍ ‘സ്വിസ്സ് ഇലസ്ട്രേറ്റഡ്’ എന്ന മാസിക സ്വിസ്സ്ബാങ്കില്‍ അക്കൗണ്ടുള്ള അഴിമതിക്കാരായ പ്രമുഖരുടെ പട്ടിക പുറത്തുകൊണ്ടുവന്നു.
ഈ പട്ടികയില്‍ ഫിലിപ്പെയിന്‍സിലെ ഏകാധിപതിയായിരുന്ന ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ ഭാര്യ ഇമെല്സിനൊപ്പം രാജീവ് ഗാന്ധിയുടെ പേരും ഉണ്ടായിരുന്നു. രാജീവ് ഗാന്ധിക്ക് പ്രസ്തുത ബാങ്കില്‍ 2.5 കോടി സ്വിസ്സ് ഫ്രാങ്ക് നിക്ഷേപം ഉണ്ടെന്ന് തെളിവുകള്‍ സഹിതം മാസിക ചൂണ്ടിക്കാട്ടി. അന്ന് ജനതാപാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യംസ്വാമി രാജീവ് ഗാന്ധിയുടെ കള്ളപ്പണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയ്ക്ക് കത്തെഴുതി.
ബോഫോഴ്സ് അഴിമതിയെപ്പറ്റി 18 വര്‍ഷക്കാലം അന്വേഷണം നടത്തിയ സ്വകാര്യ ഡിക്റ്റക്ടീവ് മൈക്കിള്‍ ഹര്‍ഷ്മാന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. രാജീവ് ഗാന്ധിയുടെ സ്വിസ്സ്ബാങ്കിലെ അഴിമതി അക്കൗണ്ടുകളുടെ പേരുകള്‍ ട്യൂലിപ്പ്, മോണ്ട് ബ്ലാക്ക് എന്നിവയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഒട്ടോവോ ക്വത്രോച്ചി സോണിയ ഗാന്ധിയുടെ മാതാവ് പൗലാനാ മൈനോയുടെ ഉറ്റസുഹൃത്തും സന്തതസഹചാരിയും ആയിരുന്നു. മക്കളായ രാഹുല്‍ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും ക്വത്രോച്ചിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചാണ് രാജീവ് ഗാന്ധിയും സോണിയയും നടന്നിരുന്നത്. ബൊഫേഴ്സ് തോക്ക് അഴിമതി ഇടപാടില്‍ വിവിധ തലങ്ങളില്നിന്നുണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ചോര്‍ എന്ന പദത്തിന് അര്‍ഹനായി മാറിയിരുന്നു ഇതിനോടകം രാജീവ്ഗാന്ധി.
രാജീവ് ഗാന്ധിയുടെ മരണശേഷം ക്വത്രോച്ചിയെ രക്ഷിക്കാന്‍ സോണിയ പലതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് 1993ല്‍ ക്വത്രോച്ചിയെ ഇന്ത്യയില്‍നിന്ന് രഹസ്യമായി മലേഷ്യയിലേക്ക് രക്ഷപെടാന്‍ അനുവദിച്ചതു സോണിയ ആണെന്നും വെളിപ്പെടുത്തപ്പെട്ടിരുന്നു. 2003ല്‍ അധികാരത്തില്‍വന്ന എന്‍ഡിഎ സര്‍ക്കാര്‍ ലണ്ടന്‍ ബാങ്കിലെ ക്വത്രോച്ചിയുടെ മരവിപ്പിച്ച അക്കൗണ്ടുകള്‍ 2006ല്‍ അധികാരത്തില്‍വന്ന ഒന്നാം യുപിഐ ഗവണ്മെന്റ് റദ്ദാക്കിയതിന്റെ പിന്നിലും സോണിയ ആയിരുന്നവത്രേ.
ഇതു മാത്രമായിരുന്നില്ല രാജീവ്ഗാന്ധിക്കെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണം. റഷ്യന്‍ സുരക്ഷാസേനയായ കെജിബിയില്നിന്നും രാജീവ് ഗാന്ധി അവിഹിതമായി പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങിയ പത്രങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. റഷ്യ പിന്നീട് അത് സ്ഥിരീകരിക്കുകയും ചെയ്തു. കെജിബി സോണിയ ഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സോണിയയുടെ മാതാവ് പൗലോ മൈനോയുടെയും പേരില്‍ പണം നല്‍കിയതായി തെളിവ് സഹിതം പിന്നീട് റഷ്യന്പത്രങ്ങള് പ്രസിദ്ധീകരിച്ചു.
ഇതുകൂടാതെ ഇറ്റലിയിലെ അഗസ്റ്റാ വെസ്റ്റ്ലാന്ഡില് നിന്ന് 3600 കോടിയുടെ എഡബ്യൂ 101 ഹെലികോപ്റ്ററുകള്‍ വിഐപി, വിവിഐപി എന്നിവരുടെ യാത്രകള്‍ക്കു വാങ്ങിയതില്‍ രാഹുലിന്റെ കുടുംബം വന്‍കോഴ വാങ്ങിയതായി ഉണ്ടായ ആരോപണം രണ്ടാം ബോഫോഴ്സ് അഴിമതിയായി ഇന്ത്യന്‍ രാഷ്ട്രീയം വിലയിരുത്തുന്നു. ഇറ്റാലിയന്‍ വിമാനനിര്‍മ്മാണ കമ്പനിയായ ഫിന് മെക്കാനിയയുടെ ഉപസ്ഥാപനമായ അഗസ്റ്റാ വെസ്റ്റലാന്റ കമ്പനിമേധാവി ഗിസര്‍ ദാര്‍സി അറസ്റ്റിലായപ്പോഴാണ് ഈ അഴിുമതി ലോകം അറിഞ്ഞത്.
ഒരു കുടുംബം മുഴുവന്‍ അഴിമതിയില്‍ മുങ്ങിത്താണ് ‘ചോര്‍’ എന്ന വിളിപ്പേരിന് അര്‍ഹത നേടിയിരിക്കുമ്പോള്‍, ആ ജാള്യത മറച്ചുപിടിക്കാന്‍ മറ്റുള്ളവര്‍ക്കെതിരെ ആ പദപ്രയോഗം നടത്തിയ പ്രസ്തുത കുടുംബത്തിലെ ഇളം തലമുറക്കാരനായ രാഹുല്‍ഗാന്ധിയുടെ അവസ്ഥ ‘മേം ബന്‍ഗയാ ചോര്‍’ എന്നുപറയുന്നതിന് തുല്യമായി. മാത്രമല്ല നരേന്ദ്രമോദിയെ ചോര്‍ എന്നുവിളിക്കുവാന്‍ ശ്രമിച്ച രാഹുല്‍ തന്റെ പിതാവ് ‘ചോര്‍’ അല്ലേയല്ല എന്ന് നാടുനീളെ പറയേണ്ട പരിതാപകരമായ അവസ്ഥയിലുമായല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: