പള്ളുരുത്തി: കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനം തീരപ്രദേശത്ത് ആരംഭിച്ച ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണം നിര്‍ത്തിവെക്കാന്‍ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബദല്‍സംവിധാനം ഒരുക്കാനാണ് ഇറിഗേഷന്‍ വകുപ്പ് നീക്കം നടത്തുന്നത്. ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്റെ വീഴ്ചയാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം.
അടിയന്തിര നടപടിയെന്ന നിലയ്ക്ക് കടലാക്രമണഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന ബസ്സാര്‍, വേളാങ്കണ്ണി ഭാഗങ്ങളില്‍ ജീയോ ബാഗില്‍ മണ്ണ് നിറച്ച് താല്‍ക്കാലിക ഭിത്തി നിര്‍മിക്കാനാണ് നീക്കം. നാലു മീറ്റര്‍ വീതിയിലും രണ്ടു മീറ്റര്‍ ഉയരത്തിലും ജിയോ ബാഗില്‍ മണല്‍ നിറച്ച് താല്കാലിക ഭിത്തി കെട്ടാന്‍ പുതിയ കരാര്‍ നല്‍കിയതായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ സലീം ജന്മഭൂമിയോട് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആദ്യ ഒരാഴ്ചക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുക.
ജൂണ്‍ നാലിന് കാലവര്‍ഷം ആരംഭിക്കുമെന്നാണ് സൂചനകള്‍. കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചെലവ് പഴയ കരാറുകാരനില്‍ നിന്ന് ഈടാക്കാനാണ് ഇറിഗേഷന്‍ വകുപ്പ് നീക്കം നടത്തുന്നത്.
2018 ജനുവരിയില്‍ ആരംഭിച്ച ജിയോ കടല്‍ഭിത്തിയെന്ന നൂതന സര്‍ക്കാര്‍ ആശയമാണ് 16 മാസത്തിന് ശേഷവും പൂര്‍ത്തിയാകാതെ കിടക്കുന്നത്. സര്‍ക്കാറില്‍ സ്വാധീനമുള്ള ചിലര്‍ക്ക് കരാര്‍ നല്‍കിയാണ് ജിയോകടല് ഭിത്തി നിര്‍മാണമെന്ന് ആരംഭഘട്ടത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. 19.5 കിലോമീറ്റര്‍ വിസ്തൃതിയുള്ള ചെല്ലാനം തീരപ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നം സര്‍ക്കാര്‍ നിസാരവല്ക്കരിക്കുകയായിരുന്നുവെന്നാണ് തീരദേശ ജനതയുടെ ആക്ഷേപം. എട്ട് കോടി രൂപ കടല്‍ഭിത്തി നിര്‍മാണത്തിനായി അനുവദിച്ചുവെങ്കിലും അനാവശ്യ ചെലവുകള്‍ വരുത്തി 16 മാസങ്ങള്‍ക്കിടയില്‍ കോടികള്‍ ധൂര്‍ത്തടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: